കൊല്ലം ചിറയ്ക്ക് സമീപത്തെ ഫോര്‍ ഓ ക്ലോക്ക് റെസ്റ്റോറന്റില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്ത സംഭവം’; വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതിന് കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനെതിരെ വക്കീല്‍ നോട്ടീസ് അയച്ച് റെസ്റ്റോറന്റ്


കൊയിലാണ്ടി:പഴകിയ ഭക്ഷണം പിടിച്ചെടുത്തത് സംബന്ധിച്ച് വാര്‍ത്ത നല്‍കിയതിന് കൊയിലാണ്ടി ന്യൂസ് ഡോട് കോമിന് ഹോട്ടല്‍ ഉടമയുടെ വക്കീല്‍ നോട്ടീസ്. 2024 ജനുവരി 10ന് നഗരസഭാ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയില്‍ ഫോര്‍ ഒ ക്ലോക്കില്‍ നിന്നും പഴകിയ ഭക്ഷണ സാധനങ്ങളും നിരോധിത പ്ലാസ്റ്റിക് ഉല്പന്നങ്ങളും പിടിച്ചെടുത്തിരുന്നു. ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരിലാണ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനെതിരെ ഹോട്ടല്‍ അധികൃതര്‍ വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.

നഗരസഭാ ആരോഗ്യവിഭാഗത്തില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ നഗരസഭാ സെക്രട്ടറിയെ വിളിച്ച് സ്ഥിരീകരിച്ചതിന് ശേഷമാണ് കൊയിലാണ്ടി ന്യൂസ് ഇതുസംബന്ധിച്ച വാര്‍ത്തയും പിടിച്ചെടുത്ത ഭക്ഷണ സാധനങ്ങളുടെ ഫോട്ടോയും അടക്കം പ്രസിദ്ധീകരിച്ചത്. എന്നാല്‍ തങ്ങളുടെ സ്ഥാപനത്തില്‍ നിന്നും പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തിട്ടില്ലെന്നും സ്ഥാപനത്തെ അപകീര്‍ത്തിപ്പെടുത്തുക, പൊതുജനമധ്യത്തില്‍ അപകീര്‍ത്തിപ്പെടുത്തുക എന്നീ ഉദ്ദേശത്തോടെ തെറ്റായ വാര്‍ത്ത നല്‍കിയെന്നാണ് ഫോര്‍ ഒ ക്ലോക്ക് വക്കീല്‍നോട്ടീസില്‍ ആരോപിക്കുന്നത്.

വാര്‍ത്ത വന്നതോടെ സ്ഥാപനത്തിന്റെ ബിസിനസില്‍ വലിയ തോതില്‍ ഇടിവുണ്ടായെന്നും പത്തുലക്ഷത്തോളം രൂപയുടെ സാമ്പത്തിക നഷ്ടം സംഭവിച്ചിട്ടുണ്ടെന്നും അതിനാല്‍ നോട്ടീസ് ലഭിച്ച് പത്തുദിവസത്തിനുള്ളളില്‍ പത്തുലക്ഷം രൂപയും വക്കീല്‍നോട്ടീസിന് ചിലവായ തുകയും നഷ്ടപരിഹാരമായി നല്‍കണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെടുന്നത്.

വക്കീല്‍ നോട്ടീസിനെ നിയമപരമായി നേരിടാനാണ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി കൊയിലാണ്ടി ന്യൂസ് ഡോട് കോം അഭിഭാഷകന്‍ മുഖേന ഫോര്‍ ഒ ക്ലോക്കിന്റെ നോട്ടീസിന് മറുപടി നല്‍കിയിട്ടുണ്ട്. ഭാവിയില്‍ ഇത്തരം വസ്തുതകള്‍ കൊയിലാണ്ടി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത് തടയുകയെന്ന ലക്ഷ്യം കൂടി ഈ നോട്ടീസിനുണ്ടെന്ന കാര്യം മറുപടിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. പൊതുജന ആരോഗ്യത്തെയും ജീവിതത്തെയും സംബന്ധിക്കുന്ന ഒരു വിഷയമാണിതെന്നതിനാല്‍ അതിന്റെ വസ്തുത പൊതുജനങ്ങളെ അറിയിക്കുകയെന്നത് മാധ്യമസ്ഥാപനമെന്ന നിലയില്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിന്റെ ഉത്തരവാദിത്തമാണ്. അത് നിറവേറ്റുകയാണ് ഞങ്ങള്‍ ചെയ്തിട്ടുള്ളത്. ഇനിയും പൊതുസമൂഹത്തിന്റെ ആരോഗ്യത്തെ ബാധിക്കുന്ന ഇത്തരം സംഭവങ്ങള്‍ നടന്നാല്‍ കൊയിലാണ്ടി ന്യൂസ് അത് റിപ്പോര്‍ട്ട് ചെയ്യുമെന്നും മറുപടിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.