‘അടിത്തറ ഭാഗംവരെ ഇടിഞ്ഞ് ഏതുനിമിഷവും നിലംപൊത്താമെന്ന സ്ഥിതിയില്‍വീട്’; ബൈപ്പാസ് നിര്‍മ്മാണത്തിനായി കുന്നിടിച്ചുമാറ്റിയ കോമത്തുകരയില്‍ വീടുകള്‍ അപകടാവസ്ഥയില്‍


കൊയിലാണ്ടി: നന്തി- ചെങ്ങോട്ടുകാവ് ബൈപ്പാസ് നിര്‍മ്മാണത്തിനായി കുന്നിടിച്ചുമാറ്റിയ കോമത്തുകരയില്‍ വീടുകള്‍ അപകടാവസ്ഥയില്‍. കോമത്തുകര ആവണി ഹൗസില്‍ കെ.വി.പത്മിനിയുടെ വീട് ഏതുനേരവും നിലംപൊത്താവുന്ന സ്ഥിതിയിലാണ്.

മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് വീടിന്റെ അടിത്തറ ഭാഗം വരെ ഇടിഞ്ഞ് ഏതുനിമിഷവും വീട് നിലംപൊത്താവുന്ന അവസ്ഥയിലാണ്. വീട് അപകടാവസ്ഥയിലായതോടെ ഇവര്‍ മറ്റൊരിടത്തേക്ക് വാടകയ്ക്ക് താമസം മാറ്റിയിരിക്കുകയാണ്.

പ്രദേശത്തെ മറ്റുചില വീടുകള്‍ക്കും അപകട ഭീഷണിയുണ്ട്. 5.45 സെന്റ് സ്ഥലമാണ് കോമത്തുകരയിലുള്ളതെന്ന് പത്മിനി കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ഇതില്‍ വീടിനോട് ചേര്‍ന്ന ഒന്നര സെന്റ് സ്ഥലം ദേശീയപാത വികസനത്തിനായി ഏറ്റെടുത്തതാണ്. പണി തുടങ്ങിയതോടെ ബാക്കി സ്ഥലവും ഇടിയാന്‍ തുടങ്ങിയെന്ന് പത്മിനി പറഞ്ഞു.

റോഡില്‍ നിന്ന് വീട്ടിലേക്ക് എത്താന്‍ വഴിയില്ലാത്ത സ്ഥിതിയാണെന്നും അവര്‍ പറഞ്ഞു. പത്മിനി ഒറ്റക്കായിരുന്നു താമസം. വിവാഹിതരായ രണ്ടുപെണ്‍മക്കള്‍ കുടുംബത്തോടൊപ്പം വേറെയാണ് താമസം. വീട് താമസയോഗ്യമല്ലാതായ സ്ഥിതിയില്‍ ശേഷിക്കുന്ന സ്ഥലംകൂടി എന്‍.എച്ച്.എ.ഐ ഏറ്റെടുക്കണമെന്നാണ് ഇവരുടെ ആവശ്യം.

ഇക്കാര്യം ആവശ്യപ്പെട്ട് കളക്ടര്‍, കൊയിലാണ്ടി എന്‍.എച്ച് ഡപ്യൂട്ടി തഹസില്‍ദാര്‍ എന്നിവര്‍ക്ക് നിവേദനം നല്‍കി കാത്തിരിക്കുകയാണ് പത്മിനി.