ലക്ഷ്യ സ്റ്റാന്റേര്‍ഡിലുള്ള പ്രസവവാര്‍ഡും കുട്ടികളുടെ ഐ.സി.യുവും അടക്കമുള്ള അത്യാധുനിക സൗകര്യങ്ങളുണ്ട്, ജനങ്ങള്‍ക്ക് ഉപകാരപ്രദമാകാത്തത് വേണ്ടത്ര ഡോക്ടര്‍മാരില്ലാത്തതിനാല്‍; കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ജീവനക്കാരുടെ കുറവ് നിയമസഭയില്‍ ഉന്നയിച്ച് കാനത്തില്‍ ജമീല എം.എല്‍.എ
കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ വേണ്ടത്ര ഡോക്ടര്‍മാരുടെയും മറ്റ് ജീവനക്കാരുടെയും സേവനം ലഭ്യമാക്കണമെന്ന് കാനത്തില്‍ ജമീല എം.എല്‍.എ നിയമസഭയില്‍ ആവശ്യപ്പെട്ടു. സഭയില്‍ സബ്മിഷന്‍ ആയാണ് എം.എല്‍.എ ഈ വിഷയം ഉന്നയിച്ചത്.
കൊയിലാണ്ടി താലൂക്കില്‍പ്പെടുന്ന പഞ്ചായത്തുകളും നഗരസഭകളും തീരദേശ മേഖലയില്‍ അധിവസിക്കുന്ന മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെ ആയിരങ്ങള്‍ ചികിത്സ തേടിയെത്തുന്ന ആശുപത്രിയാണിത്. പ്രസവശുശ്രൂഷകള്‍ക്കായി ലക്ഷ്യ സ്റ്റാന്റേര്‍ഡിലുള്ള സംവിധാനങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. എന്നാല്‍ നിലവില്‍ രണ്ട് ഗൈനക്കോളജിസ്റ്റുകള്‍ മാത്രമാണ് ഉള്ളത്. മൂന്ന് ഡോക്ടര്‍മാരുടെ കൂടി സേവനം ലഭ്യമാക്കിയാല്‍ മാത്രമേ മുഴുവന്‍ സമയം ഗൈനക്കോളജിസ്റ്റിന്റെ സേവനം നല്‍കാന്‍ കഴിയൂവെന്നാണ് എം.എല്‍.എ അറിയിച്ചത്.
നവജാതശിശുക്കളുടെ പരിചരണത്തിനുള്ള സംവിധാനവും പീഡിയാട്രിക് ഐ.സി.യുവും ആശുപത്രിയില്‍ സജ്ജമാണ്. എന്നാല്‍ ആവശ്യത്തിന് പീഡിയാട്രീഷ്യന്‍ മാരുടെ സേവനം ഇല്ലാത്തതിനാല്‍ ഈ സംവിധാനങ്ങള്‍ ജനങ്ങള്‍ക്ക് ഉപയോഗപ്പെടുന്നില്ലെന്നും കാനത്തില്‍ ജമീല ചൂണ്ടിക്കാട്ടി.
കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ മാനസിക ആരോഗ്യപരിപാടികള്‍ നടപ്പിലാക്കുന്നുണ്ട്. ഇവിടെ നിന്നുള്ള റഫറന്‍സ് കൈകാര്യം ചെയ്യുന്നതിന് താലൂക്ക് ആശുപത്രികളില്‍ സൈക്യാര്‍ട്രിക് ഡിപ്പാര്‍ട്ട്‌മെന്റ് ആവശ്യമാണ്. ഇതിനുള്ള സൈക്യാര്‍ട്രിസ്റ്റ് പോസ്റ്റ് ഉണ്ടാക്കേണ്ടതുണ്ടെന്നും അവര്‍ ശ്രദ്ധയില്‍പ്പെടുത്തി.
പ്രസവ ചികിത്സയ്ക്ക് ലക്ഷ്യ പദ്ധതി ആധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. ഡയാലിസിസ് സെന്റര്‍, മൂന്നുകോടി ചെലവഴിച്ച് സ്ഥാപിച്ച സി.ടി സ്‌കാന്‍ തുടങ്ങിയ സൗകര്യങ്ങളെല്ലാം ഈ ആശുപത്രിയില്‍ ഒരുക്കിയിട്ടുണ്ട്. എന്നാല്‍ ആവശ്യത്തിന് ഡോക്ടര്‍മാരും സ്റ്റാഫുമില്ലാത്തതിനാല്‍ ഈ കാര്യങ്ങളൊന്നും തന്നെ വേണ്ടരീതിയില്‍ നടത്താന്‍ കഴിയുന്നില്ല. ഇവിടെ ഈ സംവിധാനങ്ങള്‍ എല്ലാം വന്നാല്‍ കോട്ടപ്പറമ്പ് ആശുപത്രിയിലും മെഡിക്കല്‍ കോളജിലും തിരക്ക് കുറയ്ക്കാനാകുമെന്നും എം.എല്‍.എ പറഞ്ഞു.