കൊയിലാണ്ടി ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്കൂള്‍ മിക്സഡ് ആക്കാന്‍ തടസമൊന്നുമില്ല: പുതിയ അധ്യയനവര്‍ഷം മുതല്‍ ആണ്‍കുട്ടികള്‍ക്ക് പ്രവേശനം നല്കാന് ധാരണയായിട്ടുണ്ടെന്ന് കാനത്തില്‍ ജമീല
കൊയിലാണ്ടി: കൊയിലാണ്ടി ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ മിക്സഡ് ആക്കാന്‍ നിലവില്‍ യാതൊരു തടസവുമില്ലെന്ന് കൊയിലാണ്ടി എം.എല്‍.എ കാനത്തില്‍ ജമീല. ഇക്കാര്യം വിദ്യാഭ്യാസ വകുപ്പിന്റെ പരിഗണനയിലാണ്. പുതിയ അധ്യയന വര്‍ഷം മുതല്‍ ആണ്‍കുട്ടികള്‍ക്ക് പ്രവേശനം നല്കാന് കഴിയുമെന്നും കാനത്തില്‍ ജമീല കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.
മുന്‍കാലങ്ങളില്‍ ഇതുസംബന്ധിച്ച് പി.ടി.എയുടെ ഭാഗത്തുനിന്ന് ചില എതിര്‍പ്പുകളുണ്ടായിരുന്നു. എന്നാല്‍ സ്കൂളിലെ നിലവിലെ പി.ടി.എ മിക്സഡ് ആക്കുന്നതിനെ ശക്തമായി അനുകൂലിക്കുന്നവരാണ്. ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷമാണ് സ്കൂള്‍ മിക്സഡ് ആക്കുന്നതിന് അംഗീകാരം തേടി അപേക്ഷ നല്‍കിയത്. പുതിയ അധ്യയന വര്‍ഷം സ്കൂളിന് മിക്സഡായി പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നും അവര്‍ പറഞ്ഞു.
ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ മിക്സഡ് ആക്കാനുള്ള പ്രമേയം മൂന്നുവര്‍ഷം മുമ്പേ പി.ടി.എ ജനറല്‍ ബോഡിയും എക്സിക്യുട്ടീവും അംഗീകരിക്കുകയും ഇതിന്റെ ഭാഗമായി നഗരസഭയ്ക്ക് ഒരു അപേക്ഷ നല്‍കുകയും ചെയ്തിരുന്നു. നഗരസഭയുടെ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റിയും കൗണ്‍സിലും ഈ പ്രമേയം അംഗീകരിക്കുകയും സ്കൂളിന്റെ പേര് ഗവ. ഹയര്‍സെക്കണ്ടറി സ്കൂള്‍ പന്തലായനി കൊയിലാണ്ടി എന്നാക്കാന്‍ തീരുമാനിക്കുകയും ചെയ്തു. ഈ അംഗീകാരവും പി.ടി.എ തീരുമാനവും വെച്ചുകൊണ്ട് ഡി.ഇ.ഒയ്ക്ക് കൈമാറുകയും ഡി.ഇ.ഒ ഇക്കാര്യം അന്വേഷിച്ച് ഡി.പി.ഐയ്ക്ക് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. ഡി.പി.ഐ ഇതിന്റെ സര്‍വ്വേയും കാര്യങ്ങളും കുട്ടികളുടെ എണ്ണവും സമീപത്തെ സ്കൂളുകളില്‍ നിന്ന് ശേഖരിച്ച് വിദ്യാഭ്യാസ വകുപ്പിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇതുവരെ സര്‍ക്കാറിന്റെ അംഗീകാരം ലഭിച്ചിരുന്നില്ല.
ഇത്തവണ സ്കൂള്‍ തുറക്കുന്നതിനു മുന്നോടിയായി തന്നെ പി.ടി.എ, എം.എല്‍.എ കാനത്തില്‍ ജമീലയെ സമീപിക്കുകയും സ്കൂള്‍ മിക്സഡ് ആക്കി കിട്ടാന്‍ ഇടപെടല്‍ നടത്താന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. അനുകൂലമായ അഭിപ്രായമാണ് എം.എല്‍.എയില്‍ നിന്നുമുണ്ടായത്. ഇതിനുവേണ്ടിയുള്ള ശ്രമങ്ങള്‍ നടത്തുകയും ചെയ്തിട്ടുണ്ടെന്നും പി.ടി.എ പ്രസിഡന്റ് രാധാകൃഷ്ണന് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞിരുന്നു.
കോഴിക്കോട് ജില്ലയില്‍ 335 സര്‍ക്കാര്‍ സ്കൂളുകളടക്കം 1280 സ്കൂളുകളാണ് ആകെയുള്ളത്. ഇതില്‍ ആണ്‍കുട്ടികള്‍ക്ക് മാത്രമായി എട്ട് സ്കൂളുണ്ട്. സര്‍ക്കാര്‍ സ്കൂളായ പറയഞ്ചേരി ബോയ്സും, മലബാര്‍ ക്രിസ്ത്യന്‍ കോളേജും പെണ്‍കുട്ടികള്‍ക്ക് പ്രവേശനം നല്‍കാനായി വിദ്യാഭ്യാസ വകുപ്പിനോട് അനുമതി തേടിക്കഴിഞ്ഞു. ബാക്കിയുള്ള ആറ് ബോയ്സ് സ്കൂളുകളില്‍ ചിലത് മിക്സഡ് ആക്കുന്നതിനെക്കുറിച്ചുള്ള ആലോചനയും തുടങ്ങിയിട്ടുണ്ട്. ആകെയുള്ള 21 ഗേള്‍സ് സ്കൂളുകളില്‍ പലതും മാറ്റത്തിന്റെ പാതയിലാണ്.