ഗജവീരന്മാരുടെ അകമ്പടിയോടെയുള്ള കുടമാറ്റം, 25ലധികം നര്‍ത്തകികള്‍ അവതരിപ്പിക്കുന്ന വിവിധ നൃത്തരൂപങ്ങള്‍; കാഞ്ഞിലശ്ശേരി ക്ഷേത്ര ശിവരാത്രി മഹോത്സവത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി
കൊയിലാണ്ടി: കാഞ്ഞിലശ്ശേരി ക്ഷേത്ര ശിവരാത്രി മഹോത്സവം ഗംഭീരമാക്കാനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. കുടമാറ്റം ഉള്‍പ്പെടെ ഒട്ടേറെ പുതുമകളോടെയാണ് ഇത്തവണത്തെ ആഘോഷം.
മലക്കെഴുന്നെള്ളിപ്പു ദിവസം മാര്‍ച്ച് 7 ന് 111 വാദ്യകലാകാരന്മാര്‍ അണിനിരക്കുന്ന ആലിന്‍ കീഴ് മേളം, ലാക്ഷണിക സൗന്ദര്യം ഒത്തിണങ്ങുന്ന ഗജവീരന്മാരുടെ അകമ്പടിയില്‍ നടക്കുന്ന കുടമാറ്റം എന്നിവ ഭക്തര്‍ക്ക് മനോഹരമായ കാഴ്ച സമ്മാനിക്കും. ശിവരാത്രി മഹോത്സവ വേളയില്‍ മഹാദേവന്റെ പേരില്‍ പ്രതിഭാശാലികള്‍ക്ക് മൃത്യുഞ്ജയ പുരസ്‌കാരം നല്‍കി ആദരിക്കാറുണ്ട്. ഇത്തവണത്തെ പുരസ്‌കാരം ഗാനകോകിലം കേരള ഡോ. വൈക്കം വിജയലക്ഷ്മിയ്ക്കാണ്. സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പുരസ്‌കാര ദാന പരിപാടിയില്‍ സംബന്ധിക്കും.
2024 മാര്‍ച്ച് 6 ന് ഡോ. വൈക്കം വിജയലക്ഷ്മി നയിക്കുന്ന ഗാനമേള ആഘോഷപരിപാടികളില്‍ സവിശേഷ പ്രാധാന്യമുള്ളതാണ്. ശിവരാത്രി ദിവസം രാവിലെ 10 മണി മുതല്‍ വൈകീട്ട് 5 മണി വരെ അഖണ്ഡ നൃത്താര്‍ച്ചന അരങ്ങേറുന്നു. 25 ലധികം നര്‍ത്തകികള്‍ ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി, കേരള നടനം, കഥക്, ഒഡീസ്സി, ഗുജറാത്തി നൃത്തരൂപങ്ങള്‍ നാട്യമണ്ഡപത്തില്‍ അവതരിപ്പിക്കും.
മാര്‍ച്ച് 3 ന് നടക്കുന്ന ഭക്തജന സംഗമം ആഘോഷ പരിപാടികളിലെ മറ്റൊരു വൈവിധ്യമാണ്. മാര്‍ച്ച് 7, 8 തിയ്യതികളില്‍ നടക്കുന്ന ഉത്സവ സദ്യയില്‍ പതിനായിരം പേര്‍ പങ്കെടുക്കും. കൂടാതെ വിവിധ ദിവസങ്ങളില്‍ ഓട്ടന്‍ തുള്ളല്‍, ചാക്യാര്‍ കൂത്ത്, മത്തവിലാസം കൂത്ത്, നൃത്ത സദസ്സുകള്‍, നാടകം, സിനിമാറ്റിക് നൃത്തം, ഭജന്‍സ് എന്നിവ ആഘോഷ പരിപാടികളെ ആഹ്ലാദഭരിതമാക്കും.
ശിവരാത്രി മഹോത്സവ പരിപാടികള്‍ പൂര്‍ണ്ണമായും ഹരിത നിയമാവലി അനുസരിച്ചാണ് നടക്കുന്നത്. ലഹരി ഉപയോഗത്തിനെതിരെയുള്ള ബോധവല്ക്കരണത്തിന്റെ ഭാഗമായി 200 ഓളം വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന സ്‌പോര്‍ട്ട്‌സ് ഡിസ്‌പ്ലേ ആഘോഷ പരിപാടികള്‍ക്ക് സാമൂഹ്യമാനം നല്കും.
ഡോക്ടര്‍ എന്‍. വി. സദാനന്ദന്‍ ജനറല്‍ കണ്‍വീനറും, ഉണ്ണികൃഷ്ണന്‍ വസുദേവം ചെയര്‍മാനുമായി 151 അംഗ സംഘാടക സമിതിയാണ് ഉത്സവാഘോഷ പരിപാടികളുടെ ചുക്കാന്‍ പിടിക്കുന്നത്. ക്ഷേത്രം മേല്‍ശാന്തി പുരുഷോത്തമന്‍ നമ്പൂതിരി, ദേവസ്വം ജീവനക്കാര്‍ എന്നിവരും പ്രവര്‍ത്തനങ്ങളില്‍ ഏക മനസ്സായി കൈ കോര്‍ക്കുന്നു.
ശിവരാത്രി മഹോത്സവത്തിന്റെ ബ്രോഷര്‍ പ്രകാശനം കാനത്തില്‍ ജമീല എം.എല്‍.എ മേല്‍ശാന്തി പുരുഷോത്തമന്‍ നമ്പൂതിരിക്ക് നല്‍കി പ്രകാശനം ചെയ്തു. പ്രസ് ക്ലബ്ബില്‍ ഇതുസംബന്ധിച്ച് നടന്ന വാര്‍ത്താസമ്മേളനത്തില്‍ കാനത്തില്‍ ജമീല എം.എല്‍.എ, ഉത്സവാഘോഷകമ്മിറ്റി ചെയര്‍മാന്‍ ഉണ്ണിക്കൃഷ്ണന്‍ വസുദേവം, ജനറല്‍ കണ്‍വീനര്‍ ഡോ.എന്‍.വി സദാനന്ദന്‍, ക്ഷേത്രം മേല്‍ശാന്ത പുരുഷോത്തമന്‍ നമ്പൂതിരി, യു കെ.രാഘവന്‍ മാസ്റ്റര്‍, ഇ.അനില്‍ കുമാര്‍, രഞ്ജിത്. കുനിയില്‍, വിനീത് തച്ചനാടത്ത്, ചന്ദ്രശേഖരന്‍ മാത്യച്ഛായ എന്നിവര്‍ പങ്കെടുത്തു.