ആറു വർഷത്തെ കാത്തിരിപ്പിന് ശേഷം കേരള ബ്ലാസ്റ്റേഴ്‌സ് വീണ്ടും വരുകയാണ്; ഐ.എസ്.എല്‍ സൂപ്പര്‍ ഫൈനല്‍ ഇന്ന്
പനാജി: കേരളത്തിന് ഇന്ന് സ്വപ്നരാവാണ്. ഒരുപാട് പ്രതീക്ഷകളോടെയും പ്രാർത്ഥനകളോടെയും കേരള.ക്കര ഒന്നാകെ കാത്തിരിക്കുന്ന നാൾ. ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ കന്നിക്കിരീടത്തിനായി കേരളാ ബ്ലാസ്‌റ്റേഴ്‌സും ഹൈദരാബാദ് എഫ്.സിയും ഇന്ന് നേർക്കുനേർ ഏറ്റുമുട്ടുകയാണ്. കലാശപ്പോരാട്ടം ഫറ്റോര്‍ദയിലെ ജവാഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ വൈകിട്ട് 7.30 ന് ആരംഭിക്കും.
ഹൈദരാബാദിന് ഇത് കന്നി ഫൈനലാണ്, കേരളത്തിന് മൂന്നാമൂഴവും. 2016നു ശേഷം ആദ്യമായിട്ടാണ് ബ്ലാസ്റ്റേഴ്‌സ് ഫൈനലിലെത്തിയത്. അന്നു കലാശക്കളിയില്‍ അത്‌ലറ്റികോ ഡി കൊല്‍ക്കത്തയോടു ഷൂട്ടൗട്ടില്‍ തോല്‍ക്കുകയായിരുന്നു. അതിനു മുമ്പ് 2014ലെ പ്രഥമ സീസണിലും മഞ്ഞപ്പട ഫൈനലിലുണ്ടായിരുന്നെങ്കിലും അന്നും അത്‌ലറ്റികോ ഡി കൊല്‍ക്കത്തയാണ് കിരീടം തട്ടിയെടുത്തത്.
ഫൈനലിൽ കാണികൾക്ക് പ്രവേശനം അനുവദിച്ചിട്ടുള്ളതിനാൽ സ്റ്റഡിയും മഞ്ഞ കടലാക്കാനായി ടിക്കറ്റ് ഒട്ടുമുക്കാലും സ്വന്തമാക്കിയിരിക്കുന്നത് കേരളം ബ്ലാസ്റ്റേഴ്‌സ് ഫാൻസാണ്. ആറു വർഷത്തിന് ശേഷം കേരള ബ്ലാസ്റ്റേഴ്സിന്റെ ഫൈനലിലേക്കുള്ള വരവിൽ ആറാടുകയാണ് ആരാധകർ.
മലയാളി താരം കെ.പി. രാഹുല്‍, ജീക്‌സണ്‍ സിങ്, സഞ്‌ജീവ് സ്‌റ്റാലിന്‍, എട്ടാം സീസണിലെ മികച്ച ഗോള്‍ കീപ്പറായ പ്രഭുസുഖന്‍ സിങ് ഗില്‍, ആയുഷ് അധികാരി, റൂയിവ ഹോര്‍മിപാം തുടങ്ങിയവരടങ്ങിയ മികച്ച ടീമാണ് കേരളത്തിന്റേത് . ഇവാൻ വുകോമനോവിച്ച് എന്ന ആശാന്റെ ശിക്ഷണം കൂടി ആയതോടെ ഇരട്ടി ശക്ത്തിയോടെയാണ് കേരളം ഇറങ്ങുന്നത്.
ഈ സീസണിൽ ബ്ളാസ്റ്റേഴ്സും ഹൈദരാബാദും രണ്ട് തവണ ഏറ്റുമുട്ടിയിട്ടുണ്ട്. ജനുവരിയിൽ ബ്ളാസ്റ്റേഴ്സ് 1-0ത്തിന് ജയിച്ചപ്പോൾ ഫെബ്രുവരിയിൽ ഹൈദരാബാദ് 2-1ന് തിരിച്ചടിച്ചു. ആകെ ആറു തവണ തമ്മിൽ ഏറ്റുമുട്ടി. ഇരുവരും മൂന്ന് ജയം വീതം കുറിച്ചു.
ഇത്തവണ തുടക്കം മുതല്‍ വലിയ പ്രതീക്ഷയോടെയായിരുന്നു ബ്ലാസ്‌റ്റേഴ്‌സ് ഉണ്ടായിരുന്നത്. അപകടകാരികളായ ജംഷഡ്പൂര്‍ എഫ്‌സിയെ ആവേശകരമായ പോരാട്ടത്തില്‍ ഇരുപാദങ്ങളിലുമായി നടന്ന സെമി ഫൈനലില്‍ 2-1നു വീഴ്ത്തിയാണ് കൊമ്പന്‍മാര്‍ കലാശക്കളിയിലേക്കു മുന്നേറിയത്.