സേവ് ഹെല്‍ത്ത് ആന്‍ഡ് ഹാപ്പി സ്‌കൂള്‍; ഹൈസ്‌ക്കൂള്‍ വിഭാഗം വിദ്യാര്‍ത്ഥികളുടെ ആരോഗ്യ പരിരക്ഷ ഉറപ്പാക്കാന്‍ മുന്നിട്ടിറങ്ങി കൊയിലാണ്ടി നഗരസഭ


കൊയിലാണ്ടി: നഗരസഭയിലെ ഹൈസ്‌ക്കൂള്‍ വിഭാഗം വിദ്യാര്‍ത്ഥികളുടെ ആരോഗ്യ പരിരക്ഷ ഉറപ്പാക്കാന്‍ പ്രത്യേക പദ്ധതി. നഗരസഭ ദിശ -സമഗ്ര വിദ്യാഭ്യാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആവിഷ്‌കരിച്ച സേവ് ഹെല്‍ത്ത് ആന്‍ഡ് ഹാപ്പി സ്‌കൂളിന്റെ ഉദ്ഘാടനം നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ നിജില പറവക്കൊടി നിര്‍വ്വഹിച്ചു.

നഗരസഭയിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളുടെ ഉയരം, തൂക്കം, ബി.പി. ഷുഗര്‍, ഹിമോഗ്ലോബിന്‍ ടെസ്റ്റുകള്‍ നടത്തി രോഗാവസ്ഥതിരിച്ചറിയുകയും തുടര്‍ചികിത്സ ലഭ്യമാക്കുകയും ചെയ്യുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമാക്കുന്നത്.

ആരോഗ്യസ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ സി. പ്രജില പരിപാടിയില്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍മാരായ വത്സരാജ് കേളോത്ത്, പ്രജിഷ, ചന്ദ്രിക, എച്ച്.ഐ രാജേഷ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. നഗരസഭാ എച്ച്.ഐ റിഷാദ്, താലൂക്ക് ആശുപത്രി എച്ച്.ഐ ഷനോജ് എന്നിവര്‍ പങ്കെടുത്തു. രമേശന്‍ വലിയാട്ടില്‍ സ്വാഗതവും സുരേഷ് മാസ്റ്റര്‍ നന്ദിയും പറഞ്ഞു.