‘കല്യാ കല്യാ കൂയ്, ചക്കേം മാങ്ങേം ഇങ്ങ് ഇട്ടൂട്’; സമൃദ്ധിയുടെ പ്രതിരൂപമായ കലിയൻ, വിനാശങ്ങളുടെ പ്രതിരൂപമായ കലിച്ചി: ഉത്തരമലബാറിന്റെ തനത് ആഘോഷത്തെ അടുത്തറിയാം (വീഡിയോ)


കൃഷിയുമായി ബന്ധപ്പെട്ട ഒരു ആചാരമോ അനുഷ്ഠാനമോ ആഘോഷമോ ആണ് കലിയൻ. ഉത്തരമലബാറിലാണ്
ഈ ചടങ്ങ് പ്രധാനമായുംനടക്കുന്നത്. മിഥുന മാസത്തിന്റെ അവസാന ദിവസം വൈകുന്നേരം ആരംഭിക്കുന്ന ചടങ്ങുകൾ സന്ധ്യ കഴിയുന്നതോടെ അവസാനിക്കും.

സമൃദ്ധിയുടെ പ്രതിരൂപമയാണ് കലിയനെ കാണുന്നത്. ആഘോഷങ്ങളും വിവാഹങ്ങളും ഉത്സവങ്ങളും കൊണ്ട് ആഹ്ളാദകരമായിരുന്ന ഒരു കാലത്തിന് വിടപറയുകയാണ് കലിയൻ ആഘോഷത്തോടെ ചെയ്യുന്നത്. ചക്കയും മാങ്ങയും ചേമ്പും ചേനയും അടക്കമുള്ള ഫലമൂലാദികൾ സുലഭമായിരുന്ന കാലം അവസാനിക്കുന്നതും മിഥുനത്തിലാണ്.

കലിയന് കൊടുക്കൽ ആണ് ആഘോഷത്തിന്റെ പ്രധാന ചടങ്ങ്. കാർഷികോപകരണങ്ങളായ കരിയും നുകവും, ഇരട്ട കാളകൾ, കോണി, കൈക്കോട്ട് എന്നിവ വാഴക്കൈ കൊണ്ടുണ്ടാക്കി ഒരു മുറത്തിൽ വെച്ച് ഓലച്ചൂട്ടും കിണ്ടിയും തിരിയുമായി വീടുകളിലെ പുരുഷന്മാർ തെക്കുഭാഗത്തുള്ള കായ്ക്കുന്ന പ്ലാവിൻ ചുവട്ടിലേക്ക് നടന്നുനീങ്ങും. ഇവയെല്ലാം പ്ലാവിൻചുവട്ടിൽ നിക്ഷേപിച്ച് കത്തുന്ന ചൂട്ട് കുത്തനെ വെച്ച് തിരികെ പോരും.

പോകുന്നവഴി കലിയനെ കൂകിവിളിച്ച് അടുത്ത വർഷത്തേക്ക് ചക്കയും മാങ്ങയുമെല്ലാം കൊണ്ടുവരാൻ പറയും. അടുത്ത വർഷവും സമ്പൽസമൃദ്ധമാക്കണേ എന്ന അഭ്യർത്ഥനയാണ് ഈ കൂവിവിളിയിലൂടെ നടത്തുന്നത്. വൈകുന്നേരമായാൽ സ്കൂൾ വിട്ടുവരുന്ന കുട്ടികളും പ്രായഭേദമന്യേ പുരുഷന്മാരും ‘കല്യ കല്യാ കൂയ്, ചക്കേം മാങ്ങേം ഇങ്ങ് ഇട്ടൂട്’ എന്ന് അത്യുച്ചത്തിൽ വിളിച്ചുകൂവും. പിന്നെ അന്നത്തെ പ്രധാന വിഭവമായ ഈന്ത്‌ കൊണ്ടുള്ള ശർക്കര പായസം (ഉണ്ണ്യപ്പം കറി എന്നാണ് ഇതിന് പറയുക) എല്ലാവരും കഴിക്കും.

