സൂക്ഷിക്കണേ! കമ്പിയിലും ഇഷ്ടിക കട്ടകളിലും തട്ടാതെ നോക്കണേ; യാത്രക്കാർക്കും ജീവനക്കാർക്കും പ്രയാസമായി കൊയിലാണ്ടി റെയിൽവേ സ്റ്റേഷൻ പ്ലാറ്റ് ഫോമിലെ കൂട്ടിയിട്ടിരിക്കുന്ന കെട്ടിടാവശിഷ്ടങ്ങൾ
കൊയിലാണ്ടി: കൊയിലാണ്ടി റെയിൽവേ സ്റ്റേഷന്റെ പ്ലാറ്റഫോമിലൂടെ അത്ര എളുപ്പം നടന്ന് പോകാമെന്നു കരുതേണ്ട, അൽപ്പം കടമ്പകൾ കടന്നു വേണം പോകാൻ. ഇഷ്ടിക കട്ടകളും തുരുമ്പിച്ച കമ്പികളും ഒന്നും തട്ടാതെയും ദേഹത്ത് കൊള്ളാതെയുമൊക്കെ അൽപ്പം സാഹസികമായി വേണം ഇവിടെ കൂടെയുള്ള നടപ്പ്.
പഴയ ടിക്കറ്റ് കൊടുക്കുന്ന സ്ഥലം പൊളിച്ചതിന്റെ അവശിഷ്ടങ്ങളാണ് കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ് ഫോമില്‍ യാത്രക്കാര്‍ക്കും റെയില്‍വേ ജീവനക്കാര്‍ക്കും ദുരിതം സൃഷ്ടിക്കുന്നത്. സ്റ്റേഷൻ മാസ്റ്ററുടെ മുറിയ്ക്ക് സമീപമാണ് കോണ്‍ക്രീറ്റ് പൊളിച്ചതിന്റെ ഭാഗമായുളള ഇഷ്ടിക കട്ടകളും, തുരുമ്പിച്ച കമ്പികളും കൂട്ടിയിട്ടിരിക്കുന്നത്.
നിരവധി യാത്രക്കാരാണ് ദിനംപ്രതി ഇവിടം ആശ്രയിക്കുന്നത്. ദിവസേനെ നാലായിരത്തോളം പേരാണ് ട്രെയിൻ കയറാൻ എത്തുക. രാവിലെയും വൈകിട്ടും പ്രത്യേകിച്ച് തിരക്ക് കൂടുതലുള്ളതിനാൽ പ്ലാറ്റ്‌ഫോമിലെ അസൗകര്യങ്ങള്‍ യാത്രക്കാർക്ക് കൂടുതൽ ബുദ്ധുമുട്ടുണ്ടാക്കുന്നുണ്ട്.
ഇതുകൂടാതെ കോവിഡ് രോഗ വ്യാപനത്തിന് മുമ്പ് കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിരുന്ന അഞ്ച് ട്രെയിനുകൾ ഇപ്പോഴും കൊയിലാണ്ടിയില്‍ നിർത്തുന്നില്ല എന്നതും യാത്രക്കാരെ വലയ്ക്കുന്നുണ്ട്.