ജനങ്ങളെ ബോധ്യപ്പെടുത്തി, ആശങ്കകള്‍ പരിഹരിച്ചേ തീരദേശ ഹൈവേ കല്ലിടല്‍ നടപടികളുമായി മുന്നോട്ടുപോകൂ” കൊയിലാണ്ടി മുതൽ മുത്തായം വരെയുള്ള റീച്ചിന്റെ നടപടികൾ വേഗത്തിലാക്കും, കാനത്തിൽ ജമീല എം.എൽ.എ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട്
കൊയിലാണ്ടി: ജനങ്ങളെ ബോധ്യപ്പെടുത്തിക്കൊണ്ട് രാഷ്ട്രീയ പാര്‍ട്ടി ഭേദമന്യേ എല്ലാവരും ഒരുമിച്ചു നിന്നുകൊണ്ട് തീരദേശ ഹൈവേയുടെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാനാണ് ശ്രമിക്കുന്നതെന്ന് കൊയിലാണ്ടി എം.എല്‍.എ കാനത്തില്‍ ജമീല. ഇതിന്റെ ഭാഗമായി ഇന്നലെ കലക്ടറുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളുടെ യോഗം വിളിച്ചിരുന്നെന്നും ഇതിനുശേഷം മറ്റു നടപടികളുമായി മുന്നോട്ടുപോകുമെന്നും കാനത്തില്‍ ജമീല കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.
തീരദേശ ഹൈവേ നിര്‍മ്മാണത്തിന്റെ കാര്യത്തില്‍ വെങ്ങളം മുതല്‍ കാപ്പാട് വരെയും മുത്തായം മുതല്‍ കോട്ടക്കല്‍ വരെയുമുള്ള ഭാഗങ്ങളില്‍ കല്ലിടല്‍ പൂര്‍ത്തിയായിട്ടുണ്ട്. കൊയിലാണ്ടി ഹാര്‍ബറിന്റെ ഭാഗം മുതല്‍ മുത്തായംവരെയുള്ള ഭാഗങ്ങളിലാണ് കല്ലിടാന്‍ ബാക്കിയുള്ളത്. ഇവിടെ അലൈന്‍മെന്റ് ആയിട്ടുമില്ല. അലൈന്‍മെന്റ് തയ്യാറാക്കുന്നതിന് മുന്നോടിയായാണ് കലക്ടര്‍ ജനപ്രതിനിധികളുടെ യോഗം വിളിച്ചത്. മൂടാടി, തിക്കോടി പഞ്ചായത്തുകളിലെ പ്രസിഡന്റുമാരെയും കൗണ്‍സിലര്‍മാരെയുമാണ് യോഗത്തില്‍ പങ്കെടുപ്പിച്ചത്. ശേഷിക്കുന്ന ഭാഗത്തുകൂടി കല്ലിടുന്നതിന് മുന്നോടിയായി ജനങ്ങളെ ബോധ്യപ്പെടുത്താനും അവരുടെ ആശങ്കകള്‍ പരിഹരിക്കാനും ജനപ്രതിനിധികള്‍ മുന്നിട്ടിറങ്ങണമെന്നും അതിന്റെ ഭാഗമാണ് യോഗമെന്നും അവര്‍ വ്യക്തമാക്കി.
ജനപ്രതിനിധികളും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും ഒരുമിച്ചു നിന്നുകൊണ്ട് ജനങ്ങളെ ബോധ്യപ്പെടുത്തിയശേഷം അവിടെ കല്ലിടാം എന്നാണ് പറഞ്ഞിട്ടുള്ളത്. ഒരിക്കലും ജനങ്ങളെ പ്രയാസപ്പെടുത്താത്ത രീതിയിലാണ് അതിന്റെ ആനുകൂല്യമുള്ളത്. അടുത്തകാലത്ത് വിറ്റിട്ടുള്ള അഞ്ച് ആധാരങ്ങള്‍ എടുത്ത് അതില്‍ ഏറ്റവും കൂടുതല്‍ വിലയുള്ള ആധാരത്തിന്റെ കണക്കിലാണ് സ്ഥലത്തിന് നഷ്ടപരിഹാരം കൊടുക്കുന്നത്. അതായത് ഭൂമിയ്ക്ക് പൊതുമാര്‍ക്കറ്റിലുള്ളതിന്റെ ഇരട്ടിവില ലഭിക്കും. വീടുകളുടെ കാര്യത്തില്‍ ആ വീട് ഇന്നുണ്ടാക്കാന്‍ എത്ര രൂപ ചെലവാകും എന്നത് കണക്കാക്കിയാണ് തുക നല്‍കുക. ഭൂമിയിലെ ആദായങ്ങള്‍ ഓരോന്നിനും പ്രത്യേകം പ്രത്യേകം വില നല്‍കിക്കൊണ്ട് ദേശീയപാത സ്ഥലമേറ്റെടുപ്പിന്റെ മോഡലിലാണ് നഷ്ടപരിഹാരം കൊടുക്കുകയെന്നും എം.എല്‍.എ അറിയിച്ചു.
