25 വർഷക്കാലം നീണ്ട ഭാഷാ ബോധനം ; മികച്ച അധ്യാപകൻ, കവി, സാഹിത്യ നിരൂപകൻ അങ്ങനെ നീളുന്നു കാര്യാവിൽ രാധാകൃഷ്ണൻ മാസ്റ്ററിന്റെ കാവ്യ ജീവിതം..
കൊയിലാണ്ടി :പരന്ന വായനയിലൂടെ ലഭിച്ച അറിവ്, സാഹിത്യ രംഗത്ത് തന്റേതായ ഇടം കണ്ടെത്തിയ വ്യക്തിത്വം, ഭാഷാ സാഹിത്യ കാര്യങ്ങളിലുള്ള അഗാധ പാണ്ഡിത്യം എന്നിവയിലൂടെ വേറിട്ട ഒരു അധ്യാപന സാധ്യത തുറന്നെടുത്ത കാര്യാവിൽ രാധാകൃഷ്ണൻ മാഷിന്റെ വിയോഗം ഭാഷാ സ്‌നേഹികള്‍ക്ക് വലിയ നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്.
വടകര ബി. ഇ. എം എച്ച്. എസ്. എസ് ൽ അധ്യാപകനായും പ്രധാന അധ്യാപകനായും സേവനമനുഷ്ഠിച്ചു. മലബാര്‍ ക്രിസ്ത്യന്‍ കോളജ് എച്ച്. എസ്. എസ് കോഴിക്കോട് ,സി. എം. എസ് ഹൈസ്‌കൂള്‍ അരപ്പറ്റ ,വയനാട് ,
എന്നിവിടങ്ങളിലും അധ്യാപകനായി ജോലി ചെയ്തിട്ടുണ്ട്.
യുവജനോത്സവ വേദികളില്‍ ഭാഷാ സംബന്ധമായ മത്സരങ്ങളില്‍ വിധികര്‍ത്താവായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കാച്ചിക്കുറുക്കിയ പദാവലികളിലൂടെ സൃഷ്ടിച്ചെടുത്ത ഒട്ടേറെ കാവ്യ ബിംബങ്ങള്‍ അഞ്ചോളം പുസ്തകങ്ങളായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
സിദ്ധാര്‍ത്ഥന്‍ ഒന്നും സംസാരിക്കുന്നില്ല എന്നതായിരുന്നു ആദ്യ കവിതാ പുസ്തകം.നിരവധി പുരസ്‌കാരങ്ങള്‍
ഈ കവിതാ സമാഹാരത്തിന് ലഭിച്ചു.അധ്യാപക കലാ സാഹിത്യ വേദി സംസ്ഥാന കവിതാ പുരസ്‌കാരം ,കോഴിക്കോട് ജില്ലാ ഡയറ്റ് കവിതാ പുരസ്‌കാരം എന്നിവ അവയില്‍ ചിലതാണ്. അവസാനമായി പുറത്തിറങ്ങിയത് വലുതായില്ല ചെറുപ്പം
എന്ന കവിതാ സമാഹാരമാണ്.
വൃക്കസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മാസ്റ്ററിന്റെ അന്ത്യം.
ഭാര്യ: രോഹിണി ടീച്ചര്‍ ( Rtd HM കാപ്പാട് GMUPS), മക്കള്‍: സ്വരാഗ് ജിഷ്ണു.ആര്‍. (റിസര്‍ച്ച് സ്‌കോളര്‍ & അസിസ്റ്റന്റ് പ്രൊഫസര്‍).മരുമകള്‍: ആര്‍ദ്ര .
അന്തരിച്ച ഭാഷാപണ്ഡിതന്‍ കാര്യാവില്‍ ചന്ദ്ര ശേഖരന്‍ മാസ്റ്റര്‍, കുമാരന്‍ നായര്‍, പു ക സ പ്രവര്‍ത്തകനായ കാര്യാ വില്‍ രാജഗോപാലന്‍ എന്നിവര്‍ സഹോദരങ്ങളാണ്.
സംസ്കാരം ഇന്ന് വൈകിട്ട് 5 മണിക്ക് വീട്ടുവളപ്പിൽ നടക്കും.