ബി.ടെക്കുകാരൻ ഇക്രു, എം.ബി.എക്കാരനായ പക്രു, ലഹരിപാർട്ടികൾ പതിവ്; വിൽപ്പനയ്ക്കായെത്തിച്ച 21 കിലോ കഞ്ചാവുമായി മാവേലിക്കരയിൽ യുവാക്കൾ പിടിയിൽ


Advertisement

മാവേലിക്കര: വിൽപ്പനയ്ക്കായി കൊണ്ടുവന്ന 21 കിലോ കഞ്ചാവുമായി രണ്ടുയുവാക്കൾ മാവേലിക്കരയിൽ പിടിയിലായി. മാവേലിക്കര പ്രായിക്കര കണ്ടത്തിൽ ചിറയിൽ താജു (30), മണക്കാട് കളീയ്ക്ക വടക്കതിൽ വിനീത് (30) എന്നിവരെയാണ് കഞ്ചാവും അത് കടത്താനുപയോ​ഗിച്ച കാറുമായി പോലീസ് പിടികൂടിയത്. അഞ്ചുലക്ഷം രൂപയ്ക്കു മുകളിൽ വിലവരുന്ന കഞ്ചാവാണ് പിടിച്ചതെന്നും മേഖലയിലെ ലഹരിവിൽപ്പനയുടെ പ്രധാന കണ്ണികളാണിവരെന്നും എക്‌സൈസ് അധികൃതർ പറഞ്ഞു.

Advertisement

ഇക്രു, പക്രു എന്നീ ഓമനപ്പേരുകളിൽ അറിയപ്പെടുന്ന ഇവർ ലഹരി പാർട്ടികളിലെ സ്ഥിരസാന്നിധ്യമാണെന്ന് അധികൃതർ പറഞ്ഞു. ഇവരുടെ വിതരണശൃംഖലയിലെ കണ്ണികളെപ്പറ്റി ആലപ്പുഴ എക്‌സൈസ് ഇന്റലിജൻസ് ബ്യൂറോയ്ക്കു സൂചന ലഭിച്ചിട്ടുണ്ട്. അഞ്ചുഗ്രാമിന്റെ പൊതി 500 രൂപയ്ക്കാണു വിറ്റിരുന്നതെന്ന് ഇവർ മൊഴിനൽകിയിട്ടുണ്ട്. ആഡംബര ബൈക്കുകളിലെത്തുന്ന യുവാക്കൾക്ക് കഞ്ചാവ് നൽകാനായി പോകുന്നതിനിടെയാണ് കാറിൽ നിന്ന് ഇവരെ പിടികൂടിയത്.

Advertisement

ഉയർന്ന വിദ്യാഭ്യാസ യോ​ഗ്യതയുള്ളവരാണ് പിടിയിലായ ഇരുവരും. ഒന്നാംപ്രതിയായ താജു എൻജിനിയറിങ് ബിരുദധാരിയും (ബി.ടെക്) രണ്ടാം പ്രതി വിനീത് എം.ബി.എ.ക്കാരനുമാണ്.

Advertisement

പരിശോധനയ്ക്ക് എക്സൈസ് ഇന്റലിജൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയിലെ ഇൻസ്‌പെക്ടർ എ. ഫെമിൻ, ഇന്റലിജൻസ് ബ്യൂറോയിലെ പ്രിവന്റീവ് ഓഫീസർമാരായ ഐ. ഷിഹാബ്, ജി. ഗോപകുമാർ, ജി. അലക്സാണ്ടർ, എം. അബ്ദുൽ ഷുക്കൂർ, എക്‌സൈസ് മാവേലിക്കര റേഞ്ച് ഇൻസ്‌പെക്ടർ പി. സജു, പ്രിവന്റീവ് ഓഫീസർ വി. ബെന്നിമോൻ, സിവിൽ എക്‌സൈസ് ഓഫീസർമാരായ യു. ഷിബു, പ്രതീഷ് പി. നായർ, വി. അരുൺ, നിമ്മി കൃഷ്ണൻ എന്നിവർ പങ്കെടുത്തു.

Summary: in mavelikkara btech and mba graduates are arrested with ganja