താമരശ്ശേരിയില്‍ വന്‍ മയക്കുമരുന്ന് വേട്ട; ലഹരി കണ്ടെടുത്തത് മയക്കുമരുന്ന് മൊത്ത വിതരണ സംഘത്തിലെ പ്രധാനി താമസിക്കുന്ന വാടകവീട്ടില്‍ നിന്നും


താമരശ്ശേരി: താമരശ്ശേരി ചുടലമുക്കിലെ വാടക വീട്ടില്‍ നിന്നും എം.ഡി.എം.എ പിടികൂടി. അരേറ്റക്കുന്നിലെ വാടക വീട്ടില്‍ വെച്ച് രാത്രി പൊലീസ് നടത്തിയ പരിശോധനയാണ് എം.ഡി.എം.എ പിടിച്ചെടുത്തത്. 145 ഗ്രാം എം.ഡി.എം.എയാണ് പരിശോധനയില്‍ കണ്ടെത്തിയത്. സമീപകാലത്ത് ഇത്രയതികം എം.ഡി.എം.എ ഒന്നിച്ചു പിടികൂടുന്നത് ആദ്യമായാണ്.

നാട്ടുകാര്‍ പോലീസിനു നല്‍കിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് വീട് പരിശോധിച്ചത്. മയക്കുമരുന്ന് മൊത്ത വിതരണ സംഘത്തിലെ കണ്ണിയായ ഫത്തഹുള്ള താമസിക്കുന്ന വാടക വീട്ടില്‍ നിന്നുമാണ് ലഹരി വസ്തു കണ്ടെടുത്തത്. പോലീസിനെ കണ്ടപാടെ ഫത്തഹുള്ള മതില്‍ ചാടി ഓടി രക്ഷപ്പെട്ടു. ഭാര്യക്കൊപ്പമാണ് ഇയാള്‍ ചുടലമുക്ക് അരേറ്റക്കുന്നില്‍ താമസിച്ചു വരുന്നത്.

ഇവിടെ എം.ഡി.എം.എ വാങ്ങാനായി എത്തിയ സംഘത്തില്‍പ്പെട്ടവരുടെ ബൈക്ക് സമീപത്ത് നിന്നും കണ്ടെടുത്തു. നാട്ടുകാരെ കണ്ട് ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു.