അധ്യാപകരും ജീവനക്കാരും കൈകോർത്തു; കൊയിലാണ്ടി ആർ.ശങ്കർ മെമ്മോറിയൽ എസ്.എൻ.ഡി.പി യോഗം കോളേജ് വിദ്യാർത്ഥിക്ക് വീടൊരുങ്ങി, താക്കോൽ കൈമാറുന്നത് എം.എൽ.എ


കൊയിലാണ്ടി: ആർ.ശങ്കർ മെമ്മോറിയൽ എസ്.എൻ.ഡി.പി കോളേജിലെ അധ്യാപകരും അനധ്യാപകരും കൈകോർത്തപ്പോൾ വിദ്യാർത്ഥിക്ക് വീടൊരുങ്ങി. മൂന്നാം വർഷ വിദ്യാർത്ഥിക്കാണ് കോളേജിലെ അധ്യാപകരും അനധ്യാപകരും ചേർന്ന് വീട് നിർമ്മിച്ചു നൽകിയത്. സ്നേഹവീടിന്റെ താക്കോൽ കൊയിലാണ്ടി എം.എൽ.എ കാനത്തിൽ ജമീലയാണ് കൈമാറുക.

എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയായി വെള്ളാപ്പള്ളി നടേശൻ ഇരുപത്തിയഞ്ച് വർഷം പൂർത്തിയാക്കിയതിന്റെ ഭാഗമായുള്ള ഒരു വിദ്യാലയം ഒരു വീട് എന്ന പദ്ധതി പ്രകാരം നിർമ്മിച്ചു നൽകുന്ന വീടാണിത്. ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് പയ്യോളി കെ.എസ്.ഇ.ബി ഓഫീസിനു സമീപം മാവുങ്കൽ എന്ന വീട്ടിൽ വച്ചാണ് ചടങ്ങ് നടക്കുക.

ചടങ്ങിൽ പയ്യോളി മുനിസിപ്പൽ ചെയർമാൻ വടക്കയിൽ ഷഫീഖ്, വൈസ് ചെയർപേഴ്സൺ ഫാത്തിമ സി.പി, എസ്.എൻ.ഡി.പി ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ്‌, കൊയിലാണ്ടി എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറി ദാസൻ പറമ്പത്ത്, കോളേജ് പ്രിൻസിപ്പൽ ഡോ. സുജേഷ്.സി.പി എന്നിവർ പങ്കെടുക്കും. കോളേജിൻ്റെ നേതൃത്വത്തിൽ നേരത്തെയും ഇത്തരത്തിൽ വിദ്യാർത്ഥിക്ക് ഒരു വീട് നിർമ്മിച്ച് നൽകിയിരുന്നു.