‘നാടന്‍പാട്ട് മത്സരത്തിലെ വിധി നിര്‍ണയത്തില്‍ ക്രമക്കേട്’; നാദാപുരത്ത് ബി സോണ്‍ കലോത്സവത്തിനിടെ എസ്.എഫ്.ഐ പ്രവര്‍ത്തകരെ യുഡിഎസ്എഫ് മര്‍ദിച്ചതായി പരാതി


നാദാപുരം: ബി സോണ്‍ കലോത്സവത്തിനിടെ വിധിനിര്‍ണ്ണയവുമായി ബന്ധപ്പെട്ട് പരാതി പറയാന്‍ എത്തിയ എസ്.എഫ്.ഐ പ്രവര്‍ത്തകരെ മര്‍ദിച്ചതായി പരാതി. കോഴിക്കോട് ഗവണ്മെന്റ് ലോ കോളേജ് യൂണിയന്‍ ചെയര്‍മാന്‍ സാനന്തിനെ മര്‍ദിക്കുകയും വൈസ് ചെയര്‍പേഴ്‌സണ്‍ ഗോപികയെയും മുറിയില്‍ പൂട്ടിയിട്ട് അപമര്യാദയോടെ പെരുമാറിയെന്നുമാണ് പരാതി.

പുളിയാവ് നാഷണല്‍ കോളേജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ഇന്ന് പുലര്‍ച്ചെ 1.30ഓടെയാണ് സംഭവം.നാടന്‍പാട്ട് മത്സരഫലവുമായി ബന്ധപ്പെട്ട് ഫലപ്രഖ്യാപനത്തില്‍ ക്രമക്കേടുണ്ടെന്ന് ചൂണ്ടിക്കാട്ടി കോഴിക്കോട് ഗവ.ലോ കോളേജിലെയും പ്രോവിഡന്‍സ് കോളേജിലെയും വിദ്യാര്‍ത്ഥികള്‍ അപ്പീലുമായി പ്രോഗ്രാം കമ്മിറ്റിയെ സമീപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് മര്‍ദനമുണ്ടായതെന്നാണ് വിവരം.

യുഡിഎസ്എഫ് പ്രവര്‍ത്തകര്‍ മര്‍ദിച്ചുവെന്നാണ് എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ പരാതി. പ്രവര്‍ത്തകര്‍ പൊലീസില്‍ പരാതി നല്‍കി. പരിക്കേറ്റ വിദ്യാര്‍ത്ഥികള്‍ നാദാപുരം താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.