വിദ്യാര്‍ഥികളടക്കം നൂറുകണക്കിന് യാത്രികരുടെ സുരക്ഷിത യാത്രയ്ക്ക് വഴിയൊരുങ്ങും; പന്തലായനിയില്‍ ഫൂട്ട് ഓവര്‍ ബ്രിഡ്ജ് വരുന്നു


കൊയിലാണ്ടി: ഏറെക്കാലമായി കൊയിലാണ്ടി നിവാസികള്‍ ഉന്നയിക്കുന്ന പന്തലായനിയില്‍ ഫൂട്ട്ഓവര്‍ ബ്രിഡ്ജ് എന്ന ആവശ്യത്തിന് പച്ചക്കൊടികാട്ടി റെയില്‍വേ. പന്തലായനി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലേക്ക് പോകുന്ന ഭാഗത്തായി മൂന്ന് മീറ്റര്‍ വീതിയില്‍ ഫൂട്ട് ഓവര്‍ ബ്രിഡ് നിര്‍മ്മിക്കാനാണ് റെയില്‍വേ നിശ്ചയിച്ചിരിക്കുന്നത്.

നിര്‍മ്മാണത്തിന് ആവശ്യമായ ഫണ്ട് റെയില്‍വേ തന്നെ കണ്ടെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൊല്ലം യു.പി സ്‌കൂളിലെ കുട്ടികള്‍ കടന്നുപോകുന്ന കൊല്ലം ഭാഗത്ത് ഫൂട്ട് ഓവര്‍ ബ്രിഡ്ജ് നിര്‍മ്മിക്കണമെന്നതാണ് റെയില്‍വേയുടെ കൊയിലാണ്ടിയിലെ രണ്ടാമത്തെ പരിഗണന. സാമ്പത്തിക അനുമതിയുടെ പ്രയോറിറ്റി അനുസരിച്ചാണ് റെയില്‍വേ ഇവിടെ നിര്‍മ്മാണം നടത്തുക.

റെയില്‍വേ പാളത്തിലെ കുരുക്ക് കാരണം വിദ്യാര്‍ഥികളടക്കം നിരവധി ജീവനുകള്‍ ഇതിനകം ഇവിടെ നഷ്ടമായിട്ടുണ്ട്. പന്തലായനി ബി.ഇ.എം യു.പി.സ്‌കൂളിലെ വിദ്യാര്‍ഥി ആനന്ദിന്റെ മരണം ഏവരുടേയും കണ്ണുനനയിച്ച ഒന്നായിരുന്നു. ഫൂട്ട് ഓവര്‍ ബ്രിഡ്ജ് യാഥാര്‍ത്ഥ്യമാകുന്നത് പന്തലായനി ബി.ഇ.എം യു.പി സ്‌കൂള്‍, പന്തലായനി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, ഗവ. പ്രീ പ്രൈമറി സ്‌കൂള്‍, പന്തലയാനി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്നിവിടങ്ങളിലായുള്ള നൂറുകണക്കിന് വിദ്യാര്‍ഥികള്‍ക്ക് അപകടം ഭയക്കാതെ യാത്ര സാധ്യമാകും.

വളരെക്കാലമായി കൊയിലാണ്ടി നഗരസഭാ അധികൃതരുടെ നേതൃത്വത്തില്‍ പന്തലായനിയിലെയും കൊല്ലത്തെയും ജനങ്ങളും സ്‌കൂള്‍ പി.ടി.എ അടക്കവും നടത്തിയ ശക്തമായ ഇടപെടലിന്റെ ഭാഗമായാണ് റെയില്‍വേ ഇവിടെ ഫൂട്ട് ഓവര്‍ ബ്രിഡ്ജ് നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്.

Summary:It will pave the way for the safe journey of hundreds of passengers including students; A foot over bridge is coming up at Pantalayani