മിഠായിത്തെരുവില്‍നിന്ന് 35,000 രൂപയുടെ ജീന്‍സ് പാന്റ്‌സുകള്‍ മോഷ്ടിച്ചു; രണ്ട് യുവാക്കൾ അറസ്റ്റിൽ, നിർണായകമായത് സിസിടിവി ദൃശ്യങ്ങൾ
കോഴിക്കോട്: മിഠായിത്തെരുവില്‍നിന്ന് വില്‍പ്പനയ്ക്കായി സൂക്ഷിച്ച തുണിത്തരങ്ങൾ മോഷ്ടിച്ച കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ. മീഞ്ചന്ത ആര്‍ട്സ് കോളേജ് പുതുക്കുടിവീട്ടില്‍ അബ്ദുള്‍ ജബ്ബാര്‍ (30), നടക്കാവ് നാലുകുടിപ്പറമ്പ് സക്കീര്‍ (32) എന്നിവരാണ് അറസ്റ്റിലായത്.
മിഠായിത്തെരുവില്‍ ഹനുമാന്‍കോവിലിന് മുന്‍വശം തെരുവോരത്ത് തുണിക്കച്ചവടം ചെയ്യുന്ന പെരുവയല്‍ സ്വദേശിയായ രാധാകൃഷ്ണന്‍ വില്‍പ്പനയ്ക്കായി സൂക്ഷിച്ച 35,000 രൂപയുടെ ജീന്‍സ് പാന്റ്സുകളാണ് ഇവർ മോഷ്ടിച്ചത്. അനസ് കോംപ്ലക്‌സിലെ ഒന്നാംനിലയിലുള്ള മുറിയുടെ ഷട്ടറിനുമുന്‍വശം സൂക്ഷിച്ചിരുന്ന തുണിത്തരങ്ങള്‍ ഉള്‍പ്പെട്ട കെട്ടുകള്‍ ഇവര്‍ മോഷ്ടിക്കുകയായിരുന്നു. ബുധനാഴ്ച രാത്രിയിലാണ് സംഭവം.
സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചാണ് ഇവർ സഞ്ചരിച്ച വാഹനം കണ്ടെത്തി പ്രതികളെ പിടികൂടിയത്. ടൗണ്‍ ഇന്‍സ്‌പെക്ടര്‍ എം.വി. ബിജു, എസ്.ഐ. സുഭാഷ് ചന്ദ്രന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ സജേഷ് കുമാര്‍, എസ്.വി. രാജേഷ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ ജിതേന്ദ്രന്‍, വിപിന്‍ദാസ്, പ്രവീണ്‍, പ്രസാദ്, ജിതിന്‍ എന്നിവരുള്‍പ്പെട്ട അന്വേഷണസംഘമാണ് ഇവരെ പിടികൂടിയത്.
Summary: Jeans pants worth Rs 35,000 stolen from sm street; Two youths arrested