പയ്യോളിയെ കായിക കേന്ദ്രമാക്കാനൊരുങ്ങി ‘പയ്യോളി എക്‌സ്പ്രസ്’; ഭൂമി തര്‍ക്കം പരിഹാരിച്ചാല്‍ പെരുമാള്‍ പുരം മൈതാനത്ത് ദേശീയ നിലവാരത്തിലുള്ള സ്റ്റേഡിയം നിര്‍മ്മിക്കുമെന്ന് പി.ടി. ഉഷ എംപി
പയ്യോളി: പയ്യോളി കായിക കേന്ദ്രമാക്കാനൊരുങ്ങുകയാണ് എംപിയും കായികതാരവുമായ പി.ടി. ഉഷ. പെരുമാള്‍ പുരം ശിവക്ഷേത്രവും പയ്യോളി ഹൈസ്‌കൂള്‍ കമ്മറ്റിയും തമ്മില്‍ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ഭൂമി തര്‍ക്കം രമ്യമായി പരിഹരിക്കപ്പെടുന്ന സാഹചര്യം ഉണ്ടായാല്‍ പയ്യോളി പെരുമാള്‍പുരം മൈതാനം കേന്ദ്രീകരിച്ച് ദേശീയ നിലവാരത്തിലുള്ള സ്റ്റേഡിയം നിര്‍മ്മിക്കുമെന്ന് പി.ടി. ഉഷ അറിയിച്ചു.
പയ്യോളിയിലെ വസതിയില്‍ വിളിച്ചുചേര്‍ത്ത അനുരഞ്ജന യോഗത്തിലാണ് അവര്‍ ഇക്കാര്യം അറിയിച്ചത്. വര്‍ഷങ്ങളായി തുടരുന്ന പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുന്നതിനായിരുന്നു യോഗം. സ്ഥലം എംഎല്‍എ കാനത്തില്‍ ജമീല, തിക്കോടി പഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ്, പൊതുപ്രവര്‍ത്തകര്‍, ക്ഷേത്രം ഭാരവാഹികള്‍, സ്‌കൂള്‍ പ്രതിനിധികള്‍, രാഷ്ട്രീയ കക്ഷി നേതാക്കള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
തര്‍ക്കത്തിന് പരിഹാരമുണ്ടായാല്‍ അത്യാധുനിക സംവിധാനമുള്ള സൗകര്യങ്ങള്‍ ലഭ്യമാകുന്ന സ്റ്റേഡിയം പെരുമാള്‍ പുരം മൈതാനത്ത് ഒരുക്കാനാണ് പി.ടി. ഉഷ ലക്ഷ്യമിടുന്നത്. മലബാര്‍ മേഖലയിലെ തന്നെ മികച്ച സ്റ്റേഡിയമായിരിക്കും ഇതെന്നാണ് സൂചന. എംഎല്‍എയും ജനപ്രതിനിധികളും പൂര്‍ണ്ണ പിന്തുണയും നല്‍കിയിട്ടുണ്ട്.
അടുത്ത ആഴ്ച തുടര്‍ ചര്‍ച്ച നടക്കും. ഇതില്‍ പ്രശനപരിഹാരമായാല്‍ കോടികളുടെ വികസന പ്രവര്‍ത്തനമാണ് പെരുമാള്‍പുരം മൈതാനത്തെ കാത്തിരിക്കുന്നത്.