നന്തിയിലെ ശ്രീശൈലം കുന്നിലെ വഗാഡ് ലേബര്‍ ക്യാമ്പിനെതിരെ നാട്ടുകാര്‍; ക്യാമ്പ് പ്രവര്‍ത്തിക്കുന്നത് സുരക്ഷാ മുന്‍കരുതല്‍ പാലിക്കാതെയെന്ന് ആരോപണം


മൂടാടി: നന്തിയിലെ ശ്രീശൈലം കുന്നിന് സമീപം പ്രവര്‍ത്തിച്ചു വരുന്ന വഗാഡ് ലേബര്‍ ക്യാമ്പിനെതിരെ ജനകീയ കമ്മറ്റി രൂപീകരിച്ച് നാട്ടുകാര്‍. ക്യാമ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയുയര്‍ത്തുന്ന സാഹചര്യത്തിലാണ് നടപടി. ക്യാമ്പിന് സമീപത്തുള്ള വീടുകളിലെ വെള്ളം മലിനമാവുകയും ദുര്‍ദന്ധം വമിക്കുകയും ചെയ്യുന്നുണ്ട്. കൂടാതെ ക്യാമ്പിന്റെ ചുറ്റുമതിലിന്റെ ചില ഭാഗങ്ങള്‍ അടര്‍ന്നുവീഴുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ജനകീയ കമ്മിറ്റി രൂപീകരിച്ച് പ്രക്ഷോഭം ശക്തമാക്കാന്‍ നാട്ടുകാര്‍ തീരുമാനിച്ചത്.

ശ്രീശൈലം കുന്നില്‍ ലേബര്‍ ക്യാമ്പ് പ്രര്‍ത്തനമാരംഭിച്ചതോടെ ക്യാമ്പിന് സമീപത്തെ വീട്ടിലുള്ളവര്‍ക്ക് കിണറില്‍ ആവശ്യത്തിന് വെള്ളമുണ്ടായിട്ടും കുടിവെള്ളം മുട്ടിയ അവസ്ഥയാണ്. കിണര്‍വെള്ളത്തിന് കടുത്ത ദുര്‍ഗന്ധവും വെള്ളത്തിന് മുകളില്‍ എണ്ണപോലെയുളള ആവരണവും കണ്ടതോടെ വെള്ളം ഉപയോഗിക്കാന്‍ പറ്റാത്ത അവസ്ഥയിലാണിവര്‍. ക്യാമ്പ് പ്രവര്‍ത്തനമാരംഭിച്ചതോടെയാണ് പ്രദേശത്തെ ജലസ്രോതസ്സുകളില്‍ മാറ്റം വന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. പ്രശ്‌നത്തിന് പരിഹാരം കാണുന്നതിനായി ശശി പുത്തലത്തിന്റെ അദ്ധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. എന്‍.കെ കുഞ്ഞിരാമന്‍ കണ്‍വീനറും ശശി പുത്തലത്ത് ചെയര്‍മാനുമായി ജനകീയ കമ്മിറ്റി രൂപീകരിച്ചു.

ക്യാമ്പിന് സമീപത്തെ ഒരു വീട്ടിലെ കിണര്‍ വെള്ളത്തിനാണ് ആദ്യം ദുര്‍ഗന്ധം അനുഭവപ്പെട്ടത്. ആ വീട്ടിലുള്ളവര്‍ക്ക് വയറിളക്കവും ഛര്‍ദ്ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തതിനു പിന്നാലെ പ്രദേശത്തെ മറ്റു കിണറുകളിലും സമാനമായ രീതിയില്‍ ദുര്‍ഗന്ധം അനുഭപ്പെട്ട് തുടങ്ങി. ആദ്യദിവസങ്ങളില്‍ വെള്ളത്തിന് നിറംമാറ്റമൊന്നുമുണ്ടായിരുന്നില്ല ദുര്‍ഗന്ധം മാത്രമാണുണ്ടായതെന്ന് പ്രദേശവാസികള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. എന്നാല്‍ പിന്നീട് വെളളത്തിനു മുകളില്‍ എണ്ണയുടേത് പോലുള്ള പാടകള്‍ പ്രത്യക്ഷപ്പെടാനും നിറം മാറാനും തുടങ്ങിയെന്നും ഇവര്‍ പറയുന്നു. നിലവില്‍ പ്രദേശത്തെ ഏഴോളം വീടുകളിലുള്ളവര്‍ക്ക് കിണര്‍വെള്ളം ഉപയോഗിക്കാന്‍ സാധിക്കാത്ത അവസ്ഥയാണ്. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പ്രദേശത്തെ കിണറുകളിലെ വെള്ളം പരിശോധനയ്ക്കയച്ചിട്ടുണ്ട്.

