കീഴ്പ്പയ്യൂരിലെ ബിജിൻ കൃഷ്ണ ഇനി ബംഗാളിലെ ജില്ലാ കളക്ടർ; നാടിന് അഭിമാനം
മേപ്പയ്യൂര്‍: കീഴ്പ്പയ്യൂര്‍ സ്വദേശിയായ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ബിജിന്‍ കൃഷ്ണയെ ബംഗാളിലെ ദക്ഷിണ്‍ ദിനാജ്പൂര്‍ ജില്ലാ കലക്ടറായി (ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ്) നിയമിച്ചു. 2012 ബാച്ച് ബംഗാള്‍ കേഡര്‍ ഉദ്യോഗസ്ഥനായ ബിജിന്‍ കൃഷ്ണ അനിമല്‍ റിസോഴ്‌സ് ഡവലപ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റ് ജോയിന്റ് സെക്രട്ടറിയായിരുന്നു. ഹൗറ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മലയാളിയായ അയേഷ റാണിക്കു പകരമാണ് ബിജിന്‍ കൃഷ്ണ ദക്ഷിണ്‍ ദിനാജ്പുര്‍ കലക്ടറായി ചുമതലയേറ്റത്.
2009 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയായ അയേഷയെ പശ്ചിമ മിഡ്‌നാപുര്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റായും ബംഗാള്‍ സര്‍ക്കാര്‍ നിയമിച്ചു. സിവില്‍ സര്‍വീസില്‍ പ്രവേശിക്കും മുന്‍പ് കോഗ്‌നിസെന്റ് ചെന്നൈ, കലിഫോര്‍ണിയ സെന്ററുകളില്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായിരുന്നു ബിജിന്‍.
കോഴിക്കോട് കീഴ്പ്പയൂര്‍ ശ്രീലകം വീട്ടില്‍ ബാലകൃഷ്ണന്‍ തണ്ടാലത്തിന്റെയും ഗീതാ കേളോത്തിന്റെയും മകനാണ്.ഭാര്യ ശ്രീസൂര്യ തിരുവോത്ത് കേരള സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍ ഫോര്‍ വുമണ്‍ സംസ്ഥാന കോ-ഓര്‍ഡിനേറ്ററാണ്. ഗോവര്‍ദ്ധന്‍, അഗ്നിവേസ് എന്നിവര്‍ മക്കളാണ്. ട്വന്റി വണ്‍ ഗ്രാംസ് എന്ന സിനിമയുടെ സംവിധായകനായ ബിബിന്‍ കൃഷ്ണ സഹോദരനാണ്.