വീഡിയോ കാണാം:

പിറ്റേന്നുമുതൽ കർക്കിടകം ആരംഭിക്കുകയായി. പഞ്ഞമാസമാണ്. കൃഷിപ്പണിയില്ല. മത്സ്യം പിടിക്കാൻ കഴിയില്ല. തോരാത്ത മഴ അടച്ചുകെട്ടി പെയ്യും. സൂര്യനെ കാണാത്ത ദിവസങ്ങൾ. വെള്ളപ്പൊക്കം, മരങ്ങൾ മുറിഞ്ഞുവീഴൽ, പ്രകൃതി ദുരന്തങ്ങളുടെ നാളുകൾ. അരിവാങ്ങാൻ, മണ്ണെണ്ണ വാങ്ങാൻ ചില്ലികാശില്ലാത്ത അടിയാളാർ. താളും തകരയും മാത്രം ഉപ്പിട്ട് വേവിച്ചു കഴിക്കും. അടുപ്പിൽ തീപ്പുകയാത്ത ദിനങ്ങളാണ് ഏറെയും.

കോളറ, മഞ്ഞപിത്തം തുടങ്ങിയ പകർച്ച വ്യാധികളുമുണ്ടാകും. മരണത്തെ മുഖാമുഖം കാണുന്ന അവസ്ഥ. ഒരു പ്രദേശമാകെ പകർച്ച വ്യാധി പിടിപെട്ട് ഒന്നാകെ മരിച്ചു വീഴുന്ന മനുഷ്യർ. ഉറ്റവരും ഉടയവരും മരണത്തിന് കീഴ്പ്പെടുന്നത് നിസ്സഹായരായി കണ്ടുനിൽക്കാൻ വിധിക്കപ്പെട്ടവർ. പട്ടിണിയുടെ കരാളരൂപം അവർണനീയം.

ചാകര ചെമ്മീൻ, മത്തി കാശില്ലാതെ വാരിക്കിട്ടുമായിരുന്നു. വിശപ്പ് അതിന്റെ സീമകൾ ലംഘിക്കുന്ന സമയത്ത് മരണം ഉറപ്പെന്നറിഞ്ഞിട്ടും പാതിവെന്ത മത്സ്യം വാരിത്തിന്ന് അതിസാരം പിടിപെട്ട് ദാഹജലം പോലും കിട്ടാതെ മരണം വരിക്കുന്ന പാവങ്ങൾ. ആ കാലത്തിന്റ ഇരുളടഞ്ഞ നേർചിത്രം ഇതിനേക്കാൾ ഭയാനകം.

മറുവശത്തോ, വിശപ്പിന്റെ രുചി അറിയാത്ത ജന്മിമാർ. അടിയാളാന്റെ വിയർപ്പിൽ വിളയിച്ച നെല്ല് പത്തായത്തിൽ
കുമിഞ്ഞു കൂടിയിരിക്കുന്നു. പൊന്നും പണവും വേറെ. മണ്ണറിയുകയോ മേലനങ്ങുകയോ ചെയ്യാതെ പല്ല് മുറിയെ
തിന്ന് സുഖിക്കുന്ന ചെറുവിഭാഗം.

കർക്കിടക്കത്തിലാണവരുടെ സുഖചികിത്സ. ശരീര സുഖത്തിന് ഉഴിച്ചിൽ, പിഴിച്ചിൽ. ആരോഗ്യസംരക്ഷണത്തിന് കർക്കിടക കഞ്ഞി. സുഭിക്ഷ ഭക്ഷണം. സമയം കൊല്ലാൻ രാമായണ പാരായണം. അതിന് പേരോ രാമായണമാസം. കാളയ്ക്കും ആനയ്ക്കും ഊട്ട്. സഹജന്റെ പട്ടിണികാണാത്ത അന്ധതയുടെ സംസ്കാരം.

