ഇവ കഴിച്ചാല്‍ എല്ലുകളുടെ ആരോഗ്യം നഷ്ടമാകും, അറിയാം വിശദമായി


വളരെ ചെറുപ്പത്തില്‍ തന്നെ ഇപ്പോള്‍ എല്ലാവരുടെയും എല്ലുകളുടെ ബലം കുറഞ്ഞുവരുകയും നാഡീ സംബന്ധമായ അസുഖങ്ങള്‍ പിടിപെടുകയും ചെയ്യുന്നു. ചില പ്രത്യേക ഭക്ഷണങ്ങള്‍ എല്ലിന്റെ ആരോഗ്യം കുറയ്ക്കുന്നു.
ഇതുപോലെ എല്ലുകളുടെ ബലത്തിനും സഹായിക്കുന്ന ഭക്ഷണങ്ങളുണ്ട്. ഇതെക്കുറിച്ചറിയാം.

എല്ലുകളുടെ ബലം കുറയ്ക്കാന്‍ ഉപ്പ് അഥവാ സോഡിയം കാരണമാകുന്നു. നാം വാങ്ങുന്ന ബ്രെഡ് പോലുള്ള ഭക്ഷണ വസ്തുക്കളില്‍ പോലും ഉപ്പുണ്ടാകാറുണ്ട്. നമുക്ക് ദിവസവും 2.3 ഗ്രാം ഉപ്പ് മാത്രമേ ശരീരത്തില്‍ എത്താവൂ. എന്നാല്‍ പലപ്പോഴും 10 ഗ്രാം വരെ നാം ഉപ്പ് കഴിയ്ക്കാറുണ്ട്.

നാം കറിയില്‍ ചേര്‍ക്കുന്ന ഉപ്പ് മാത്രമല്ല, വാങ്ങുന്ന പല ഭക്ഷണങ്ങളിലും ഉപ്പ് കൂടുതലാണ്. നമ്മുടെ ശരീരത്തില്‍ ധാരാളം ഉപ്പെത്തുമ്പോള്‍ നമ്മുടെ ശരീരം ഇത് അരിച്ചു കളയും. എന്നാല്‍ ഇതിനൊപ്പം കാല്‍സ്യം കൂടി പോകും. കാരണം സോഡിയം മാത്രമായി അരിച്ചു കളയാന്‍ സാധ്യമല്ല. രക്തത്തിലെ കാല്‍സ്യം ഹൃദയത്തിന്, തലച്ചോറിന്, മസില്‍ ആരോഗ്യത്തിന് അത്യാവശ്യമാണ്. അപ്പോള്‍ അതിനായി ശരീരം എല്ലുകളിലെ കാല്‍സ്യം വലിച്ചെടുത്ത് രക്തത്തിലേയ്ക്ക് വിടും. ഇതിലൂടെ എല്ലുകളുടെ കാല്‍സ്യം കുറയും.

പഞ്ചസാര

ഇതുപോലെ എല്ലുകളുടെ ആരോഗ്യം കളയുന്ന ഒന്നാണ്പഞ്ചസാര. പഞ്ചസാര കൂടുതല്‍ ശരീരത്തിലെത്തുമ്പോള്‍ ആമാശത്തില്‍ നിന്നും കാല്‍സ്യം ശരീരത്തിലേയ്ക്ക് വലിച്ചെടുക്കുന്നത് തടയപ്പെടുന്നു, മാത്രമല്ല, വൃക്കയില്‍ നിന്നും കാല്‍സ്യം പുറന്തള്ളപ്പെടുകയും ചെയ്യുന്നു. ഇങ്ങനെ രണ്ടു തരത്തില്‍ ഇത് കേടു വരുത്തും. അമിതമായി പഞ്ചസാര കഴിച്ചാല്‍ ഇവ എല്ലിന് ദോഷകരമായി ബാധിക്കും.

കോള, സോഫ്റ്റ് ഡ്രിങ്ക്സ് എന്നിവയും എല്ലുകളുടെ ആരോഗ്യത്തിന് ദോഷം വരുത്തുന്നു. ഇതല്ലാതെ ഫോസ്ഫോറിക് ആസിഡ് എന്ന സംയുക്തവും ഇതിന് കാരണമാകുന്നു. ഫോസ്ഫോറിക് ആസിഡ് ഇത്തരം കോളയില്‍ അടങ്ങിയിട്ടുണ്ട്. ഇത് പുറന്തളളുന്നതിനോടൊപ്പം കാല്‍സ്യവും പുറന്തള്ളപ്പെടുന്നു. ഇതിലൂടെ എല്ലുകളുടെ ആരോഗ്യത്തിന് കേടു വരുത്തും.

ചായ, കാപ്പി, ചില ചോക്ലേറ്റുകള്‍ എന്നിവയില്‍ കഫീന്‍ ഉണ്ട്. ഇത് കൂടുതലാകുന്നത് എല്ലുകളുടെ ആരോഗ്യം കളയും. കഫീന്‍ നമ്മുടെ ഉള്ളില്‍ 100 മില്ലീഗ്രാം എത്തിയാല്‍ 6 മില്ലീഗ്രാം കാല്‍സ്യം ശരീരം പുറന്തള്ളാന്‍ ഇടയാക്കും. ഇതുപോലെ മദ്യം ശരീരത്തെ കാല്‍സ്യം വലിച്ചെടുക്കുന്നതിനെ തടയുന്നു. മഗ്‌നീഷ്യം, പ്രോട്ടീന്‍ തുടങ്ങിയ പല ഘടകങ്ങളും മദ്യം കാരണം ഇങ്ങനെ ശരീരം വലിച്ചെടുക്കുന്നത് തടയുകയും ചെയ്യുന്നു.