കൊയിലാണ്ടി പഴയ ബസ് സ്റ്റാന്റ് പരിസരത്ത് ലേലം ചെയ്യാനായി മാറ്റിവെക്കാന്‍ നഗരസഭ നിര്‍ദേശിച്ച മണ്ണ് സ്വകാര്യ വ്യക്തി പുറത്തേക്ക് കടത്തിയതായി ആരോപണം; അന്വേഷിച്ച് വേണ്ട നടപടികളെടുക്കുമെന്ന് ചെയര്‍പേഴ്‌സണ്‍


കൊയിലാണ്ടി: പഴയ ബസ് സ്റ്റാന്റ് പരിസരത്ത് ലേലം ചെയ്യാനായി നഗരസഭ വെച്ച മണ്ണ് സ്വകാര്യ വ്യക്തി വ്യാപകമായി പുറത്തേക്ക് കടത്തിയതായി ആരോപണം. മലപ്പുറത്തുള്ള ഒരു കമ്പനിക്ക് മുനിസിപ്പാലിറ്റി ബില്‍ഡിങ് നിര്‍മ്മിക്കാന്‍ പെര്‍മിറ്റ് നല്‍കിയ സ്ഥലത്ത് അണ്ടര്‍ഗ്രൗണ്ടിനായി അന്‍പത് മീറ്റര്‍ ആഴത്തില്‍ കുഴിയെടുത്തിരുന്നു. ഈ മണ്ണ് മുനിസിപ്പാലിറ്റി ലേലം ചെയ്യാനായി വെച്ചത് സ്വകാര്യ വ്യക്തി മറിച്ചുവിറ്റുവെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.

ബപ്പന്‍കാട് അടിപ്പാതയ്ക്ക് സമീപത്തുള്ള പറമ്പിലേക്ക് ഈ മണ്ണ് മറിച്ച് നല്‍കിയെന്നാണ് ആരോപണം. രാത്രിയിലും പുലര്‍ച്ചയുമാണ് മണ്ണ് കൂടുതലായി നീക്കം ചെയ്തത്.

പുതിയ കെട്ടിടത്തിന്റെ പണി നടക്കുന്നതിന്റെ ഭാഗമായി ഖനനം ചെയ്യുന്ന മണ്ണ് അന്‍പത് മീറ്ററിനുള്ളില്‍ മറ്റൊരു സ്ഥലത്തേക്ക് നിക്ഷേപിച്ച് ലേലം ചെയ്യാനാണ് നഗരസഭ തീരുമാനിച്ചത്. ഇത്ര മീറ്റര്‍ വീതിയില്‍ ഇത്ര ആഴത്തില്‍ കുഴിയെടുത്താല്‍ ഇത്ര മണ്ണ് എന്ന കണക്കില്‍ തിട്ടപ്പെടുത്തി അത് മൊത്തമായി ലേലം ചെയ്യാമെന്നായിരുന്നു തീരുമാനം. നിര്‍മാണ്‍ കണ്‍സ്ട്രക്ഷന്‍ എന്ന കമ്പനിയാണ് പ്രവൃത്തി ഏറ്റെടുത്തിട്ടുള്ളത്.

എന്നാല്‍ മണ്ണ് നീക്കം ചെയ്യാനായി കമ്പനി ചുമതലപ്പെടുത്തിയ സ്വകാര്യ വ്യക്തി നഗരസഭയുടെ അനുമതിയില്ലാതെ മണ്ണ് മറിച്ചുവിറ്റുവെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. നഗരസഭയുടെ നികുതി വരുമാനത്തിലേക്ക് വരവ് വെക്കേണ്ട തുകയാണ് ഇതോടെ നഷ്ടമായതെന്നാണ് പ്രദേശത്തുകാര്‍ ആരോപിക്കുന്നത്. പ്രതിഷേധത്തെ തുടര്‍ന്ന് ഇവിടെ നിന്ന് മണ്ണ് മാറ്റുന്നത് നിര്‍ത്തിവെച്ചിട്ടുണ്ട്.

ഇതുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അതിനെക്കുറിച്ച് അന്വേഷിച്ച് നഗരസഭ വേണ്ട തീരുമാനങ്ങള്‍ കൈക്കൊള്ളുമെന്നും ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.