‘പ്രതീക്ഷിച്ച വിജയം നേടാന്‍ കഴിഞ്ഞില്ല എങ്കിലും മികച്ച പ്രകടനം കാഴ്ച്ച വെയ്ക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്’; സൗത്ത് സോണ്‍ ജൂനിയര്‍ നാഷണല്‍സില്‍ അണ്ടര്‍-20 ഹൈജമ്പില്‍ വെള്ളിമെഡല്‍ കരസ്ഥമാക്കിയ കീഴരിയൂര്‍ സ്വദേശി അഫ്നാന്‍ മുഹമ്മദ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് സംസാരിക്കുന്നു


കീഴരിയൂര്‍: ‘പ്രതീക്ഷിച്ച വിജയം നേടാന്‍ കഴിഞ്ഞില്ല എങ്കിലും മികച്ച പ്രകടനം കാഴ്ച്ച വെയ്ക്കാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ട്’. 33മത് സൗത്ത് സോണ്‍ ജൂനിയര്‍ നാഷണല്‍സില്‍ അണ്ടര്‍-20 ഹൈജമ്പ് മത്സരത്തില്‍ മിന്നുന്ന പ്രകടനം കാഴ്ചവെച്ച് കേരളത്തിന് വേണ്ടി രണ്ടാം സ്ഥാനത്തോടെ വെള്ളിമെഡല്‍ കരസ്ഥമാക്കിയ കായിക പ്രതിഭ കീഴരിയൂര്‍ സ്വദേശി നഫാത്ത് അഫ്നാന്‍ മുഹമ്മദ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

സ്വര്‍ണ്ണ മെഡല്‍ നേടാനാവുമെന്ന് തന്നെ ആയിരുന്നു പ്രതീക്ഷ. മത്സരം നടക്കുന്ന സമയത്ത് നല്ല മഴയായിരുന്നു കാലാസ്ഥ പ്രതികൂലമായത് പ്രകടനത്തെ ബാധിച്ചു. എങ്കിലും 1.95 മീറ്റര്‍ ഉയരത്തില്‍ ചാടി. വെറും അഞ്ച് സെന്റീ മീറ്ററിന്റെ വ്യത്യാസത്തിലാണ് ഒന്നാം സ്ഥാനം നഷ്ടമായത്.


ആന്ധ്രാ പ്രദേശിലെ വിജയവാഡ ഗുണ്ടൂര്‍ എ.എന്‍.യു സ്റ്റേഡിയത്തിലായിരുന്നു മത്സരം നടന്നത്. ഏഴ് തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ കായിക താരങ്ങള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തത്. ഈ വിജയത്തോടെ ഭോപ്പാലില്‍ നടക്കുന്ന ദേശീയ മീറ്റിലേക്ക് മത്സരിക്കാനുള്ള അവസരം ലഭിച്ചു. അതിനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍.

തിരുവനന്തപുരത്താണ് അതിനായുള്ള പരിശീലന ക്യാമ്പ് നടക്കുന്നത്. സായിലെ പരിശീലകനായ രഘുറാം സാറിന്റെ കീഴിലാണ് പരിശീലനം. ഈ മത്സരത്തില്‍ നല്ല പ്രകടനം കാഴ്ച്ച വെക്കണം അതിനായുള്ള തീവ്ര ശ്രമത്തിലാണ് ഇപ്പോളെന്നും അഫ്‌നാന്‍ പറഞ്ഞു.

സ്‌കൂള്‍ കാലം മുതലാണ് മത്സങ്ങളില്‍ പങ്കെടുത്ത് തുടങ്ങിയത് അന്ന് ഹഡില്‍സിലും മറ്റും പങ്കെടുത്തിരുന്നു പിന്നീട് ഹൈജമ്പിലേക്ക് മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. ഇതിനോടകം തന്നെ നിരവധി മത്സരങ്ങളില്‍ പങ്കെടുക്കുകയും മെഡല്‍ നേടുകയും ചെയ്തിട്ടുണ്ട്.

32ാമത് സൗത്ത് സോണ്‍ ജൂനിയര്‍ നാഷണല്‍സില്‍ വെള്ളിമെഡല്‍, കേരള സ്റ്റേറ്റ് ജൂനിയര്‍ അത് ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ മൂന്ന് തവണ സ്വര്‍ണ്ണം, കഴിഞ്ഞ വര്‍ഷം നടന്ന ഇന്റര്‍ ക്ലബ്ബ് അത് ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി എന്നിവ പ്രധാനപ്പെട്ട നേട്ടങ്ങളാണ്‌

കോഴിക്കോട് ദേവഗിരി കോളജില്‍ ബി.കോം ഫിനാന്‍സ് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ്. കോഴിക്കോട് സായ് (സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ) പരിശീലനം നടത്തി വരുകയാണ്. കീഴരിയൂര്‍ പഞ്ചായത്തില്‍ അനഫാത്ത് ആണ് വീട്. ഉപ്പ മുന്‍കാല ബോളിബോള്‍ താരമായ അബ്ദുള്‍ നാസര്‍, ഉമ്മ സുജറി, സഹോദരങ്ങള്‍ ഹാസിന്‍, അല്‍മിയ.

നവംബറില്‍ നടക്കാനിരിക്കുന്ന ദേശീയ മീറ്റില്‍ മികവുറ്റ പ്രകടനം കാഴ്ച്ചവെക്കാനുള്ള കാത്തിരിപ്പിലാണ് അഫ്‌നാനും കുടുംബവും കീഴരിയൂരിലെ നാട്ടുകാരും. ഒപ്പം പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെയും ആശംസകള്‍.

summary: keezhariyur native nafath afnan muhammed wins silver medal in under 20 south zone junior national talk to perambra news.com