പൊയിൽക്കാവ് യു.പി സ്കൂളിലെ നിറഞ്ഞ സദസ്സിനെ അമ്പരപ്പിച്ച് എട്ട് വയസുകാരന്റെ പ്രസംഗം; എഴുപതിന്റെ നിറവില്‍ കന്മന ശ്രീധരൻ മാസ്റ്ററുടെ പ്രഭാഷണ ജീവിതം
എ.സജീവ്കുമാർ
കൊയിലാണ്ടി: പൊയിൽക്കാവ് യു പി സ്കൂളിലെ വേദിയിലും സദസ്സിലും ഇരിക്കുന്നവർ എല്ലാം അമ്പരപ്പോടെ പരസ്പരം നോക്കി, അവരുടെയെല്ലാം കണ്ണുകളിൽ അമ്പരപ്പും ആശ്ചര്യവും നിറഞ്ഞുനിന്നിരുന്നു. എന്നാൽ ഇതൊന്നും ശ്രദ്ധിക്കാതെ ആ എട്ടുവയസുകാരൻ പ്രസംഗത്തിൽ കത്തിക്കയറി. സഭാകമ്പമേതുമില്ലാതെ വാക്കുകൾ കൊണ്ട് അമ്മാനമാടുന്ന, അനായാസം ആളുകളുടെ ഹൃദയം കീഴടക്കുന്ന അവനെ അവിടുത്തെ പല പ്രമുഖരും നോട്ടമിട്ടു. പ്രസംഗത്തിൽ ഇവനൊരു പുലിയാകുമെന്നു അവരുടെ ഹൃദയങ്ങൾ മന്ത്രിച്ചിരിക്കാം…
പ്രസംഗം അവസാനിച്ചു വന്നയുടനെ അധ്യാപകനും അമ്മാവനുമായ കണ്യത്ത് കൃഷ്ണൻ മാസ്റ്റർ തൻ്റെ സഞ്ചിയിൽ നിന്ന് വള്ളത്തോളിൻ്റെ സാഹിത്യമഞ്ജരി എടുത്ത് കുട്ടിക്ക് കൊടുത്തു. ഇത് വായിച്ച് അടുത്ത പ്രസംഗം ഇതിനെ കുറിച്ചാകട്ടെ എന്ന് പറഞ്ഞു. അങ്ങനെ ബാല്യത്തിൽ തന്നെ പ്രസംഗ കലയിൽ തന്റെ കഴിവ് തെളിയിച്ച ഈ കഥ നായകന്റെ പേര് കന്മന ശ്രീധരൻ. സ്കൂളിൽ നടന്ന സാഹിത്യ സമാജമായിരുന്നു ഈ രംഗങ്ങൾക്ക് സാക്ഷ്യം വഹിച്ച വേദി.
വിഷയം രാഷ്ട്രീയമാണെങ്കിലും സാഹിത്യവും സംസ്ക്കാരവും കലർത്താതെ കന്മനക്ക് പ്രസംഗിക്കാൻ കഴിയില്ല.എം മുകുന്ദനും ഇബ്രാഹിം വെങ്ങരയും ജഗതി എൻ കെ ആചാരിയും വി പനോളിയുമെല്ലാം പ്രശ്നങ്ങളേയും ആളുകളേയുമെല്ലാം സൂക്ഷ്മതയോടെ നോക്കി പഠിച്ച് പ്രസംഗിക്കുന്ന കന്മനയുടെ രീതിയെക്കുറിച്ച് പരസ്യമായി അനുമോദിച്ചിട്ടുണ്ട്. നാട്ടിലും കന്മനയുടെ പ്രസംഗത്തിനായി ആളുകൾ കാത്തിരിക്കുമായിരുന്നു. ഒൻപതാം ക്ലാസിൽ പഠിക്കുമ്പോൾ കെ എസ് എഫിൻ്റെ താലൂക്ക് ജോസെക്രട്ടറി എന്ന നിലയിൽ പേരാമ്പ്രയിലും ബാലുശ്ശേയിലുമടക്കം താലൂക്കിൻ്റെ വിവിധ ഭാഗങ്ങളിൽ പ്രസംഗിക്കാനാരംഭിച്ചു.
