കോഴിക്കോട് പിടിയിലായത് കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുനിന്നടക്കം ബൈക്ക് മോഷ്ടിച്ച കേസിലെ പ്രതികള്‍; 19 വയസുകാരനായ പ്രതിയുടെ പേരില്‍ നിലവിലുള്ളത് 22 കേസുകള്‍


കൊയിലാണ്ടി: കോഴിക്കോട് കുറ്റിക്കാട്ടൂരില്‍ പിടിയിലായത് കൊയിലാണ്ടി റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തുനിന്നടക്കം ബൈക്ക് മോഷ്ടിച്ച കേസിലെ പ്രതികള്‍. കഴിഞ്ഞമാസം 19ന് മെഡിക്കല്‍ കോളേജ് പരിസരത്തുനിന്നും ബൈക്ക് മോഷണം പോയെന്ന പരാതിയില്‍ അന്വേഷണം നടത്തുമ്പോഴാണ് ഇവര്‍ പിടിയിലായത്.

കുറ്റിക്കാട്ടൂര്‍ കിളിമഠത്തില്‍ മീത്തല്‍ മുഹമ്മദ് തായിഫ്, ക്ഷയ് കുമാര്‍, മുഹമ്മദ് ഷിഹാല്‍ എന്നിവരാണ് മെഡിക്കല്‍ കോളേജ് പൊലീസിന്റെ പിടിയിലായത്. പിടിയിലായ മുഹമ്മദ തായിഫ് പൊലീസിനെ കണ്ടതോടെ സംഭവസ്ഥലത്തുനിന്നും മറ്റൊരു ബൈക്ക് മോഷ്ടിച്ച് കടന്നു കളഞ്ഞിരുന്നു. ഇയാള്‍ കോംട്രസ്റ്റ് കെട്ടിടത്തിന്റെ പരിസര്‌തെ കാടുപിടിച്ച ഭാഗത്തുണ്ടാകുമെന്ന് പൊലീസിന് വിവരം നല്‍കിയത് പിടിയിലായ കൂട്ടാളികളാണ്. തുടര്‍ന്ന് കണ്‍ട്രോള്‍ റൂം പൊലീസിന്റെയും സിറ്റി സ്‌പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പിന്റെയും സഹായത്തോടെ പ്രതികളെ പിടികൂടുകയായിരുന്നു.

19 വയസുള്ള മുഹമ്മദ് തായിഫിന്റെ പേരില്‍ വിവിധ സ്റ്റേഷനുകളിലായി 22 കേസുകള്‍ നിലവിലുണ്ട്. മൂന്നാഴ്ച മുമ്പാണ് ഇയാള്‍ ജാമ്യത്തില്‍ ഇറങ്ങിയത്. കൊയിലാണ്ടിയ്ക്ക് പുറമേ കോഴിക്കോട് റെയില്‍വേ പരിസരം, വേങ്ങേരി മഞ്ചേരി എന്നിവിടങ്ങളില്‍ നിന്നും ബൈക്ക് മോഷ്ടിച്ചിട്ടുണ്ട്.