‘ആകെ തകര്‍ന്നിരിക്കുകയാണ്, പുതുതായി ആരും ഇനി ഈ മേഖലയിലേക്ക് വരരുത്’; വിലക്കയറ്റം കൊയിലാണ്ടിയിലെ ടാക്സി മേഖലയെ ബാധിച്ചത് ഇങ്ങനെ
കൊയിലാണ്ടി: ‘ഈ മേഖല ആകെ തകര്‍ന്നിരിക്കുകയാണ്. ഈ വളയം പിടിച്ചുകൊണ്ട് കുടുംബം പോറ്റാന്‍ കഴിയില്ല. ടാക്‌സി മേഖലയിലേക്ക് ആരും പുതിയതായി വരരുത്.’ കൊയിലാണ്ടി നഗരത്തില്‍ ടാക്‌സി ജീപ്പ് ഓടിക്കുന്ന ഗിരീഷിന്റെ വാക്കുകളാണിത്. മറ്റെല്ലാ മേഖലകളെയും പോലെ ടാക്‌സി ഓടിച്ച് ഉപജീവനം കഴിക്കുന്നവരെയും വിലക്കയറ്റം അതിരൂക്ഷമായി ബാധിച്ചിട്ടുണ്ട്. എന്നാല്‍ ചിന്തിക്കുന്നതിനെക്കാള്‍ അപ്പുറമാണ് പ്രതിസന്ധിയെന്നാണ് ഗിരീഷിനെ പോലുള്ളവരുടെ വാക്കുകളിലൂടെ തെളിയുന്നത്.
‘ടാക്‌സിയുടെ മിനിമം ചാര്‍ജ് 250 രൂപയാണ്. ഒരു വീട് കഴിഞ്ഞ് പോകണമെങ്കില്‍ എത്ര രൂപ വേണം? വല്ലപ്പോഴുമാണ് ഒരു ഓട്ടം കിട്ടുക. അത് കഴിഞ്ഞാല്‍ പിന്നെ അടുത്ത ഓട്ടം കിട്ടണമെങ്കില്‍ ഒന്നോ രണ്ടോ ആഴ്ച കഴിയും.’ -ടാക്‌സി മേഖലയിലുള്ളവരുടെ ദയനീയാവസ്ഥ ഈ വാക്കുകളില്‍ വ്യക്തമാണ്.
ടാക്‌സിക്കാരെ ഏറ്റവുമധികം ബാധിക്കുന്നത് ഇന്ധനവില വര്‍ധനവ് തന്നെയാണ്. ഡീസല്‍ വിലയുടെ അനിയന്ത്രിതമായ വര്‍ധനവാണ് ടാക്‌സികള്‍ക്ക് ഏറ്റവും വലിയ തിരിച്ചടിയെന്ന് ഗിരീഷ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.
അടുത്തിടെയാണ് പെട്രോളിനും ഡീസലിനും കേന്ദ്രസര്‍ക്കാര്‍ വില കുറച്ചത്. കേന്ദ്രം എക്‌സൈസ് തീരുവ കുറച്ചതോടെ പെട്രോളിന് ഒമ്പതര രൂപയും ഡീസലിന് ഏഴ് രൂപയുമാണ് കുറഞ്ഞത്. സംസ്ഥാനനികുതിയും ഇതിന് ആനുപാതികമായി കുറഞ്ഞിരുന്നു.
എന്നാല്‍ ഈ തീരുമാനം കൊണ്ട് ഒരു തരത്തിലുമുള്ള ആശ്വാസം ടാക്‌സി മേഖലയ്ക്ക് ഉണ്ടായിട്ടില്ലെന്ന് ഗിരീഷ് ചൂണ്ടിക്കാട്ടുന്നു. ഓരോ ദിവസവും കുറച്ച് കുറച്ചായി വില വര്‍ധിപ്പിച്ച് മാസങ്ങള്‍ കൊണ്ട് വലിയ തുകയാണ് ഡീസലിന് വര്‍ധിച്ചത്. അങ്ങനെ വര്‍ധിപ്പിച്ചതിന്റെ പകുതി പോലും ഇപ്പോള്‍ കുറച്ചിട്ടില്ല. അതിനാല്‍ ഇത് ഒരു തരത്തിലുള്ള ആശ്വാസവും നല്‍കുന്നില്ല.
