കളമശ്ശേരി സ്‌ഫോടനം: ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന 12കാരിയും മരിച്ചു, ആകെ മരണം 3, നാല് പേരുടെ നില ഗുരുതരം


കൊച്ചി: കളമശ്ശേരി കണ്‍വെന്‍ഷന്‍ സെന്റര്‍ സ്‌ഫോടനത്തില്‍ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന പന്ത്രണ്ടുകാരി മരിച്ചു. മലയാറ്റൂര്‍ സ്വദേശി ലിബിനയാണ് മരിച്ചത്. ഇതോടെ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. പെരുമ്പാവൂര്‍ കുറുപ്പുംപടി ഇരിങ്ങോള്‍ വട്ടോളിപ്പടി പരേതനായ പുളിക്കല്‍ പൗലോസിന്റെ ഭാര്യ ലയോണ(55), തൊടുപുഴ കാളിയാര്‍ കുളത്തിങ്കല്‍ വീട്ടില്‍ കുമാരി പുഷ്പന്‍(53) എന്നിവരാണ് മരിച്ച മറ്റു രണ്ടു പേര്‍. സ്‌ഫോടനത്തില്‍ 95ശതമാനം പൊള്ളലേറ്റ് വെന്റിലേറ്ററിന്റെ ചികിത്സയിലായിരുന്ന ലിബിന തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് മരിച്ചത്.

സ്‌ഫോടനത്തില്‍ ആദ്യം മരിച്ച ലയോണയെ രാത്രി ഏറെ വൈകിയാണ് ബന്ധുക്കള്‍ തിരിച്ചറിഞ്ഞത്. ലയോണയെ കാണാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതിപ്പെട്ടിരുന്നു. തുടര്‍ന്ന് രാത്രിയോടെ മൃതദേഹം തിരിച്ചറിയുകയായിരുന്നു. ഇവരുടെ കൈയിലുണ്ടായിരുന്നു മോതിരം കണ്ടാണ് ബന്ധുക്കള്‍ മരിച്ചത് ലയോണയാണെന്ന് തിരിച്ചറിഞ്ഞത്. അടുത്ത ബന്ധുക്കള്‍ സ്ഥലത്ത് ഇല്ലാത്തതിനാലാണ് മൃതദേഹം തിരിച്ചറിയാന്‍ വൈകിയത്. ചികിത്സയിലുള്ള 29 പേരില്‍ 16 പേര്‍ ഐസിയുവിലാണ്. അതില്‍ നാല് പേരുടെ നില ഗുരുതരമാണ്‌.

ഇന്നലെ രാവിലെ 9.45ഓടെയാണ് കളമശ്ശേരിയിലെ സാമ്ര ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വന്‍ സ്‌ഫോടനമുണ്ടായത്. സംഭവത്തില്‍ പ്രതിയായ എറണാകുളം കടവന്ത്ര സ്വദേശി ഡൊമിനിക് മാര്‍ട്ടിന്‍ ഇന്നലെ ഉച്ചയോടെ പോലീസില്‍ കീഴടങ്ങിയിരുന്നു. നിലിവില്‍ ഇയാളെ ചോദ്യം ചെയ്തു വരികയാണ്. ബോംബ് പൊട്ടിക്കാനുപയോഗിച്ച റിമോര്‍ട്ടിന്റെ ചിത്രം ഫോണില്‍ കാണിച്ചു കൊടുത്തപ്പോഴാണ് പ്രതി ഡൊമനിക് തന്നെയെന്ന് പോലീസ് ഉറപ്പിച്ചത്. യുട്യൂബില്‍ നോക്കിയാണ് ബോംബ് നിര്‍മ്മിച്ചതെന്നും, യഹോവ സാക്ഷികളുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്നാണ് ഇത്തരത്തില്‍ സ്‌ഫോടനം നടത്തിയതെന്നുമാണ് ഡൊമിനിക്ക് പോലീസിന് നല്‍കിയ മൊഴി.