എംഡിഎംഎ പായ്ക്കറ്റ് വിഴുങ്ങി മരിച്ച യുവാവ് കഞ്ചാവ് പായ്ക്കറ്റും വിഴുങ്ങിയതായി സംശയം; പരിശോധന റിപ്പോര്‍ട്ട് പുറത്ത്


താമരശ്ശേരി: എംഡിഎംഎ പായ്ക്കറ്റ് വിഴുങ്ങി മരിച്ച യുവാവ് കഞ്ചാവ് പായ്ക്കറ്റും വിഴുങ്ങിയതായി സംശയം. ഡോക്ടര്‍മാരുടെ പരിശോധനാ റിപ്പോര്‍ട്ട് പുറത്തുവന്നു. രണ്ട് എംഡിഎംഎ പായ്ക്കറ്റുകള്‍ക്ക് പുറമേ മറ്റൊരു പായ്ക്കറ്റും ഇയാളുടെ വയറ്റില്‍ നിന്ന് കണ്ടെത്തിയിരുന്നു. ഇത് കഞ്ചാവ് അടങ്ങിയ പായ്ക്കറ്റാണെന്നാണ് സംശയം. താന്‍ കഞ്ചാവ് വിഴുങ്ങിയതായി ഷാനിദ് പൊലീസിനോട് പറഞ്ഞിരുന്നു.

വെള്ളിയാഴ്ച പൊലീസ് പട്രോളിങ്ങിനിടെയാണ് സംശയാസ്പദമായ സാഹചര്യത്തില്‍ ഷാനിദിനെ പൊലീസ് പിടികൂടുന്നത്. പൊലീസ് വാഹനം കണ്ടയുടന്‍ ഷാനിദ് കൈയിലുണ്ടായിരുന്ന പൊതികള്‍ വിഴുങ്ങി ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. ഇത് കണ്ട പൊലീസ് പിന്നാലെ ഓടി ഷാനിദിനെ പിടികൂടി.

താന്‍ വിഴുങ്ങിയത് എംഡിഎംഎ ആണെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. തുടര്‍ന്ന് പൊലീസ് ഷാനിദിനെ ആദ്യം താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച യുവാവിനെ എന്‍ഡോസ്‌കോപ്പിക്ക് വിധേയനാക്കി.

ഇതില്‍ യുവാവിന്റെ വയറ്റില്‍ രണ്ട് പൊതികളിലായി ക്രിസ്റ്റല്‍ രൂപത്തിലുള്ള വസ്തു ഉണ്ടെന്ന് സ്ഥിരീകരിച്ചു. ഇതിന് പിന്നാലെ യുവാവിന്റെ നില വഷളാകുകയും മരണപ്പെടുകയുമായിരുന്നു. ഗള്‍ഫില്‍ ജോലി ചെയ്തുവരികയായിരുന്നു ഷാനിദ്. അടുത്തിടെയാണ് ഇയാള്‍ നാട്ടിലെത്തിയത്.