2022 ല്‍ കോഴിക്കോട് ജില്ലാ കോടതി വളപ്പില്‍ അതിക്രമിച്ച് കയറി ഗാന്ധി പ്രതിമ തകര്‍ത്തു; ജാമ്യത്തിലിറങ്ങി രണ്ട് വര്‍ഷത്തോളമായി മുങ്ങിനടന്നിരുന്ന പ്രതിയെ പിടികൂടി പോലീസ്


കോഴിക്കോട്: കോടതി വളപ്പില്‍ അതിക്രമിച്ച് കയറി ഗാന്ധി പ്രതിമ തകര്‍ത്ത കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങി നടന്ന പ്രതി പിടിയില്‍. കക്കോടി മുക്ക് ആക്കുംപറമ്പത്ത് ഹൗസില്‍ നാരായണന്‍ (55) ആണ് ടൗണ്‍ പോലീസിന്റെ പിടിയിലായത്.

2022 ഏപ്രില്‍ 6 ന് ആണ് കേസിന് ആസ്പദമായ സംഭവം. കോഴിക്കോട് ജില്ലാ കോടതി വളപ്പിലേക്ക് അതിക്രമിച്ച് കയറി കോമ്പൗണ്ടിലെ പുണ്യ വൃക്ഷത്തിന് സമീപത്തായി കേരള ഹൈക്കോടതിയുടെ അനുമതിയോടെ സ്ഥാപിച്ച ഗാന്ധി പ്രതിമ നശിപ്പിക്കുകയായിരുന്നു.

സംഭവത്തില്‍ പ്രതി ജാമ്യത്തിലിറങ്ങി കോടതിയില്‍ ഹാജരാവാതെ മുങ്ങി നടക്കുകയായിരുന്നു. പ്രതിയെ ടൗണ്‍ പോലീസ് എസ്.ഐ ജെയിന്‍ സി.പി.ഓ അരുണ്‍ സീനിയര്‍ സി.പി.ഓ നിതീഷ് എന്നിവരുടെ നേതൃത്വത്തില്‍ പിടികൂടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

Summary: in-the-case-of-trespassing-in-the-court-premises-and-destroying-the-statue-of-gandhi-the-accused-who-went-on-bail-and-drowned-was-arrested.