വീണ്ടും!! കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ടെര്‍മിനലിലെ തൂണുകള്‍ക്കിടയില്‍ സ്വിഫ്റ്റ് ബസ് കുടുങ്ങി; ചില്ലുകള്‍ പൊട്ടി


കോഴിക്കോട്: കഷ്ടകാലം മാറാതെ കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് ബസ്സുകള്‍. ഇന്നലെ സ്വിഫ്റ്റ് ബസ് തൂണുകള്‍ക്കിടയില്‍ കുടുങ്ങിയ കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ടെര്‍മിനലില്‍ ഇന്നും ബസ് കുടുങ്ങി. ഇന്നലത്തെതിനു സമാനമായി ബെംഗളൂരുവില്‍ നിന്ന് വന്ന സ്വിഫ്റ്റ് ബസ് തന്നെയാണ് ഇന്നും കുടുങ്ങിയത്.

ടെര്‍മിനലില്‍ ബസ് നിര്‍ത്തിയിടാനുള്ള ട്രാക്കിന് ഇരുവശവുമുള്ള തൂണുകള്‍ക്കിടയില്‍ ആവശ്യത്തിന് അകലമില്ലാത്തതാണ് ബസ്സുകള്‍ക്ക് തലവേദനയാവുന്നത്. സ്വിഫ്റ്റ് ബസ്സുകള്‍ക്ക് മറ്റു ബസ്സുകളെ അപേക്ഷിച്ച് അല്‍പ്പം വീതി കൂടുതലുമാണ്.

കഴിഞ്ഞ ദിവസം തൂണുകള്‍ക്കിടയില്‍ കുടുങ്ങിയ സ്വിഫ്റ്റ് ബസ് മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് പുറത്തെടുത്തത്. തൂണുകളില്‍ സ്ഥാപിച്ച ലോഹവളയം ബസ് പുറത്തെടുക്കാനായി മുറിച്ചു മാറ്റുകയായിരുന്നു. അതേസമയം ഇന്ന് കുടുങ്ങിയ ബസ് പെട്ടെന്ന് തന്നെ പുറത്തെടുക്കാന്‍ കഴിഞ്ഞു. എന്നാല്‍ ബസ്സിന്റെ വശത്തെ ചില്ലുകള്‍ പൊട്ടിയിട്ടുണ്ട്. തുടര്‍ന്ന് ബസ് നടക്കാവിലെ കെ.എസ്.ആര്‍.ടി.സി റീജ്യനല്‍ വര്‍ക്ക് ഷോപ്പിലേക്ക് മാറ്റി.