ശ്രീധരൻ മാഷാണ് മലയാളം ക്ലസ്സെടുക്കുന്നതെങ്കിൽ അടുത്ത ക്ലാസ്സുകളിൽ നിന്ന് പോലും കുട്ടികൾ വാതിലിനു പുറത്തു ഒളിച്ചു നിന്ന് ക്ലാസ് കേൾക്കാൻ നിൽക്കുമെന്ന് മറ്റധ്യാപർ ഇപ്പോഴും പറയുമായിരുന്നു. ജില്ലയിലെ കായിക, കലാമേളയിൽ വർഷങ്ങളോളം ചീഫ് അനൗൺസറായിരുന്നു ഇദ്ദേഹം. മത്സരങ്ങളിൽ യഥാർത്ഥ ഉന്മേഷം നിറപ്പിക്കുന്ന കന്മനയുടെ അനൗൺസ്മെമെൻറ് കേൾക്കാൻ മാത്രം അനേകം ജനങ്ങളെത്തിയിരുന്നു.
കന്മനയുടെ പ്രസംഗം കേട്ട് പ്രമുഖർ എഴുനേറ്റു നിന്ന് നമസ്കരിച്ചു സംഭവങ്ങളുമുണ്ടായിട്ടുണ്ട്. കൊണ്ടം വള്ളി കുഞ്ഞികൃഷ്ണമാരാർക്ക് മേളാചാര്യ പദവി ലഭിച്ചപ്പോൾ കൊണ്ടം വള്ളിയിലും അരയങ്കാവിലും നൽകിയ സ്വീകരണത്തിൽ മേളം പ്രായോഗിമായി അറിയാത്ത കന്മന മേളത്തെ കുറിച്ച് പ്രസംഗിച്ചതു കേട്ട് മട്ടന്നൂർ ശങ്കരൻ കുട്ടി എഴുന്നേറ്റ് നിന്ന് ഒരു പാടു സമയം കൈകൂപ്പി നിന്നത് അദ്ദേഹത്തിൻ്റെ പ്രഭാഷണത്തിൻ്റെ പ്രാധാന്യമായിരുന്നു. അത്തരത്തിൽ മറ്റൊരു സംഭവുമുണ്ടായി. ഗുരു ചേമഞ്ചേരി ആരംഭിച്ച ചേലിയ കഥകളി വിദ്യാലയത്തിൻ്റെ ഗവർണർ പങ്കെടുത്ത ഉദ്ഘാടന പരിപാടിയിൽ കന്മനയുടെ നന്ദി പ്രസംഗം കേട്ട ഗുരു ഗോപിനാഥ് വേദിയിൽ വന്ന് ബൊക്കെ നൽകി ആദരിക്കുകയുണ്ടായി.
വർഷങ്ങൾക്കു മുൻപ് ദേശാഭിമാനി എഡിറ്റോറിയൽ പേജിൽ കന് മന സ്ഥിരമായി എഴുതാറുണ്ടായിരുന്നു. ഭഗത് സിംഗിനെ കുറിച്ച് വന്ദേമാതരത്തിൽ നിന്ന് ഇങ്ക്വിലാബിലേക്ക് എന്ന ലേഖനം ഏറെ ശ്രദ്ധിക്കപ്പെട്ടു. അധ്യാപകൻ,രാഷ്ടീയ നേതാവ്, മുൻ പഞ്ചായത്ത് പ്രസിഡൻ്റ്, സാംസ്ക്കാരിക പ്രവർത്തകൻ, പ്രഭാഷകൻ, പ്രാസംഗികൻ, എഴുത്തുകാരൻ, അനൗൺസർ തുടങ്ങി വേറിട്ട മേഖലകളിൽ തന്റെ വ്യക്തി മുദ്ര പതിപ്പിക്കുവാൻ കന്മനയ്ക്ക് സാധിച്ചു.