ശ്രീശൈലം കുന്ന് നിരത്തി വഗാഡ് ഇന്‍ഫ്ര കമ്പനി അവരുടെ പ്ലാന്റ് നിര്‍മ്മിക്കുകയും കമ്പനിയിലെ ജീവനക്കാര്‍ക്ക് താമസിക്കാനായി ക്യാമ്പുകള്‍ സജ്ജീകരിച്ചതോടെയാണ് പ്രദേശത്ത് മാറ്റങ്ങള്‍ കണ്ടുതുടങ്ങിയതെന്ന് ജനകീയ കമ്മിറ്റി കണ്‍വീന്‍ എന്‍.കെ കുഞ്ഞിരാമന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. കുന്ന് നിരത്തിയാണ് ഇവര്‍ ക്യാമ്പ് പ്രവര്‍ത്തപ്പിക്കുന്നത്. കുന്ന് നിരത്തിയ മണ്ണ് കൊണ്ടിട്ടതിന് സമീപത്തുള്ള ചുറ്റുമതിലിന്റെ ചിലഭാഗങ്ങള്‍ അടര്‍ന്ന് വീണിരുന്നു. ജനങ്ങള്‍ കടന്നുപോകുന്ന ഭാഗമാണിത്. യാതൊരു സുരക്ഷ മുന്‍കരുതലുകളും ഇവര്‍ ഇവിടെ സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. വെള്ളത്തിന്റെ പരിശോധന റിസള്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ക്യാമ്പിനെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

രണ്ട് മാസം മുമ്പാണ് ശ്രീശൈലം കുന്ന് നിരത്തി വഗാഡ് ഇന്‍ഫ്ര കമ്പനി അവരുടെ പ്ലാന്റ് നിര്‍മ്മിക്കുകയും കമ്പനിയിലെ ജീവനക്കാര്‍ക്ക് താമസിക്കാനായി ക്യാമ്പുകള്‍ സജ്ജീകരിക്കുകയും ചെയ്തത്. ദേശീയപാത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ട മെറ്റീരിയലുകളില്‍ മിക്കതും ഇവിടെ നിന്നാണ് മിക്സ് ചെയ്ത് കൊണ്ടുപോകുന്നത്. 1500ഓളം തൊഴിലാളികള്‍ താമസിക്കുന്ന ഇവരുടെ ലേബര്‍ ക്യാമ്പില്‍ കക്കൂസ് മാലിന്യങ്ങള്‍ നീക്കംചെയ്തത് യാതൊരു സുരക്ഷാ ക്രമീകരണങ്ങളും പാലിക്കാതെ എടുത്ത കുഴിയിലാണ്. ജനങ്ങള്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ഇതിന് മുകളില്‍ ഇവര്‍ ുഴിയില്‍ കോണ്‍ക്രീറ്റ് സ്ലാബുകള്‍ സ്ഥാപിച്ചത്. മാലിന്യങ്ങള്‍ കലരുന്ന രീതിയിലാണ് മാലിന്യ സംസ്‌ക്കരണത്തിന് സംവിധാനമൊരുക്കിയതെന്നും ഇവ മണ്ണിലൂടെ നേരിട്ട് പ്രദേശത്തെ ജലസ്രോതസ്സുകളില്‍ കലരാന്‍ സാധ്യതയുണ്ടെന്നും പ്രദേശവാസികള്‍ പറയുന്നു.

ജനകീയ കമ്മറ്റിയുടെ നേതൃത്വത്തില്‍ മുഴുവന്‍ പ്രദേശവാസികളെയും ബഹുജനങ്ങളെയും അണിനിരത്തി ഉപരോധം ഉള്‍പ്പെടെയുള്ള പ്രത്യക്ഷ സമരപരിപാടികള്‍ നടത്താനും യോഗത്തില്‍ ധാരണയായി. പ്രശ്‌നപരിഹാരത്തിനായി കലക്ടര്‍, ജില്ലാ ആരോഗ്യ കേന്ദ്രം, മലിനീകരണ നിയന്ത്രണ ജില്ലാ കേന്ദ്രം എന്നിവിടങ്ങളിലേക്ക് നിയമപോരാട്ടങ്ങള്‍ നടത്തും. പ്രദേശവാസികളുടെ ദുരവസ്ഥക്ക് ശാശ്വത പരിഹാരം കാണാതെ സമരമുഖത്ത് നിന്ന് പിന്മാറില്ലെന്ന് കമ്മറ്റി ഭാരവാഹികള്‍ വ്യക്തമാക്കി. യോഗത്തില്‍ പഞ്ചായത്ത് വൈസ്പ്രസിഡന്റ് ഷീജ പട്ടേരി, – സി.പി.എനന്തി ലോക്കല്‍ കമ്മിറ്റി സെക്രട്ടറി വിജയരാഘവന്‍ മാഷ്, കെ കുഞ്ഞികൃഷണന്‍ എന്നിവ സംസാരിച്ചു.