പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസ്; പരാതിക്കാരിയേയും പ്രതി രാഹുലിനേയും കൗണ്‍സിലിങ്ങിന് വിടാന്‍ ഹൈക്കോടതി ഉത്തരവ്
കോഴിക്കോട്: പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ പരാതിക്കാരിയേയും പ്രതി രാഹുലിനേയും കൗണ്‍സിലിങ്ങിന് വിടാന്‍ ഹൈക്കോടതി നിര്‍ദേശം. കൗണ്‍സിലറുടെ റിപ്പോര്‍ട്ട് കൂടി പരിഗണിച്ച് കേസില്‍ തീരുമാനമെടുക്കാമെന്നും കോടതി വ്യക്തമാക്കി. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള രാഹുലിന്റെ ഹരജിയിലാണ് കോടതിയുടെ നിര്‍ദേശം.
ഇരുവര്‍ക്കും കൗണ്‍സിലിംഗ് നല്‍കാനുള്ള നടപടികള്‍ എടുക്കാന്‍ കെല്‍സക്ക് നിര്‍ദേശം നല്‍കി. ഇന്ന് കേസ് പരിഗണിച്ചപ്പോള്‍ പീഡനത്തിന് ഇരയായ യുവതിയോട് ഹൈക്കോടതി നേരിട്ട് വിവരങ്ങള്‍ തേടി. തനിക്ക് പരാതിയില്ലെന്ന നിലപാട് യുവതി ഹൈക്കോടതിയില്‍ സ്വീകരിച്ചു.
ആരും തന്നെ ഇങ്ങനെ പറയാന്‍ നിര്‍ബന്ധിച്ചിട്ടില്ലെന്നും യുവതി കോടതിയോട് പറഞ്ഞു. കുടുംബ ബന്ധങ്ങളില്‍ പല പ്രശ്‌നങ്ങളും ഉണ്ടാകുമെന്നും എല്ലാത്തിലും ഇടപെടാന്‍ കോടതിക്ക് പരിമിതിയുണ്ടെന്നും വ്യക്തമാക്കിക്കൊണ്ടാണ് ഹൈക്കോടതി ഇരുവരെയും കൗണ്‍സിലിങിന് അയച്ചത്.
ഗുരുതര ആരോപണങ്ങളാണ് കേസിലുള്ളതെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നിലപാടെടുത്തു. സര്‍ക്കാര്‍ അഭിഭാഷകന്‍ റിപ്പോര്‍ട്ട് കോടതിയില്‍ വായിച്ചു കേള്‍പ്പിച്ചു. പരാതിക്കാരിയുടെ ശരീരത്തില്‍ മാരകമായ മുറിവുകള്‍ ഉണ്ടായിരുന്നുവെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. പരാതി ഉയര്‍ന്നു വന്നതോടെ രാഹുല്‍ ഒളിവില്‍ പോയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഈ സമയത്താണ് കുടുംബ ബന്ധങ്ങളിലെ എല്ലാ പ്രശ്‌നങ്ങളിലും ഇടപെടാനാവില്ലെന്ന് ഹൈക്കോടതി നിലപാടെടുത്തത്.
കൗണ്‍സിലിങ് റിപ്പോര്‍ട്ട് തൃപ്തികരമെങ്കില്‍ ഇരുവരെയും ഒരുമിച്ച് ജീവിക്കാന്‍ വിടുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. രണ്ട് പേരും ഒരുമിച്ച് ജീവിക്കുന്നതില്‍ സര്‍ക്കാര്‍ എതിരല്ലെന്ന് സര്‍ക്കാര്‍ അഭിഭാഷകനും വ്യക്തമാക്കി. ഹര്‍ജി ഈ മാസം 21 ന് വീണ്ടും പരിഗണിക്കാനായി മാറ്റി.