മേലൂര്‍ ആന്തട്ട പുത്തന്‍പുരയില്‍ സജീഷിന്റെ ചികിത്സാ ചെലവിനത്തില്‍ ആശുപത്രിയില്‍ ആറരലക്ഷത്തോളം രൂപ അടയ്ക്കാന്‍ ബാക്കി; സഹായാഭ്യര്‍ത്ഥനയുമായി ചികിത്സാ സഹായ കമ്മിറ്റി


കൊയിലാണ്ടി: ലുക്കീമിയ ബാധിച്ച് മരണപ്പെട്ട മേലൂര്‍ ആന്തട്ട പുത്തന്‍പുരയില്‍ സജീഷിന്റെ ചികിത്സാച്ചെലവ് മുഴുവനായി അടച്ചുതീര്‍ക്കാനാവാതെ ചികിത്സാ സഹായ കമ്മിറ്റി. സജീഷിന്റെ ഇതുവരെയുള്ള ചികിത്സയ്ക്കായി 19,00675 രൂപയാണ് ആശുപത്രി ബില്‍ നല്‍കിയത്. ഇതില്‍ സജീഷ് ചികിത്സാ സഹായ സമിതി സ്വരൂപിച്ച 12,00000 രൂപ ആശുപത്രിയില്‍ അടച്ചെങ്കിലും ഇനിയും ആറരലക്ഷത്തിലേറെ രൂപ അടയ്ക്കാനായുണ്ടെന്ന് ചികിത്സാ സഹായ കമ്മിറ്റി ഭാരവാഹികള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.

അടയ്ക്കാനുള്ള 6,56,658 രൂപ ആശുപത്രിയില്‍ അടച്ചശേഷമേ സജീഷിന്റെ മൃതദേഹം വിട്ടുതരൂവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു. എന്നാല്‍ കമ്മിറ്റിയുടെ പക്കല്‍ ഇത്രയും തുക ഇല്ലാത്തതിനാല്‍ സജീഷിന്റെ ഭൗതിക ശരീരം വിട്ടുകിട്ടാനായി സമിതി കണ്‍വീനര്‍ നിധിന്‍ ബാധ്യത ഏറ്റെടുത്ത് സ്വന്തം പേരില്‍ എഗ്രിമെന്റ് എഴുതി ഒപ്പിട്ടശേഷമാണ് മൃതദേഹം വിട്ടുകിട്ടിയത്.

ആഗസ്റ്റ് പത്താം തിയ്യതി ഈ തുക നല്‍കേണ്ടതുണ്ട്. ഇതുവരെ പണം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് പ്രദേശത്തെ വാര്‍ഡ് മെമ്പര്‍ സുധ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. സജീഷിന്റെ വിയോഗത്തോടെ രണ്ട് കുട്ടികളും ഭാര്യയും അടങ്ങിയ കുടുംബം ആശ്രയമറ്റ അവസ്ഥയിലാണ്. സ്വന്തമായി വീടുപോലുമില്ല. ഈ കുടുംബത്തിന്റെ സംരക്ഷണത്തിനായും കുട്ടികളുടെ ഭാവി സുരക്ഷിതമാക്കുന്നതിനും എന്തെങ്കിലും ചെയ്യേണ്ടതുണ്ടെന്നും സുധ പറയുന്നു.

സജീഷിന്റ ചികിത്സാ ചിലവില്‍ ബാക്കി വന്ന തുക കണ്ടെത്താനും കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാനും പൊതുസഹായം അഭ്യര്‍ത്ഥിച്ച് രംഗത്തുവന്നിരിക്കുകയാണ് ചികിത്സാകമ്മിറ്റിയിപ്പോള്‍.