”അന്ന് ചോദിച്ചത് കൊയിലാണ്ടിയില്‍ നമ്മള് വിജയിക്കില്ലേ.. എന്നാണ്, ഏത് സാധാരണക്കാരനോടും അവര്‍ക്ക് മനസിലാവുന്ന ഭാഷയില്‍ സംസാരിക്കുന്ന യെച്ചൂരിയാണ് കൊയിലാണ്ടിയില്‍ കണ്ടത്” യെച്ചൂരിക്കൊപ്പമുള്ള തെരഞ്ഞെടുപ്പ് പ്രചരണ അനുഭവം പങ്കുവെച്ച് മുന്‍ എം.എല്‍.എ കെ.ദാസന്‍
കൊയിലാണ്ടി: 2016ലെ നിയമസഭാ തെരഞ്ഞെടുപ്പ്, കൊയിലാണ്ടിയില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത് കെ.ദാസനായിരുന്നു. അന്ന് അദ്ദേഹത്തിനുവേണ്ടി പ്രചരണത്തിനെത്തിയ മുന്‍നിര നേതാക്കളില്‍ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുമുണ്ടായിരുന്നു. അന്നത്തെ ഓര്‍മ്മകള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമുമായി പങ്കുവെക്കുകയാണ് കെ.ദാസന്‍.
”2016ലെ തെരഞ്ഞെടുപ്പാണ്. കൊയിലാണ്ടി സ്റ്റേഡിയത്തിലെ പ്രചരണ പരിപാടിയില്‍ പങ്കെടുത്തത് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. വൈകുന്നേരമായിരുന്നു പരിപാടി. കൊയിലാണ്ടിയിലെത്തിയ അദ്ദേഹം ഏരിയ കമ്മിറ്റി ഓഫീസില്‍ വന്നു. കൂടെ ഇന്നത്തെ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസുമുണ്ടായിരുന്നു. ഓരോരുത്തരോടും അദ്ദേഹം ഇടപെട്ട രീതി അത്ഭുതപ്പെടുത്തി. പാര്‍ട്ടിയിലെ ഉന്നതനേതാവെന്ന ഭാവമൊന്നുമില്ല. സാധാരണക്കാരന് പോലും മനസിലാവുന്ന ഭാഷയില്‍ അദ്ദേഹം കാര്യങ്ങള്‍ ചോദിച്ചു.”
”സ്‌റ്റേഡിയത്തിലെ പരിപാടിയ്ക്ക് വലിയ ആള്‍ക്കൂട്ടമായിരുന്നു. നമ്മളിവിടെ ജയിക്കില്ലേയെന്ന് അദ്ദേഹം ചോദിച്ചു. പതിനായിരം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്ന് ശുഭാപ്തിവിശ്വാസത്തോടെ മറുപടി പറഞ്ഞപ്പോള്‍ മുഖത്ത് സന്തോഷം. മലയാളത്തില്‍ തന്നെയാണ് ഞാന്‍ സംസാരിച്ചത്. അദ്ദേഹവും പറ്റാവുന്ന തരത്തില്‍ മലയാളത്തില്‍ തന്നെ കാര്യങ്ങള്‍ പറഞ്ഞു. പിന്നീടും ഒന്നുരണ്ടുതവണ ചില പരിപാടികളുടെ ഭാഗമായി കണ്ടിരുന്നു. മുന്‍പരിചയത്തിന്റെ ഓര്‍മ്മയില്‍ ഇടപഴകുകയും ചെയ്തു. കേരളത്തെ നന്നായി അറിയാം, ജില്ലകളും മണ്ഡലങ്ങളുമെല്ലാം. പ്രധാനപ്പെട്ട നേതാക്കളെയടക്കം. അങ്ങേയറ്റം ലാളിത്യം കാത്തുസൂക്ഷിച്ച വ്യക്തിത്വത്തിന് ഉടമയായിരുന്നു അദ്ദേഹം.”
Summary: k dasan remembers 2016 election campeign in Koyilandy with yechury