പ്രിയപ്പെട്ടവന്റെ വിയോ​ഗം താങ്ങാനാവാതെ നാടും വീടും; ഇരിങ്ങലിലുണ്ടായ അപകടത്തിൽ മരിച്ച ശ്രീനാഥിന്റെ മൃതദേഹം സംസ്ക്കരിച്ചു


വടകര: ഇരിങ്ങലിൽ കാറും ലോറിയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ മരിച്ച വടകര സ്വദേശി ശ്രീനാഥിന്റെ മൃതദേഹം സംസ്ക്കരിച്ചു. പോസ്റ്റുമോർട്ട നടപടികൾക്ക് ശേഷം വീട്ടിൽ എത്തിച്ച മൃതദേഹം പൊതു ദർശനത്തിന് വെച്ച ശേഷമാണ് സംസ്ക്കാര ചടങ്ങുകൾ നടന്നത്. അപ്രതീക്ഷിതമായ ശ്രീനാഥിന്റെ വിയോ​ഗം ഉൾക്കൊള്ളാനാവാതെ അതീവ ദു:ഖത്തിലായിരുന്നു ബന്ധുക്കളും സുഹൃത്തുക്കളും സഹപ്രവർത്തകരുമെല്ലാം.

ഭാര്യയ്ക്കും മകനുമൊപ്പം ​ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിന് പോയതായിരുന്നു ശ്രീനാഥ്. തിരികെ വീട്ടിലേക്കു വരുന്ന വഴിയിലാണ് അപകടത്തിന്റെ രൂപത്തിൽ മരണം ശ്രീനാഥിനെ കവർന്നെടുത്തത്. ഇരിങ്ങൽ മങ്ങൂൽ പാറയ്ക്ക് സമീപം ഇന്ന് രാവിലെ ആറ് മണിയോടെയാണ് അപകടം സംഭവിച്ചത്.

ശ്രീനാഥ് സഞ്ചരിച്ച കാറും എതിർ ദിശയിൽ നിന്ന് വന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ ​ഗുരുതരമായി പരിക്കേറ്റ ശ്രീനാഥിനെ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ ‍അവന്യക്ക് കൈക്ക് പരിക്കുണ്ട്.

നാലുവർഷം മുന്നേ ബെെക്കപകടത്തിൽ ശ്രീനാഥിന് പരിക്കേറ്റിരുന്നു. ഇതേ തുടർന്ന് ഒരു കാലും മുറിച്ചുമാറ്റേണ്ടി വന്നു. എന്നാൽ ഇതിലൊന്നും തളരാതെ ജീവിതത്തെ പുഞ്ചിരിയോടെ നേരിടുന്നതിനിടയിലാണ് ശ്രീനാഥിന്റെ അപ്രതീക്ഷിത മരണം.

വടകര മുന്‍സിപ്പല്‍ പാര്‍ക്കിന് സമീപം കോരപ്പറമ്പത്ത് ശ്രീധരന്‍ – നാരായണി ദമ്പതികളുടെ ഏക മകനാണ് ശ്രീനാഥ്. വടകര മുത്തൂറ്റിലെ ജീവനക്കാരനാണ്.