കളി ചിരിയും തമാശയുമായി ഇനി അവനില്ല, അകലാപ്പുഴയിൽ മുങ്ങിമരിച്ച മുചുകുന്ന് സ്വദേശി അഫ്നാസിന്റെ മൃതദേഹം ഖബറടക്കി


കൊയിലാണ്ടി: കളി ചിരികളുമായി വീട്ടുകാര്‍ക്കും കൂട്ടുകാര്‍ക്കും മുന്നിലേക്ക് അവനിനി തിരികെ വരില്ല. മുചുകുന്ന് കേളോത്ത് മീത്തല്‍ താമസിക്കുന്ന പുതിയോട്ടില്‍ അഫ്നാസിന് കണ്ണീരോടെ വിട നൽകി നാട്. അഫ്നാസിൻ്റെ മൃതദേഹം കൊല്ലം പാറപ്പള്ളി ഖബർസ്ഥാനിൽ ഖബറടക്കി.

ഞായറാഴ്ച വൈകീട്ട് കൂട്ടൂകാർക്കൊപ്പമാണ് അഫ്നാസ് അകലാപ്പുഴയിലെത്തിയത്. ചെറിയ ഫൈബര്‍ വള്ളത്തിൽ ഉല്ലസിച്ച് അവർ പ്രകൃതി ഭം​ഗി ആസ്വദിച്ചു. ഇതിനിടയിൽ അപ്രതീക്ഷിതമായി വള്ളം മറിഞ്ഞ് സുഹൃത്തുക്കൾക്കൊപ്പം അഫ്നാസും പുഴയിൽ വീണു. അവിടെനിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിൽ അഫ്നാസിനെ അവർ ചേർത്ത് പിടിച്ചെങ്കിലും ഇടയ്ക്കവൻ കെെവിട്ട് പോയി. തങ്ങൾക്കിടയിൽ നിന്ന് എന്നന്നേക്കുമായാണ് അവൻ പോയതെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല.

ആഴം കുറഞ്ഞ ഭാഗത്താണ് വള്ളം മറിഞ്ഞത്. കാല് കുത്തി നില്‍ക്കാന്‍ കഴിയുമായിരുന്നു. അപകടത്തിന്റെ വെപ്രാളത്തിൽ തുടര്‍ച്ചയായി നീന്തിയതോടെ അഫ്‌നാസ് തളര്‍ന്ന് പോകുകയും ഒപ്പമുണ്ടായിരുന്നവരുടെ കയ്യില്‍ നിന്ന് വഴുതി പുഴയുടെ ആഴത്തിലേക്ക് പോകുകയുമായിരുന്നു.

അപകട വിവിരമറിഞ്ഞതുമുതൽ അഫ്നാസിനായുള്ള പ്രാർത്ഥനയിലായിരുന്നു എല്ലാവരും. എന്നാൽ പ്രാർത്ഥനകളെയെല്ലാം വിഫലമാക്കി കുറച്ച് സമയങ്ങൾക്ക് ശേഷം അഫ്നാസിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

അസൈനാറിന്റെയും സഫിയയുടെയും മകനാണ് അഫ്‌നാസ്. അല്‍ത്താഫും അസീഫുമാണ് സഹോദരങ്ങള്‍.

Summary: He is no more with laughter and jokes, the body of Afnaz, a resident of Muchukun who drowned in Akalapuzha, was buried.