കൊയിലാണ്ടിയ്ക്കുമുണ്ട് സ്വന്തമായി ഒരു ‘കാന്താര’; നിതീഷ് പെരുവണ്ണാന്‍ തിറയാടി, നിതീഷ് സാരംഗി ദൃശ്യങ്ങള്‍ പകര്‍ത്തി- ഫ്രയിം വെഡ്ഡിങ് കമ്പനിയുടെ കാന്താരാ വീഡിയോ കാണാം


കൊയിലാണ്ടി: അടുത്തിടെ തിയേറ്ററുകളിലെത്തിയ കന്നട ചിത്രം കാന്താരാ ഏറെ ശ്രദ്ധനേടിയിരുന്നു. പ്രത്യേകിച്ച് തെയ്യത്തിന്റെയും തിറയുടെയും പാരമ്പര്യമുള്ള മലബാറില്‍ കാന്താരയ്ക്ക് ആരാധകര്‍ ഏറെയുണ്ടായിരുന്നു. അത്തരമൊരു ആരാധയില്‍ നിന്നും ഒരു കുഞ്ഞു ‘കാന്താരാ’ വീഡിയോ രൂപം കൊണ്ടിരിക്കുകയാണിപ്പോള്‍.

തെയ്യം കലാകാരനും കാവുംവട്ടം സ്വദേശിയുമായ നിതീഷ് പെരുവണ്ണാനാണ് ഈ വീഡിയോയ്ക്കുവേണ്ടി തെയ്യം കെട്ടിയാടിയത്. കൊയിലാണ്ടി സ്വദേശിയായ നിതീഷ് സാരംഗിയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. പേരാമ്പ്ര സ്വദേശി വിപിന്റെ എഡിറ്റിങ്ങും കൂടിയായപ്പോള്‍ സംഗതി ഗംഭീരമായി.

കാന്താര സിനിമ കണ്ട് തോന്നിയ ഇഷ്ടമാണ് ഇത്തരമൊരു വീഡിയോ ചെയ്യാന്‍ പ്രേരണയായതെന്ന് നിതീഷ് സാരംഗി കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. ഉത്സവാന്തരീക്ഷം തോന്നിക്കാന്‍ നടുവത്തൂരില്‍ ഒരിടത്ത് സെറ്റിട്ട് ഒരുക്കിയതാണെന്നും ഒരു ദിവസംകൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കിയെന്നും അദ്ദേഹം പറഞ്ഞു.

ഫ്രയിം വെഡ്ഡിങ് എന്ന വെഡ്ഡിങ് കമ്പനിക്കുവേണ്ടിയാണ് ഈ വീഡിയോ ഒരുക്കിയത്. രണ്ട് മൂന്ന് ദിവസംകൊണ്ട് എഡിറ്റിങ് ജോലികള്‍ കഴിഞ്ഞു. ഒരു പ്രമോ എന്ന നിലയില്‍ 30 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ ആണ് ഇപ്പോള്‍ പുറത്തുവിട്ടത്.

സോഷ്യല്‍ മീഡിയയില്‍ നിന്നും പുറത്ത് നിന്നുമെല്ലാം മികച്ച പ്രതികരണമാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. അടുത്തുതന്നെ ഒരുമിനിറ്റോളം ദൈര്‍ഘ്യമുള്ള മറ്റൊരു വീഡിയോ കൂടി പുറത്തുവിടുമെന്നും നിതീഷ് പറഞ്ഞു.
വീഡിയോ-