വാദ്യകലാകാരൻ കാഞ്ഞിലശ്ശേരി പത്മനാഭന് വീരശൃംഖല സമര്‍പ്പണം ഞായറാഴ്ച, നിരവധി കലാകാരന്മാരെയും ആദരിക്കും; ഒപ്പം വിവധ കലാപരിപാടികളും
കൊയിലാണ്ടി: വാദ്യകലാ വിദഗ്ധന്‍ കാഞ്ഞിലശ്ശേരി പത്മനാഭന് വീരശൃംഖല സമര്‍പ്പണം സെപ്റ്റംബര്‍ 10 ഞായറാഴ്ച നടക്കും. ഇതോടനുബന്ധിച്ച് കാഞ്ഞിലശ്ശേരി മിനി സ്‌റ്റേഡിയത്തില്‍ രാവിലെ ഒന്‍പത് മുതല്‍ രാത്രി 10 മണി വരെ നീളുന്ന വിവിധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
രാവിലെ ഒന്‍പത് മണിക്ക് മട്ടന്നൂര്‍ ശ്രീകാന്ത്, മട്ടന്നൂര്‍ ശ്രീരാജ് എന്നിവര്‍ ചെണ്ടയിലും, കോട്ടക്കല്‍ രവി, അരുണ്‍ദേവ് വാര്യര്‍ എന്നിവര്‍ മദ്ദളത്തിലും ഇരട്ടക്കേളി അവതരിപ്പിക്കും. 10 മണിക്ക് ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി ഗുരു വന്ദനം ചടങ്ങിന് ദീപം തെളിയിക്കും.
ചടങ്ങില്‍ പോലൂര്‍ രാധാകൃഷ്ണ മാരാര്‍, ചാലില്‍ മാധവ മാരാര്‍, തിരുവളളൂര്‍ രാമകൃഷ്ണ മാരാര്‍, കോട്ടയ്ക്കല്‍ ഉണ്ണികൃഷ്ണന്‍ മാരാര്‍, ശിവദാസ് ചേമഞ്ചേരി, യു.കെ.രാഘവന്‍, തൃക്കുറ്റിശ്ശേരി ശിവശങ്കര മാരാര്‍, ബാബു കാഞ്ഞിലശ്ശേരി, കാഞ്ഞിലശ്ശേരി അച്ചുതന്‍ മാരാര്‍, കാഞ്ഞിലശ്ശേരി ദാമോദരന്‍ നായര്‍, കാഞ്ഞിലശ്ശേരി ഗോപാലകൃഷ്ണന്‍, ശ്രീധരന്‍ തിരുവങ്ങൂര്‍ എന്നിവരെ ആദരിക്കും.
തുടര്‍ന്ന് അമ്പലപ്പുഴ വിജയകുമാര്‍, വിപിന്‍ കുമാര്‍ കോന്നി എന്നിവരുടെ സോപാന സംഗീതം. 11.30 ന് പോരൂര്‍ ഉണ്ണികൃഷ്ണന്‍, കല്‍പ്പാത്തി ബാലകൃഷ്ണന്‍, കലാനിലയം ഉദയന്‍ നമ്പൂതിരി, ശുകപുരം ദിലീപ്, ചിറയ്ക്കല്‍ നിധീഷ് എന്നിവര്‍ അവതരിപ്പിക്കുന്ന പഞ്ചതായമ്പക. 1.30 ന് നാദസ്വര കച്ചേരി. മൂന്ന് മണിക്ക് കരിയന്നൂര്‍ നാരായണന്‍ നമ്പൂതിരി, കോട്ടയ്ക്കല്‍ രവി, തിച്ചൂര്‍ മോഹനപ്പൊതുവാള്‍, മച്ചാട് മണികണ്ഠന്‍, മുണ്ടത്തിക്കോട് സന്തോഷ് എന്നിവരുടെ പഞ്ചവാദ്യം.
വൈകീട്ട് അഞ്ച് മണിക്ക് കാഞ്ഞിലശ്ശേരി പത്മനാഭന് വീരശൃംഖല മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി മാരാര്‍ സമര്‍പ്പിക്കും. ഡോ.ഉദയാള്‍പുരം കെ.ശിവരാമന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര താരം മനോജ് കെ. ജയന്‍ ഉപഹാരം സമര്‍പ്പിക്കും. രാത്രി ഏഴിന് ചലച്ചിത്ര താരം രചന നാരായണന്‍കുട്ടി അവതരിപ്പിക്കുന്ന കുച്ചുപ്പുടി നട്ടുവമേളം, രാജേഷ് ചേര്‍ത്തലയുടെ ഫ്‌ളൂട്ട് ഫ്യൂഷന്‍ എന്നിവ ഉണ്ടാകും.