റെക്കോർഡ് കുറിച്ച് മിൽമ; ഓണ വില്പനയിൽ കഴിഞ്ഞ വർഷത്തേക്കാളും വൻ വർധനവ്


തിരുവനന്തപുരം: സംസ്ഥാനത്ത് ഓണ വിൽപ്പനയിൽ റെക്കോർഡിട്ട് മിൽമ. ഉത്രാടം ദിനത്തിൽ മാത്രം 37,00,365 ലിറ്റർ പാലും 3,91,576 കിലോ തൈരുമാണ് മിൽമ വിറ്റത്. പാൽ, തൈര് എന്നിവക്ക് പുറമെ മാർക്കറ്റിൽ ഓണം എത്തിയപ്പോൾ മിൽമയുടെ പായസം മിക്സും നല്ല രീതിയിൽ വിൽപന നടന്നു.

തിരുവോണത്തിന് മുമ്പുള്ള ആറ് ദിവസളിലായി സർക്കാർ ഉടമസ്ഥതയിലുള്ള സഹകരണ സംഘം വഴി 1,33,47,013 ലിറ്റർ പാലും 14,95,332 കിലോ തൈരുമാണ് വിറ്റത്. ഓഗസ്റ്റ് 15-ന് കേരളത്തിൽ ഓണാഘോഷത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചതോടെ സെപ്തംബർ 12-ലെ കണക്ക് പ്രകാരം നെയ്യ് വിൽപന 814 മെട്രിക് ടൺ രേഖപ്പെടുത്തി.

കഴിഞ്ഞവർഷം പാലിൻറെ മൊത്തം വിൽപ്പന 1,00,56,889 ലിറ്ററായിരുന്നു. അതിന് മുൻവർഷം ഓണത്തിൻറെ തിരക്കേറിയ നാല് ദിവസങ്ങളിൽ 94,56,621 ലിറ്റർ പാലാണ് വിറ്റു പോയത്. കഴിഞ്ഞ ഓണക്കാലത്ത് നാല് ദിവസം കൊണ്ട് 12,99,215 കിലോ തൈരാണ് വിറ്റതെങ്കിൽ അതിന് മുൻവർഷം 11,25,437 തൈരാണ് വിറ്റത്.