കൊയിലാണ്ടി കോടതി ഇന്ത്യയിലെ ജുഡീഷ്യറി സംവിധാനത്തിന്റെ അഭിമാനസ്തംഭമെന്ന് ജസ്റ്റിസ് എന്‍.നഗരേഷ്


കൊയിലാണ്ടി: കൊയിലാണ്ടി കോടതി ഇന്ത്യയിലെ ജുഡീഷ്യറി സംവിധാനത്തിന്റെ അഭിമാനസ്തംഭമെന്ന് ജസ്റ്റിസ് എന്‍.നഗരേഷ്. കൊയിലാണ്ടി ബാര്‍ അസോസിയേഷന്‍ നവീകരിച്ച ലൈബ്രറി ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യന്‍ ജനാധിപത്യം ലോകത്തിലെ തന്നെ മഹാ അത്ഭുതം ആണെന്നും,നാന മേഖലകളിലെ സമഗ്ര മുന്നേറ്റത്തിന്റെ അമൃത വര്‍ഷത്തിലൂടെയാണ് നാം കടന്നു പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. 75 വര്‍ഷം മുന്‍പ് ലോകം പ്രതീക്ഷിക്കാത്ത വളര്‍ച്ചയാണ് സ്വാതന്ത്ര ഇന്ത്യ നേടിയിട്ടുള്ളത്. സാങ്കേതിക വിദ്യയുടെ വളര്‍ച്ച ജുഡീഷ്യറിയിലും അഡ്മിനിസ്‌ട്രെഷനിലും വിപ്ലവകരമായ മാറ്റങ്ങള്‍ ഉണ്ടാക്കും. അതിവേഗതയിലുള്ള നീതി നിര്‍വഹണത്തിന് സാങ്കേതിക വിദ്യ വലിയ സ്വാധീനം ചെലുത്തുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

യോഗത്തില്‍ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ വി.സത്യന്‍ ആധ്യക്ഷത വഹിച്ചു. ജില്ലാ ജഡ്ജ് ടി.പി.അനില്‍, സബ് ജഡ്ജ് വിശാഖ്, മുന്‍സിഫ് ആമിനക്കുട്ടി, എ.ജി.പിഅഡ്വ പി.പ്രശാന്ത് എന്നിവര്‍ സംസാരിച്ചു. യോഗത്തില്‍ അഡ്വ പി.ടി.ഉമേന്ദ്രന്‍ സ്വാഗതവും ടി.എന്‍.ലീന നന്ദിയും പറഞ്ഞു.