വണ്ടിക്ക് ഡീസല്‍ അടിക്കുന്നതിനുള്ള പ്രതിസന്ധി മാത്രമല്ല ഇതുകൊണ്ട് ഉണ്ടാവുന്നത്. വാഹനങ്ങളുടെ സ്‌പെയര്‍പാര്‍ട്‌സ് ഉള്‍പ്പെടെ എല്ലാത്തിനും വില കൂടുകയാണ്. ഇതിനുള്ള കാരണം അന്വേഷിക്കുമ്പോള്‍ ലഭിക്കുന്ന മറുപടിയും ഡീസല്‍ വില വര്‍ധനവാണ്.
ഇതിന് പുറമെ ഇന്‍ഷുറന്‍സും ടാക്‌സുമെല്ലാം ടാക്‌സിക്കാരുടെ നടുവൊടിക്കുന്നതാണ്. 11 സീറ്റുള്ള വണ്ടിക്ക് ഇന്‍ഷൂറന്‍സ് തുക ഇപ്പോള്‍ 28,400 രൂപയാണ്. നേരത്തേ ഇത് പതിനാറായിരത്തോളം രൂപയായിരുന്നു. റോഡ് ടാക്‌സ് മൂന്ന് മാസത്തേക്ക് 2700 രൂപയായിരുന്നു എന്നാല്‍ ഇപ്പോള്‍ 3250 രൂപ കൊടുക്കണം.
വിലക്കയറ്റം മാത്രമല്ല ടാക്‌സിക്കാരുടെ പ്രശ്‌നമെന്നും ഗിരീഷ് പറഞ്ഞു. കേന്ദ്രസര്‍ക്കാറിന്റെ പുതിയ നിയമം കൂടി എത്തുന്നതോടെ പ്രതിസന്ധി രൂക്ഷമാകും. വാഹനങ്ങള്‍ പ്രാദേശിക വര്‍ക്ക് ഷോപ്പുകളില്‍ റിപ്പയര്‍ ചെയ്യാന്‍ പാടില്ല, കമ്പനികളുടെ ഔദ്യോഗിക ഷോറൂമുകളില്‍ മാത്രമേ റിപ്പയറിന് കൊടുക്കാന്‍ പാടുള്ളൂ എന്ന നിയമം പ്രാബല്യത്തില്‍ വന്നാല്‍ അത് സാധാരണക്കാര്‍ക്ക് താങ്ങാന്‍ കഴിയില്ല.
കൂടാതെ 15 വര്‍ഷം കഴിഞ്ഞ വാഹനങ്ങള്‍ പൊളിച്ച് കളയണമെന്നതും ടാക്‌സിക്കാരെ ദുരിതത്തിലാക്കും. ടാക്‌സി ഓടിക്കുന്ന പലരുടെയും വാഹനങ്ങള്‍ പഴയതാണ്. കാലപ്പഴക്കത്തിന്റെ പേരില്‍ അവ പൊളിച്ച് കളയേണ്ടിവന്നാല്‍ പുതിയ വാഹനം വാങ്ങാനുള്ള സാമ്പത്തികാവസ്ഥ ഇല്ലാത്തവരാണ് ഭൂരിഭാഗവും. ഇപ്പോഴുള്ള ചെറിയ വരുമാനം കൂടെ ഇല്ലാതാക്കുന്ന തീരുമാനമാണ് ഇതെന്നും അദ്ദേഹം റഞ്ഞു.
ടാക്‌സി മേഖലയെ സംരക്ഷിക്കണമെന്ന് സര്‍ക്കാറിന് ആഗ്രഹമുണ്ടെങ്കില്‍ ഡീസല്‍ വില കുറയ്ക്കുകയാണ് വേണ്ടത്. കൂടാതെ ടാക്‌സിക്കാര്‍ക്ക് ഡീസല്‍ സബ്‌സിഡി നല്‍കണം. ഇന്‍ഷൂറന്‍സ് മേഖല സര്‍ക്കാര്‍ സ്വകാര്യവല്‍ക്കരിച്ചതാണ് ഇത്ര വലിയ തുക നല്‍കേണ്ടി വരുന്നത്. ഇന്‍ഷൂറന്‍സ് തുകയും കുറയ്‌ക്കേണ്ടതാണ്. കര്‍ണാടകയിലെതിന് സമാനമായി ടാക്‌സികള്‍ക്ക് റോഡ് ടാക്‌സില്‍ ഇളവ് നല്‍കുന്ന കാര്യവും സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കണമെന്നും ഗിരീഷ് പറയുന്നു.