കാപ്പാട് വെച്ച് ഒമാന്‍ പൗരന്‍ യുവതിയെ ആക്രമിച്ച സംഭവം; പ്രതിക്ക് സംരക്ഷണമൊരുക്കിയ മുസ്ലിം ലീഗ് നേതാവിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ഡി.വൈ.എഫ്.ഐ
കാപ്പാട്: കഴിഞ്ഞ ദിവസം രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന യുവതിയെ ഒമാന്‍ പൗരന്‍ കടന്നു പിടിച്ച സംഭവത്തില്‍ ശക്തമായ അന്വേഷണം നടത്തണമെന്ന് ഡിവൈഎഫ്‌ഐ കാപ്പാട് മേഖല കമ്മിറ്റി ആവശ്യപ്പെട്ടു. പ്രതിയേയും പ്രതിക്ക് സംരക്ഷണമൊരുക്കിയവരേയും നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് മാതൃകാപരമായ ശിക്ഷ വാങ്ങിക്കൊടുക്കുന്നതിന് പോലീസിന്റെ ഭാഗത്ത് നിന്നും ശക്തമായ നടപടികള്‍ ഉണ്ടാവണം. ഈ വിഷയത്തില്‍ മുസ്ലീം ലീഗിന്റെ നിലപാട് വ്യക്തമാക്കണമെന്നും ഡിവൈഎഫ്‌ഐ കാപ്പാട് മേഖല കമ്മിറ്റി ആവശ്യപ്പെട്ടു.
കാപ്പാട് സിദ്ധീഖ് പള്ളിക്ക് സമീപത്തുള്ള പ്രമുഖ മുസ്ലീം ലീഗ് നേതാവിന്റെ വീട്ടില്‍ ദിവസങ്ങളായി ഒമാന്‍ സ്വദേശി താമസിച്ചു വരികയായിരുന്നു. സംസ്ഥാന തലത്തില്‍ ലീഗിന്റെ തലമുതിര്‍ന്ന നേതാവിന്റെ അടുത്ത ബന്ധുവായ ഈ നേതാവിന്റെ വീട്ടില്‍ പലപ്പോഴായി മാസങ്ങളോളം വിദേശ പൗരന്‍മാര്‍ വന്ന് താമസിക്കാറുള്ളതാണെന്നും ഡിവൈഎഫ്‌ഐ കാപ്പാട് മേഖല കമ്മിറ്റി ഭാരവാഹികള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.
യുവതിയെ അക്രമിച്ച ശേഷവും പ്രതിക്ക് സുരക്ഷിതമായി ഒളിവില്‍ താമസിക്കാനുള്ള സൗകര്യം ഒരുക്കിക്കൊടുക്കുകയും അക്രമിക്കപ്പെട്ട യുവതിയെയും കുടുംബത്തെയും അപകീര്‍ത്തപ്പെടുന്ന തരത്തില്‍ സംസാരിക്കുകയും ചെയ്ത മുസ്ലീം ലീഗ് നേതാവിന്റെ നിലപാട് ഒരു പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ലെന്നും ഡിവൈഎഫ്‌ഐ കാപ്പാട് മേഖല കമ്മിറ്റി പറഞ്ഞു.