ദേശീയ അന്തര്‍ദേശീയ അക്കാദമിക പണ്ഡിതന്മാരും അധ്യാപകരും ഗവേഷകരും വിദ്യാര്‍ഥികളും പങ്കാളികളാവും; എസ്.എന്‍.ഡി.പി കോളേജില്‍ ഇന്റര്‍നാഷണല്‍ വെബിനാര്‍ സിരീസ്


കൊയിലാണ്ടി: എസ്.എന്‍.ഡി.പി കോളേജില്‍ ഗുരുവചന്‍ എന്ന പേരില്‍ ഇന്റര്‍നാഷണല്‍ വെബിനാര്‍ സീരീസ് ആരംഭിച്ചു. കേരളാ സ്റ്റേറ്റ് ഹയര്‍ എജ്യൂക്കേഷന്‍ കൗണ്‍സിലിന്റെ സഹകരണത്തോടെ 2023 നവംബര്‍ 24 മുതല്‍ ഡിസംബര്‍ 4 വരെ നീണ്ടു നില്‍ക്കുന്ന അന്തര്‍ദേശീയ വെബിനാര്‍ കാലിക്കറ്റ് സര്‍വ്വകലാശാലാ റജിസ്ട്രാര്‍ പ്രൊഫ.സതീഷ് ഇ.കെ ഉദ്ഘാടനം ചെയ്തു.

പ്രിന്‍സിപ്പല്‍ ഡോ.സുജേഷ് സി.പി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ചാന്ദിനി.പി.എം സ്വാഗതവും യു.ജി.സി എമിറിറ്റസ് പ്രൊഫസര്‍ ഡോ.ആര്‍.രവീന്ദ്രന്‍, റിസര്‍ച്ച് ഓഫീസര്‍ കേരള സ്റ്റേറ്റ് ഹയര്‍ എഡ്യൂക്കേഷന്‍ കൗണ്‍സില്‍ ഡോ. ഷഫീഖ്.വി എന്നിവര്‍ ആശംസയും പ്രോഗ്രാം കോഡിനേറ്റര്‍ ഡോ. ഭവ്യ.ബി നന്ദിയും പറഞ്ഞു.

വിദ്യാര്‍ത്ഥികളില്‍ ഊര്‍ജ്ജസ്വലമായ പഠനാന്തരീക്ഷം പരിപോഷിപ്പിക്കുക, അക്കാദമിക വികസനത്തിന്റെ വിവിധ തലങ്ങളെ കുറിച്ച് മികച്ച അവബോധം സൃഷ്ടിക്കുക, ഇന്റര്‍ ഡിസിപ്ലിനറി വിഷയങ്ങള്‍, അത്യാധുനിക ഗവേഷണം,
നൂതന ആശയങ്ങള്‍ എന്നിവ പര്യവേഷണം ചെയ്യാന്‍ വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിന്
സമ്പന്നവും പരിവര്‍ത്തനോന്മുഖവുമായ വിദ്യാഭ്യാസ അനുഭവം സ്ഥാപിക്കുക എന്നിവയാണ് വെബിനാറിന്റെ ലക്ഷ്യം.

വിവിധ സര്‍വ്വകലാശാലകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ദേശീയ അന്തര്‍ദേശീയ അക്കാദമിക പണ്ഡിതന്മാരും അധ്യാപകരും വിദ്യാര്‍ത്ഥികളും ഗവേഷകരും വെബിനാറില്‍ പങ്കാളികളാവും. വെബിനാര്‍ ഡിസംബര്‍ 4ന് സമാപിക്കും.