എസ്.ബി.ഐയില്‍ ജോലി നേടാന്‍ അവസരം; ഒഴിവുള്ളത് 1673 തസ്തികകള്‍: യോഗ്യതയും മറ്റ് വിശദാംശങ്ങളും അറിയാം


ന്യൂഡല്‍ഹി: സ്‌റ്റേറ്റ് ബാങ്ക് ഓഫ് പ്രൊബേഷണറി ഓഫീസര്‍ തസ്തികകളിലേക്കുള്ള വിജ്ഞാപനം പുറത്തിറക്കി. സെപ്റ്റംബര്‍ 22 മുതല്‍ അപേക്ഷ നടപടികള്‍ ആരംഭിച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റായ sbi.co.in. വഴി ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. ഒക്ടോബര്‍ 12 ആണ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി. 1673 തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ഏതെങ്കിലും വിഷയത്തില്‍ ബിരുദം അല്ലെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ച ഏതെങ്കിലും തത്തുല്യ യോഗ്യത ഉള്ളവര്‍ക്കാണ് അവസരം. ബിരുദത്തിന്റെ അവസാന വര്‍ഷ/സെമസ്റ്ററിലുള്ളവര്‍ക്കും, അഭിമുഖത്തിന് വിളിക്കുന്ന സമയത്ത്, 2022 ഡിസംബര്‍ 31-നോ അതിനുമുമ്പോ, ബിരുദ പരീക്ഷ പാസായതിന്റെ തെളിവ് ഹാജരാക്കണമെന്ന വ്യവസ്ഥയ്ക്ക് വിധേയമായി താല്‍ക്കാലികമായി അപേക്ഷിക്കാം. 21നും 30 നും ഇടയില്‍ പ്രായപരിധിയിലുള്ളവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം.

പ്രിലിമിനറി പരീക്ഷ, മെയിന്‍ പരീക്ഷ, സൈക്കോമെട്രിക് ടെസ്റ്റ് എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളായുള്ള പ്രക്രിയയിലൂടെയാണ് പ്രൊബേഷണറി ഓഫീസര്‍മാരുടെ തിരഞ്ഞെടുപ്പ്.

ജനറല്‍/ EWS/ OBC ഉദ്യോഗാര്‍ത്ഥികള്‍ക്ക് 750/ രൂപയാണ് അപേക്ഷ ഫീസ്. SC/ ST/ PwBD ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷ ഫീസില്ല. ഒരിക്കല്‍ അടച്ച അപേക്ഷാ ഫീസ് റീഫണ്ട് ചെയ്യില്ല.