തീരദേശ റോഡ് നന്നാക്കാന്‍ ഇനിയും കാത്തിരിക്കണം; കടല്‍ക്ഷോഭത്തെ പ്രതിരോധിക്കാനുള്ള നടപടിയ്ക്കുശേഷം മാത്രം അറ്റകുറ്റപ്പണിയെന്ന് അധികൃതര്‍


കാപ്പാട് : 2021 ലെ ടൗട്ടെ ചുഴലിക്കാറ്റ് കവര്‍ന്നെടുത്ത കാപ്പാട് തീരദേശ റോഡ് ഇനിയും പുതുക്കി പണിതിട്ടില്ല. റോഡില്‍ വലിയ ഗര്‍ത്തങ്ങള്‍ ഉണ്ടാവുകയും മഴക്കാലം ആയതോടെ റോഡില്‍ കൂടി നടക്കാന്‍ കഴിയാത്ത അവസ്ഥയിലുമാണ്. സ്ഥലം സന്ദര്‍ശിച്ച പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് റോഡ് എത്രയും വേഗം നവീകരിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലുംതുടര്‍ നടപടികള്‍ ഉണ്ടായില്ല.

മഴക്കാലം വന്നതോടെ റോഡിലൂടെയുള്ള വാഹന ഗതാഗതം താറുമാറായ അവസ്ഥയിലാണ്. ചുഴലിക്കാറ്റ് കഴിഞ്ഞതിന് പിന്നാലെ പ്രദേശത്തെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ഇടപെട്ട് വലിയ പാറക്കല്ലുകള്‍ റോഡില്‍ നിന്ന് മാറ്റി താല്‍ക്കാലികമായി റോഡ് ഗതാഗത യോഗ്യമാക്കിയിരുന്നു. എന്നാല്‍ ഇതിനുശേഷം റോഡില്‍ മറ്റ് അറ്റകുറ്റപ്പണിയൊന്നും നടത്തിയിട്ടില്ല. ഇതില്‍ പ്രതിഷേധത്തിലാണ് പ്രദേശവാസികള്‍.

നിലവിലെ സാഹചര്യത്തില്‍ റോഡ് അറ്റക്കുറ്റപ്പണി നടത്തിയാലും കടല്‍ക്ഷോഭം തുടരുന്ന സാഹചര്യത്തില്‍ അധികാകാലം റോഡിന് ആയുസ് ഉണ്ടാവുകയില്ലെന്നും അതിനാലാണ് പുതുക്കി പണിയല്‍ വൈകുന്നതെന്നും കൊയിലാണ്ടി എം.എല്‍.എ ജമീല കാനത്തില്‍ പറഞ്ഞു.

സംസ്ഥാന സര്‍ക്കാര്‍ കടലാക്രമണം നേരിടുന്ന 15 ഹോട്ട്‌സ്‌പോട്ടുകളില്‍ ഒന്നാണ് കാപ്പാട് തീരം. കഴിഞ്ഞദിവസം ഇവിടെ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശ പ്രകാരം വിദഗ്ധ സംഘം പരിശോധന നടത്തിയിരുന്നു. കടല്‍ക്ഷോഭം രൂക്ഷമായ ഇവിടെ ചെല്ലാനം മോഡല്‍ കടല്‍ഭിത്തി നിര്‍മ്മാണമോ പുലിമുട്ട് നിര്‍മ്മാണമോ ഉടന്‍ ആരംഭിക്കുവാനാണ് ആലോചിക്കുന്നത്. തുടര്‍ന്ന് തയ്യാറാക്കിയ റിപ്പോര്‍ട്ട് ഉടന്‍ തന്നെ സര്‍ക്കാരില്‍ സമര്‍പ്പിക്കുമെന്നും തുടര്‍ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിടുന്നതായും എം.എല്‍.എ അഭിപ്രായപ്പെട്ടു.

അത്ര രൂക്ഷമല്ലാത്ത കടലാക്രമണ ഭീഷണി നേരിടുന്ന സ്ഥലങ്ങളായ ഹാര്‍ബര്‍ മുതല്‍ കാപ്പാട് വരെയുള്ള ഭാഗം റോഡ് പുനര്‍ നിര്‍മിക്കാന്‍ ഫണ്ട് അനുവദിക്കുമെന്ന് തീരസദസ്സില്‍ ഫിഷറീസ് വകുപ്പ് മന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും എം.എല്‍.എ അറിയിച്ചു.