ആടി പതിനാലും, കർക്കിടക വാവും കഴിയുന്നതോടെ പഞ്ഞമാസത്തിന് അവസാനമായി. കർക്കിടകത്തിൽ ശീപോതിക്ക് വെക്കുക എന്നൊരു ചടങ്ങുണ്ട്. കർക്കിടകം ഒന്ന് മുതൽ മുപ്പത്തിരണ്ടുവരെ. കാലത്ത് വീടിന്റെ ഉമ്മറകോലായിൽ തേച്ച് വെളുപ്പിച്ച കിണ്ടിയിൽ വെള്ളവും കത്തിച്ച നിലവിളക്കും ഇരിപ്പുപലകയിൽ ഭസ്മം വരച്ച് വാഴയില നറുക്കിൽ തുളസിയും ഭസ്മവും വെയ്ക്കും. വൈകുന്നേരം നറുക്കില ചുരുട്ടി ഇറയിൽ തിരുകും. ഓലപ്പുരയായിരുന്നു അക്കാലത്ത് ഏറെയും.

മാസാവസാന ദിവസം കലിച്ചിയാണ്. ചേട്ടയുടെ പ്രതിരൂപം. കർക്കിടകത്തിലെ എല്ലാ വിനാശങ്ങളെയും  പ്രതിനിധീകരിക്കുന്ന സ്ത്രീരൂപം. അന്ന് വീട് മുഴുവൻ (മുക്കും മൂലയും) അടിച്ചുവാരി വൃത്തിയാക്കും. കർക്കിടകത്തിന്റെ എല്ലാ ബാധയെയും ഒരു മൺകലത്തിലാക്കി ചൂലും കലവും മൂന്നും കൂടിയ മുക്കിൽ (മൂന്ന് ഇടവഴികൾ ചേരുന്ന സ്ഥലം) നിക്ഷേപിക്കും. ഇത് സ്ത്രീകളുടെ മാത്രം ചടങ്ങാണ് അതോടെ കലിച്ചി (ചേട്ട) വീടൊഴിയും എന്നാണ് വിശ്വാസം.

ചിങ്ങമാസ പിറവിയോടെ സമൃദ്ധിയുടെ കാലം വീണ്ടും വരവായി. ഇവിടെ ഒരു സ്ത്രീപക്ഷവായന ആവശ്യമായിവരുന്നു. പുരുഷനെ സമൃദ്ധിയുടെ പ്രതിരൂപമായ കലിയനായും സ്ത്രീയെ കെട്ട കാലത്തിന്റെ ദുർദേവതയായും  അവതരിപ്പിച്ചിരിക്കുന്നു. കലിയൻ ആഘോഷം പുരുഷ കേന്ദ്രീകൃതമാകുമ്പോൾ കലിച്ചി സ്ത്രീയുടെത് മാത്രമാകുന്നു. എല്ലാറ്റിലുമെന്നപോലെ നന്മകൾ പുരുഷ സങ്കൽപ്പത്തിലും തിന്മകൾ സ്ത്രീയുടെ പക്ഷവുമാവുന്നു. പുരുഷ മേധാവിത്തം ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും ആഘോഷങ്ങളിലും നിറഞ്ഞു നിൽക്കുന്നതിന് വേറൊരുദാഹരണം.

പോയകാലത്തിന്റെ അസുഖകരമായ ഓർമ്മകൾ. ഓർമകൾക്ക് മറവിയുടെ ക്ലാവ് പിടിപ്പിക്കുന്ന പത്രാസിന്റെ കാലത്ത് പഴയ ഓർമ്മകൾക്ക് പുതുജീവൻ നൽകിയേ തീരൂ.

(എഴുത്തിന് കടപ്പാട്)


ഈ ലേഖനത്തെ കുറിച്ചുള്ള വായനക്കാരുടെ അഭിപ്രായങ്ങൾ വാട്ട്സ്ആപ്പിലൂടെ അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.