കൊല്ലം ചിറയുടെ നവീകരണ പ്രവൃത്തി പൂര്‍ത്തീകരിക്കണമെന്നും ഊട്ടുപുര ഭക്തജനങ്ങള്‍ക്ക് തുറന്നുകൊടുക്കാന്‍ നടപടി വേണമെന്നും പിഷാരികാവ് ക്ഷേത്രസമിതി ജനറല്‍ ബോര്‍ഡി


കൊയിലാണ്ടി: കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രത്തിന്റെ അധീനതയിലുള്ള കൊല്ലം ചിറയുടെ നവീകരണ പ്രവൃത്തി പൂര്‍ത്തീകരിക്കുവാനും, ഗസ്റ്റ് ഹൗസ് കം ഊട്ടുപുര ഭക്തജനങ്ങള്‍ക്ക് തുറന്നു കൊടുക്കുവാനും നടപടി വേണമെന്ന് പിഷാരികാവ് ക്ഷേത്ര ക്ഷേമ സമിതി ജനറല്‍ ബോര്‍ഡിയോഗം ആവശ്യപ്പെട്ടു.

സഹസ്രസരോവരം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നബാര്‍ഡിന്റെ സഹായത്തോടെ 326 ലക്ഷം രൂപ ചെലവില്‍ ചിറ നവീകരണത്തിന്റെ ഒന്നാം ഘട്ട പ്രവൃത്തിയായ ചെളി നീക്കലും, പാര്‍ശ്വഭിത്തി നിര്‍മ്മാണവും പൂര്‍ത്തീകരിച്ചിട്ടുണ്ട്. സൗന്ദര്യവല്‍ക്കരണമുള്‍പ്പെടെ ശേഷിക്കുന്ന പ്രവൃത്തികള്‍ക്ക് എം.എല്‍.എ ഫണ്ട് അനുവദിച്ചതായി പ്രഖ്യാപനമുണ്ടായെങ്കിലും പ്രവൃത്തി ആരംഭിച്ചിട്ടില്ല.

ജില്ലയിലെ തന്നെ വലിയ ശുദ്ധജല സംഭരണികളിലൊന്നായ കൊല്ലം ചിറയുടെ നവീകരണവുമായി ബന്ധപ്പെട്ട തുടര്‍ പ്രവൃത്തികള്‍ ഉടന്‍ ആരംഭിക്കണമെന്നും, ഏതാണ്ട് 15 കോടി രൂപ ചെലവില്‍ പുതുതായി നിര്‍മ്മിച്ച ദേവസ്വം ഗസ്റ്റ് ഹൗസ് കം ഊട്ടുപുര ഭക്തജനങ്ങള്‍ക്ക് തുറന്നു കൊടുക്കാന്‍ നടപടി വേണമെന്നും യോഗം ആവശ്യപ്പെട്ടു.

നിര്‍മ്മാണത്തിലെ അപാകത കാരണം കെട്ടിട നമ്പറും, ഫയര്‍ എന്‍.ഒ.സി യും ലഭിക്കാത്തതിനാല്‍ പണി പൂര്‍ത്തീകരിച്ചിട്ടും കെട്ടിടം ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥയിലാണുള്ളത്. ഇക്കാര്യത്തില്‍ ദേവസ്വം അധികൃതരുടേയും, നിര്‍മ്മാണത്തിന് മേല്‍നോട്ടം വഹിച്ച ഉദ്യോഗസ്ഥരുടേയും ഭാഗത്തു നിന്ന് വളരെ ഗുരുതരമായ കൃത്യവിലോപമാണ് ഉണ്ടായിട്ടുള്ളത്. ഇതു കാരണം ദേവസ്വത്തിനു ഉണ്ടായിട്ടുള്ള ഭീമമായ സാമ്പത്തിക നഷ്ടം ബന്ധപ്പെട്ടവരില്‍ നിന്ന് ഈടാക്കാനും അപാകതകള്‍ പരിഹരിച്ച് കെട്ടിടം എത്രയും പെട്ടന്ന് ഭക്തജനങ്ങള്‍ക്കായി തുറന്നു കൊടുക്കാനും നടപടി വേണമെന്നും യോഗം ആവശ്യപ്പെട്ടു.

വി.വി. ബാലന്‍ ആദ്ധ്യക്ഷ്യം വഹിച്ചു. ഇ.എസ്. രാജന്‍, അഡ്വ.ടി.കെ.രാധാകൃഷ്ണന്‍, വി.വി.സുധാകരന്‍, ശശീന്ദ്രന്‍ മുണ്ടയ്ക്കല്‍, ഗിരീഷ് ഗിരികല, മോഹനന്‍ പൂങ്കാവനം, എ.സതീശന്‍, രവീന്ദ്രന്‍ പുത്തലത്ത്, വി.കെ.ദാമോദരന്‍, ബാലചന്ദ്രന്‍.കെ, സുധീഷ് കോവിലേരി, എന്‍.എം.വിജയന്‍, വേണു. പി എന്നിവര്‍ സംസാരിച്ചു.