കേരള ബ്ലാസ്റ്റേഴ്‌സ് മത്സരങ്ങള്‍ കോഴിക്കോട് നടത്തുന്നത് പരിഗണനയിലെന്ന് സി.ഇ.ഒ
കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സിന്റെ മത്സരങ്ങള്‍ കോഴിക്കോട് നടത്തുന്നത് പരിഗണനയിലെന്ന് സി.ഇ.ഒ അഭിക് ചാറ്റര്‍ജീ. ആരാധകരുടെ സൗകര്യം കൂടി പരിഗണിച്ചാണ് കളികളില്‍ ചിലത് മലബാറില്‍ നടത്തുന്നത് ആലോചിക്കുന്നത്. ബ്ലാസ്റ്റേഴ്‌സിന്റെ നിയുക്ത പരിശീലകന്‍ ദവീദ് കറ്റാലയെ ഔദ്യോഗികമായി അവതരിപ്പിക്കുന്നതിനുള്ള വാര്‍ത്തസമ്മേളനത്തിലാണ് അഭീക് ചാറ്റര്‍ജി ഇക്കാര്യം അറിയിച്ചത്.
ഇതിന് പ്രായോഗിക തടസ്സങ്ങള്‍ ഏറെയുണ്ട്. ഐ.എസ്.എല്‍ അധികൃതരുടെ അനുമതിയും ലീഗ് നിഷ്‌കര്‍ഷിക്കുന്ന തരത്തിലുള്ള വിപുലമായ സംവിധാനങ്ങളും ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. മത്സരങ്ങള്‍ മറ്റു വേദികളിലും നടത്തുന്ന കാര്യം പരിശോധിച്ചിരുന്നു.
പ്രധാനമായും രണ്ടുമൂന്നു കാര്യങ്ങളാണ് നോക്കുന്നത്. ഒന്നാമതായി, കേരള ബ്ലാസ്റ്റേഴ്‌സിന്റെ വലിയൊരു വിഭാഗം ആരാധകര്‍ അവിടെയുണ്ട്. കുറച്ചു മത്സരങ്ങള്‍ അവിടേക്കു മാറ്റുന്നത് അവരെ സംബന്ധിച്ച് വലിയൊരു സൗകര്യമായിരിക്കുമെന്നും സി.ഇ.ഒ പറഞ്ഞു.
സ്പാനിഷ് കോച്ച് ടീമിന്റെ ഹോം ഗ്രൗണ്ടായ കലൂര്‍ നെഹ്‌റു സ്റ്റേഡിയം സന്ദര്‍ശിച്ചിരുന്നു. സൂപ്പര്‍ കപ്പാണ് അദ്ദേഹത്തിന്റെ ആദ്യ ദൗത്യം. കോച്ചിന്റെ പേരെഴുതിയ മഞ്ഞക്കുപ്പായം നല്‍കിയാണ് ദവീദ് കറ്റാലയെ വരവേറ്റത്.
Summary: Kerala Blasters’ matches being considered for Kozhikode.