അത്ഭുതമൊന്നും സംഭവിച്ചില്ലെങ്കില്‍ വടകര ഇത്തവണയും യു.ഡി.എഫിനൊപ്പം നില്‍ക്കും; കണക്കുകൂട്ടലുകള്‍ ഇങ്ങനെ


Advertisement

വടകര: ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ കേരളത്തില്‍ ഏവരും ഉറ്റുനോക്കുന്ന മണ്ഡലങ്ങളിലൊന്നാണ് വടകര. എല്‍.ഡി.എഫും യുഡിഎഫും കരുത്തരായ സ്ഥാനാര്‍ത്ഥികളെ കളത്തിലിറക്കിയാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. കെ.കെ.ശൈലജ ടീച്ചര്‍ക്കൊപ്പമോ, ഷാഫി പറമ്പിലിനൊപ്പമാണോ വടകരയെന്ന് അറിയാന്‍ ഇനി ഒരു ദിവസം മാത്രം കാത്തിരുന്നാല്‍ മതി. വോട്ടെണ്ണുന്ന ജൂണ്‍ നാലിന് വിജയിയെ അറിയാം.

വടകരയില്‍ അത്ഭുതം ഒന്നും സംഭവിച്ചില്ലെങ്കില്‍ ഷാഫി പറമ്പില്‍ വിജയിക്കുമെന്നാണ് കണക്കുകൂട്ടല്‍. എന്നാല്‍ കഴിഞ്ഞ തവണ എല്‍ഡിഎഫിന് നഷ്ടമായ വോട്ടുകളും പുതിയ വോട്ടര്‍മാരും എല്‍ഡിഎഫിനൊപ്പം നിന്നാല്‍ സ്ഥിതിമാറും. ഇതിനൊപ്പം ബിജെപി വോട്ടുകളും കുറച്ച് സമാഹരിക്കാനായാല്‍ ശൈലജ ടീച്ചറിലൂടെ വടകര വീണ്ടും എല്‍ഡിഎഫിന് പിടിച്ചെടുക്കാന്‍ സാധിക്കും. അഞ്ച് ശതമാനം പുതിയ വോട്ടര്‍മാരാണ് ഇത്തവണ വടകരയിലുള്ളത്. ഏകദേശം 57,000 ഓളം വരുമിത്.

Advertisement

എല്‍ഡിഎഫിന്റെ സിറ്റിംഗ് സീറ്റായ വടകര മുല്ലപ്പള്ളി രാമചന്ദ്രനിലൂടെ 2009 ലാണ് കോണ്‍ഗ്രസ് പിടിച്ചെടുക്കുന്നത്. 2014 ലും മുല്ലപ്പള്ളി രാമചന്ദ്രന്‍ തന്നെ വടകരയില്‍ വിജയിച്ചു. എല്‍ഡിഎഫിന്റെ എ എന്‍ ഷംസീറിനെ വെറും 3,306 വോട്ടുകള്‍ക്കാണ് മുല്ലപ്പള്ളി തോല്‍പ്പിച്ചത്. ശക്തമായ മത്സരം നടന്ന മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി 4,16,479 വോട്ടും എല്‍ഡിഎഫ് 4,13,173 വോട്ടും നേടി. ബിജെപി സ്ഥാനാര്‍ത്ഥി വി.കെ സജീവന് ലഭിച്ചതാവട്ടെ 76,313 വോട്ടും.

എന്നാല്‍ 2019 ല്‍ സ്ഥിതിമാറി. 84,663 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കെ മുരളീധരനിലൂടെ യുഡിഎഫ് മണ്ഡലം നിലനിര്‍ത്തിയത്. കെ മുരളീധരന് 5,26,755 വോട്ട് ലഭിച്ചപ്പോള്‍ എല്‍ഡിഎഫിന്റെ കരുത്തനായ സ്ഥാനാര്‍ത്ഥി പി ജയരാജന് ലഭിച്ചതാവട്ടെ 4,42,092 വോട്ട്. കഴിഞ്ഞ തവണത്തേക്കാള്‍ രണ്ട് ശതമാനം വോട്ടിന്റെ കുറവാണ് എല്‍ഡിഎഫിന് ഉണ്ടായിരുന്നത്. അതേസമയം യുഡിഎഫിന് ആറ് ശതമാനം വോട്ട് വിഹിതം വര്‍ദ്ധിക്കുകയും ചെയ്തു.

Advertisement

എല്‍ഡിഎഫിന് 2019 ലെ തെരഞ്ഞെടുപ്പില്‍ നഷ്ടമായ രണ്ട് ശതമാനം വോട്ട് തിരികെ പിടിക്കാനായാല്‍ ഇത്തവണ വോട്ടിം?ഗ് ശതമാനം 43 ആക്കി ഉയര്‍ത്താനാകും. കൂടാതെ പുതുവോട്ടര്‍മാരില്‍ പുകുതി വോട്ട് എല്‍ഡിഎഫിനാണ് ലഭിക്കുന്നതെങ്കില്‍ വോട്ടിം?ഗ് ശതമാനം വീണ്ടും ഉയര്‍ത്തി ഏകദേശം 46 ശതമാനത്തിലേക്ക് എത്തിക്കാന്‍ സാധിക്കും. അതായത് പരമാവധി കെ കെ ശൈലജ ടീച്ചര്‍ക്ക് 46 ശതമാനമാണ് കിട്ടാന്‍ സാധ്യതയുള്ള വോട്ട്.

Advertisement

അതേസമയം യുഡിഎഫിന്റെ 2019 ലെ വോട്ടിംഗ് ശതമാനം 48 ആണ്. എല്‍ഡിഎഫിന് നഷ്ടമായ രണ്ട് ശതമാനമുള്‍പ്പെടെയാണ് ഇത്. ഇത്തവണ വോട്ട് തിരികെ എല്‍ഡിഎഫിലേക്ക് തന്നെ പോയാല്‍ ഇത് 46 ആയി കുറയും. ഒപ്പം പുതുവോട്ടര്‍മാരില്‍ പകുതി പേര്‍ യുഡിഎഫിനൊപ്പം നിന്നാല്‍ വീണ്ടുമുയര്‍ന്നിത് ഏകദേശം 48.5 ശതമാനത്തിലേക്ക് എത്തും. ഈ കണക്കുകള്‍ പ്രകാരം കെ കെ ശൈലജ ടീച്ചര്‍ക്ക് ഷാഫിയേക്കാള്‍ രണ്ട് ശതമാനം വോട്ടിന്റെ കുറവുണ്ടാകും.