ട്രെയിനിനും ട്രാക്കിനുമിടയില്‍ ജീവന്‍ കയ്യില്‍പ്പിടിച്ച് തൂങ്ങിക്കിടന്ന് വയോധികന്‍; താങ്ങിപ്പിടിച്ച് ട്രെയിനൊപ്പം ഓടി പേരാമ്പ്ര സ്വദേശി സജീര്‍- വീഡിയോ കാണാം


പേരാമ്പ്ര: കര്‍ണ്ണാടകയിലെ ഉടുപ്പി റെയില്‍വേ സ്റ്റേഷനില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ മരണം മുന്നില്‍ക്കണ്ട് തൂങ്ങിക്കിടക്കുകയായിരുന്ന വയോധികനെ പേരാമ്പ്ര സ്വദേശി രക്ഷിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്.

റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്താനായി വന്നു കൊണ്ടിരുന്ന പാസഞ്ചര്‍ ട്രെയിനിലെ യാത്രക്കാരനായിരുന്നു അപകടത്തില്‍പെട്ട വയോധികന്‍. ട്രെയിനില്‍ നിന്ന് വീണ വയോധികന്‍ വാതിലില്‍ തൂങ്ങി ജീവിതത്തിനും മരണത്തിനുമിടയിലായിരുന്നു.

ഈ കാഴ്ച ഡ്യൂട്ടിയിലുണ്ടായിരുന്ന റെയില്‍വേ ജീവനക്കാരന്‍ സജീര്‍ ദൂരെ നിന്നും കണ്ടു. ഉടന്‍ തന്നെ വയോധികനടുത്തേക്ക് സജീര്‍ ഓടിയെത്തുകയും അദ്ദേഹത്തെ താങ്ങിപ്പിടിക്കുകയും ചെയ്തു. തുടര്‍ന്ന് ട്രെയിന്‍ നില്‍ക്കുന്നത് വരെ വയോധികനെ താങ്ങിപ്പിടിച്ച് ട്രെയിനിനൊപ്പം ഓടി.

ലൈവ് മാര്‍ട്ട് സൂപ്പര്‍മാര്‍ക്കറ്റ് നടത്തുന്ന പാമ്പന്‍കുനി സൂപ്പിയുടെയും പാറക്കടവത്ത് സുബൈദയുടെയും മകനാണ് സജീര്‍. ഭാര്യ ജാസ്മിന്‍ (നടുവണ്ണൂര്‍). മുഹമ്മദ് ബാക്കിര്‍, ഖദീജ എന്നിവരാണ് മക്കള്‍. സുനീറയും സജ്നയുമാണ് സഹോദരങ്ങള്‍. 2014 മുതല്‍ റെയില്‍വേയില്‍ ജോലി ചെയ്യുന്ന സജീര്‍ മുംബൈ, ഹൈദരാബാദ്, ഉഡുപ്പി എന്നീ സ്റ്റേഷനുകളില്‍ ജോലി ചെയ്തിട്ടുണ്ട്. കൂത്താളി എ.യു.പി സ്‌കൂള്‍, വെള്ളിയൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്നിവിടങ്ങളില്‍ പഠിച്ച അദ്ദേഹം എംകോമിന് ശേഷമാണ് റെയില്‍വേ ജോലിയില്‍ പ്രവേശിച്ചത്.