ഉപഭോക്താക്കള്‍ക്ക് നന്ദി; മികച്ച ശാഖയ്ക്കുള്ള മിനിസ്റ്റേഴ്‌സ് ട്രോഫി സ്വന്തമാക്കി കൊയിലാണ്ടിയിലെ കേരള ബാങ്ക്
കൊയിലാണ്ടി: കേരളത്തിലെ ഒന്നാമത്തെ ബാങ്കായി കേരള ബാങ്കിനെ ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ‘ബീ ദ നമ്പര്‍ വണ്‍’ ക്യാമ്പെയിനിന്റെ ഭാഗമായി പ്രഖ്യാപിച്ച മിനിസ്റ്റേഴ്‌സ് ട്രോഫി സ്വന്തമാക്കി കേരള ബാങ്കിന്റെ കൊയിലാണ്ടി ശാഖ. മികച്ച ബാങ്ക് ശാഖയ്ക്കുള്ള മിനിസ്റ്റേഴ്‌സ് ട്രോഫിയാണ് വയനാട് ജില്ലയിലെ കേണിച്ചിറ ശാഖയ്‌ക്കൊപ്പം കൊയിലാണ്ടി ശാഖ പങ്കിട്ടത്.
തിരുവനന്തപുരം ജില്ലയിലെ കോവളത്തുള്ള കേരള ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റ്‌സ് വില്ലേജില്‍ നടന്ന ചടങ്ങില്‍ ട്രോഫി സഹകരണ വകുപ്പ് മന്ത്രി വി.എന്‍.വാസവന്‍ സമ്മാനിച്ചു. സംസ്ഥാനത്തുടനീളം 770 ഓളം ശാഖകളാണ് കേരള ബാങ്കിനുള്ളത്. ഈ ശാഖകളെ പിന്തള്ളിയാണ് കൊയിലാണ്ടിയിലെ കേരള ബാങ്ക് പുരസ്‌കാരം നേടിയത്.
കോഴിക്കോട് ജില്ലാ സഹകരണ ബാങ്കിന്റെ പഴയ ശാഖകളിലൊന്നാണ് കൊയിലാണ്ടിയിലെ ഇപ്പോഴത്തെ കേരള ബാങ്ക് ശാഖ. നാനൂറ് കോടിയോളം ബിസിനസ് ഉണ്ട് കൊയിലാണ്ടിയിലെ കേരള ബാങ്ക് ശാഖയ്ക്ക്.
കൊയിലാണ്ടിയിലെ ജനങ്ങളും ബാങ്ക് ജീവനക്കാരും ക്യാമ്പെയിന്‍ വിജയിപ്പിക്കാന്‍ ഒറ്റക്കെട്ടായാണ് പ്രവര്‍ത്തിച്ചത്. കൃത്യമായ ആസൂത്രണത്തോടെ ബാങ്ക് ജീവനക്കാര്‍ നടത്തിയ കഠിനാധ്വാനമാണ് കൊയിലാണ്ടി ശാഖയെ വിജയത്തിലേക്ക് എത്തിച്ചതെന്ന് ബാങ്ക് അധികൃതര്‍ പറഞ്ഞു.
കേരള ബാങ്കിന്റെ മികച്ച റീജ്യനല്‍ ഓഫീസിനുള്ള പുരസ്‌കാരം കോഴിക്കോട് റീജ്യനല്‍ ഓഫീസ് നേടി. മികച്ച ക്രെഡിറ്റ് പ്രൊസസിങ് സെന്ററിനുള്ള പുരസ്‌കാരവും കോഴിക്കോടിന് തന്നെയാണ്.