അടച്ചിട്ട വീട്ടില്‍ പൂജയും ഒപ്പം നിലവിളിയും, നരബലിക്ക് ശ്രമമെന്ന് സംശയം; ആറു പേർ അറസ്റ്റിൽ, സംഭവം തമിഴ്നാട്ടിൽ


ചെന്നൈ: തമിഴ്നാട് തിരുവണ്ണാമലയിലെ ആറണിയിൽ നരബലി നടത്താൻ ശ്രമം നടന്നുവെന്ന് അഭ്യൂഹം. ദസറാപ്പേട്ടിലുള്ള വീട്ടിൽ മൂന്ന് ദിവസമായി വാതിലടച്ച് മന്ത്രവാദം നടത്തുന്നുവെന്ന് നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പൊലീസെത്തി ആഭിചാര പൂജ തടയുകയായിരുന്നു. വീട്ടുകാർ വാതിൽ തുറക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് ജെസിബി ഉപയോഗിച്ച് വീടിന്‍റെ വാതിൽ തകർത്താണ് പൊലീസ് ഉള്ളിൽ കടന്നത്.

തിരുവണ്ണാമല ആറണി എസ്‍വി ടൗണിനടുത്ത് ദസറാപേട്ടിലുള്ള ധനപാലന്‍റെ വീട്ടിൽ മൂന്ന് ദിവസമായി വാതിലടച്ച് മന്ത്രവാദം നടക്കുന്നു എന്ന നാട്ടുകാരുടെ പരാതിയെ തുടർന്നാണ് പൊലീസും റവന്യൂ അധികൃതരും സ്ഥലത്തെത്തിയത്. കേരളത്തിലെ നരബലി വാർത്തയുടെ പശ്ചാത്തലത്തിൽ പരിഭ്രാന്തരായ നാട്ടുകാരാണ് പരാതി നൽകിയത്.

തിരുവണ്ണാമല ജില്ലയിലെ ആറണിയിലാണ് സംഭവം. ഇവിടെയുള്ള ധനപാലന്‍റെ വീട്ടില്‍ രണ്ട് ദിവസമായി പൂജ നടന്നു വരികയായിരുന്നു. രണ്ടാം ദിവസം രാത്രി വീട്ടിനുള്ളില്‍ നിന്ന് നിലവിളി ശബ്ദവും മറ്റും കേട്ടു. ഇതോടെ പൂജയെക്കുറിച്ച് നാട്ടുകാര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. മൂന്നാം ദിവസം രാവിലെ സ്ഥലത്ത് എത്തിയ തസില്‍ദാരും പോലീസും മുട്ടി വിളിച്ചിട്ടും ആരും വാതില്‍ തുറന്നില്ല. വീടിന്റെ അകത്തു നിന്നു പൂജയും അലര്‍ച്ചയും തുടരുകയും ചെയ്തു.

പൂജയിലാണെന്നും ഇത് തടസപ്പെടുത്തിയാല്‍ കഴുത്തറുത്ത് മരിക്കുമെന്നും വീട്ടിലുള്ളവര്‍ ഭീഷണിപ്പെടുത്തി. മൂന്നാം ദിവസം പൂജ കഴിഞ്ഞാല്‍ നരബലി ഉണ്ടെന്നും ഫലപ്രാപ്തി ലഭിച്ചാല്‍ മാത്രമേ പുറത്ത് വരികയുള്ളൂ എന്നും പറഞ്ഞു. തുടര്‍ന്നു നാട്ടുകാരുടെ സഹായത്തോടെ മണ്ണുമാന്തി യന്ത്രം കൊണ്ടുവന്നു വാതില്‍ തകര്‍ത്ത് പോലീസ് സംഘം വീടിന്റെ അകത്തു കയറുകയായിരുന്നു. മുറിവേറ്റ് ചോര ഒലിച്ച നിലയിലായിരുന്നു കുടുംബാംഗങ്ങള്‍. മുറിയിലാകെ പാവകള്‍ നിരത്തിയിട്ടിരുന്നു.

തുടര്‍ന്ന് ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ബലപ്രയോഗത്തിലൂടെയാണ് ഇവരെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തിനിടയില്‍ മന്ത്രവാദി പ്രകാശ് പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും കടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തു. മൂന്ന് ദിവസം വീടടച്ചിട്ടുള്ള പൂജ എന്തിനായിരുന്നുവെന്നാണ് പൊലീസ് അന്വേഷിക്കുന്നത്.

Content Highlights: Human sacrifice in Tiruvannamalai, Police rescued six people after demolishing the door of a house