സ്മാർട്ടാവുകയാണ് റേഷൻ കടകൾ; പദ്ധതി ആദ്യം നടപ്പിലാക്കുക മേപ്പയ്യൂരിൽ


മേപ്പയ്യൂർ: ക്യു നിന്ന് അരിയും പഞ്ചസാരയും റേഷനിൽ വാങ്ങുന്ന റേഷൻ കട ഇനി പഴയ കഥ. നാട്ടിലെ റേഷൻ കടകൾ സ്മാർട്ടാവുകയാണ്. ബാങ്കിങ് സൗകര്യം, അക്ഷയകേന്ദ്രം, മാവേലി സ്റ്റോർ എന്നിവ ഒന്നിച്ചു ചേരുന്ന പുതിയ റേഷൻ കടകളാണ് ഇനിയെത്തുന്നത്. ജില്ലയിൽ പദ്ധതി ആദ്യം നടപ്പിലാവുക മേപ്പയ്യൂർ പഞ്ചായത്തിലെ ചെറുവണ്ണൂർ കാക്കരമുക്ക് റേഷൻകടയിലാണ്. മേയ് 20ന് ഉദ്ഘാടനം നടത്തും.

[ad1]

മാവേലി സ്റ്റോറുകൾവഴി നൽകുന്ന 13 ഇന സബ്സിഡി സാധനങ്ങളും മറ്റ് നിത്യോപയോഗസാധനങ്ങളും പുതുതായി ആരംഭിക്കുന്ന ഇ-റേഷൻ കടകളിലൂടെ വിൽക്കും. 5000 രൂപവരെയുള്ള പണമിടപാടുകൾ ഇവിടെ നടത്താൻ സാധിക്കും. മിൽമ ഉത്പന്നങ്ങളും അഞ്ച് കിലോവരുന്ന ചോട്ടു ഗ്യാസ് സിലിൻഡറും ഇവിടെനിന്ന് നൽകും.

[ad2]

രണ്ടുകിലോമീറ്റർ ചുറ്റളവിൽ ബാങ്കിങ് സൗകര്യം, അക്ഷയകേന്ദ്രം, മാവേലി സ്റ്റോർ എന്നിവ ഇല്ലാത്ത പ്രദേശങ്ങളിലാണ് ഈ പദ്ധതി നടപ്പിലാവുക.കോഴിക്കോട് ജില്ലയിൽ തിരഞ്ഞെടുത്ത 43 റേഷൻ കടകളാണ് ഇത്തരത്തിൽ മാറുക. സംസ്ഥാനത്തൊട്ടാകെ ആയിരത്തോളം റേഷൻകടകളും സ്മാർട്ട് റേഷൻ കടകളാവും. സംസ്ഥാന സർക്കാരിന്റെ ഒന്നാംവാർഷികാഘോഷത്തിന്റെ ഭാഗമായി നടത്തുന്ന നൂറുദിന പദ്ധതികളിലുൾപ്പെടുത്തിയാണ് ഇ റേഷൻ കടകൾ നടപ്പിലാവുന്നത്.

[ad-attitude]

റേഷൻകടകൾ സ്മാർട്ടാകുന്നതിന് സർക്കാരിന്റെ സാമ്പത്തിക സഹായവമുണ്ട്. ഏഴ് ശതമാനം പലിശനിരക്കിൽ രണ്ടുലക്ഷം രൂപവരെ പദ്ധതിക്കായി വായ്പ അനുവദിക്കും. കൃത്യമായി തിരിച്ചടയ്ക്കുന്നവരുടെ രണ്ട് ശതമാനം പലിശ സർക്കാർ വഹിക്കും. റേഷൻകട ഉടമയ്ക്ക് ജോലിയ്ക്കായി മറ്റൊരാളെകൂടി നിയമിക്കാനാവും.

റേഷൻകടകൾ സ്മാർട്ടാകുന്ന പദ്ധതിയെ വ്യാപാരികൾ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും പോർട്ടബിലിറ്റി സംവിധാനം നിലനിൽക്കുന്നതിനാൽ ഇവർക്ക് ആശങ്കയുണ്ട്.