തീരദേശ ഹൈ വേയുടെ സ്ഥലമേറ്റെടുക്കലുമായി ബന്ധപ്പെട്ട് ചേമഞ്ചേരി പഞ്ചായത്തിലെ പദ്ധതി പ്രദേശം എം.എല്‍.എ കാനത്തില്‍ ജമീല സന്ദര്‍ശിക്കുകയും പ്രദേശത്തെ ആളുകളുടെ അഭിപ്രായം ആരായുകയും ചെയ്തിരുന്നു. റോഡ് വരുന്നതില്‍ ജനങ്ങള്‍ക്ക് സന്തോഷമാണ്, പുനരധിവാസം ഉറപ്പാക്കണമെന്ന കാര്യമാണ് അവര്‍ ആവശ്യപ്പെട്ടിട്ടുള്ളതെന്നും എം.എല്‍.എ വ്യക്തമാക്കി. ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ്‌സതി കിഴക്കയില്‍, പന്തലായനി ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് പി ബാബുരാജ്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും സ്ഥലം സന്ദര്‍ശനത്തില്‍ പങ്കെടുത്തു.
കടലുണ്ടി, ബേപ്പൂര്‍ പോര്‍ട്ട്, ഉരുനിര്‍മാണശാല, ചാലിയം, കോഴിക്കോട് ബീച്ച്, കാപ്പാട്, തിക്കോടി, കൊളാവിപ്പാലം ആമവളര്‍ത്തല്‍ കേന്ദ്രം, സര്‍ഗാലയ, കുഞ്ഞാലിമരയ്ക്കാര്‍ സ്മാരകം തുടങ്ങിയ പ്രധാന ടൂറിസം കേന്ദ്രങ്ങള്‍ പിന്നിട്ടാണ് പാത കടന്നുപോകുന്നത്.
പുതിയ പാത യാഥാര്‍ഥ്യമാകുന്നതോടെ തിക്കോടി ബീച്ചില്‍ സഞ്ചാരികളുടെ എണ്ണം വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡ്രൈവിങ് ബീച്ചായ തിക്കോടിയില്‍ മണലും കളിമണ്ണും ചേര്‍ന്ന മിശ്രിതമുള്ള കടപ്പുറത്ത് വാഹനങ്ങള്‍ താഴ്ന്നുപോകില്ല. വടകരയിലെ കുഞ്ഞാലി മരയ്ക്കാര്‍ സ്മാരകത്തിലേക്കും സഞ്ചാരികള്‍ക്ക് വേഗത്തില്‍ എത്താനാകും. കൊളാവിപ്പാലം ആമവളര്‍ത്തല്‍ കേന്ദ്രത്തില്‍ ഇപ്പോള്‍ എത്തുന്നതിന്റെ ഇരട്ടിയിലധികം ആളുകള്‍ എത്തുമെന്നും പ്രതീക്ഷിക്കുന്നു.
ഉരുനിര്‍മാണ പെരുമയുള്ള ബേപ്പൂരില്‍ പായ്ക്കപ്പലിന്റെ മാതൃകയിലും വടകരയില്‍ നിര്‍മിക്കുന്ന കുഞ്ഞാലിമരയ്ക്കാര്‍ എനര്‍ജി ബ്രിഡ്ജ്’ പടവാളുകളുടെ മാതൃകയിലുമാണ് പാലങ്ങള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. സംസ്ഥാനത്തെ ഒന്‍പത് ജില്ലകളിലൂടെ ആണ് തീരദേശ ഹൈവേ കടന്നു പോകുന്നത്.